- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ ഏഴ് ലോക്സഭാ സീറ്റിലും മൽസരിക്കാൻ കോൺഗ്രസ്; ഒന്നിച്ച് നിൽക്കാൻ താൽപ്പര്യമില്ലെങ്കിൽ മുന്നണിയുണ്ടാക്കുന്നതിൽ കാര്യമില്ലെന്ന് ആംആദ്മി പാർട്ടി; പക്വതയില്ലാത്ത രീതിയെന്ന് തിരിച്ചടിച്ച് ദീപക് ബാബരിയ; 'ഇന്ത്യ' മുന്നണിയിൽ കോൺഗ്രസ്- എഎപി പോരിന് തുടക്കം
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ രൂപീകരിച്ച 'ഇന്ത്യ' മുന്നണിയിൽ കോൺഗ്രസ്- എഎപി പോര് രൂക്ഷമാകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാന നേതൃത്വവുമായി കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ച നടത്തിയതിന് പിന്നാലെയാണ് 'ഇന്ത്യ' സഖ്യത്തിലെ ഭിന്നതയുടെ സൂചനകൾ പുറത്തുവന്നത്.
നാലുമണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രാഹുൽഗാന്ധി എന്നിവർ ഡൽഹിയിൽനിന്നുള്ള നേതാക്കളുമായി ആശയവിനിയമം നടത്തി. പി.സി.സി. പ്രസിഡന്റ് അനിൽ ചൗധരി, മുൻ കേന്ദ്രമന്ത്രി അജയ്മാക്കൻ, മുതിർന്ന നേതാക്കളായ ഹാരൂൺ യൂസഫ്, കൃഷ്ണ തീരഥ്, സന്ദീപ് ദീക്ഷിത് എന്നിവരടക്കമുള്ള 40ഓളം നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
വളരെ കാലമായി പരിഗണനയിലുള്ള പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ചർച്ചയിലുണ്ടായി എന്നാണ് റിപ്പോർട്ട്. അതേസമയം, ഡൽഹിയിൽ പാർട്ടിയെ നവീകരിക്കലാണ് പ്രധാന ലക്ഷ്യമെന്നും അതിൽ എല്ലാ നേതാക്കളുടേയും പ്രവർത്തകരുടേയും പങ്കാളിത്തം ആവശ്യമാണെന്നും യോഗത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ എക്സി(ട്വിറ്റർ)ൽ കുറിച്ചിരുന്നു.
എന്നാൽ യോഗത്തിനുശേഷം കോൺഗ്രസ് നേതാവ് അൽക ലാംബ നടത്തിയ പ്രതികരണമാണ് ഇന്ത്യ സഖ്യത്തിലെ ഭിന്നതയുടെ സൂചനകൾ നൽകുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴുസീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചുവെന്ന് യോഗത്തിൽ പങ്കെടുത്ത അൽക ലാംബ പ്രതികരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറാവാനും തിരഞ്ഞെടുപ്പിന് ബാക്കിയുള്ള ഏഴുമാസം, ഏഴുസീറ്റുകളിലും ഒരുക്കങ്ങൾ നടത്താനും നിർദേശിച്ചുവെന്നും അൽക ലാംബ പറഞ്ഞു. ഇതാണ് കോൺഗ്രസ് - എഎപി വാക്‌പോരിന് ഇടയാക്കിയത്.
ഡൽഹിയിൽ ഒന്നിച്ച് നിൽക്കാൻ താൽപ്പര്യമില്ലെങ്കിൽ ഇന്ത്യ മുന്നണിയുണ്ടാക്കുന്നതിൽ കാര്യമില്ലെന്ന് എഎപി വക്താവ് പ്രിയങ്ക കക്കാർ പറഞ്ഞു. വെറുതെ സമയം പാഴാക്കുന്നതാവും മുന്നണി രൂപീകരണമെന്നും കക്കാർ പറയുന്നു. ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പാർട്ടി വക്താവിന്റെ പ്രതികരണം വന്നിട്ടുള്ളത്.
അടുത്ത ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ച് പാർട്ടി ഉന്നത നേതൃത്വം തീരുമാനമെടുക്കുമെന്നും പ്രിയങ്ക കക്കാർ പറഞ്ഞു. അതേസമയം, ഡൽഹി നേതാവ് അൽക്ക ലാംബയെ തള്ളി എഐസിസി വക്താവ് ദീപക് ബാബരിയ രംഗത്തെത്തി. എഐസിസിയിൽ നടന്ന യോഗത്തിൽ 7 സീറ്റുകളിൽ മത്സരിക്കുന്നതിനെ കുറിച്ച് ചർച്ച നടന്നില്ലെന്ന് ദീപക് ബാബരിയ പറഞ്ഞു. ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങളിൽ പ്രതികരിക്കാൻ അൽക്കലാംബക്ക് അധികാരമില്ലെന്നും ദീപക് ബാബരിയ വിമർശിച്ചു. ഡൽഹിയിലെ 7 സീറ്റുകളിലും മത്സരിക്കാൻ നേതൃത്വം നിർദേശിച്ചെന്ന് അൽക്ക പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് ദീപക് ബാബരിയയുടെ പ്രതികരണം.
പിന്നാലെ ഡൽഹിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് ആംആദ്മി പാർട്ടി മന്ത്രി സൗരഭ് ഭരദ്വാജും രംഗത്തെത്തി. ഇത്തരം കാര്യങ്ങൾ പാർട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനിക്കുന്നതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. പാർട്ടിയും ഇന്ത്യ മുന്നണിയും ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൽഹിയിലെ എല്ലാ ലോക്‌സഭ സീറ്റുകളിലും ശക്തിവർധിപ്പിക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരുന്നു. ഡൽഹി നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് ചർച്ചക്കിടെയാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഇത് തിരിച്ചടിയാവുമെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ സഹകരണം ഇല്ലാത്ത സാഹചര്യവും ഉണ്ടായേക്കാമെന്ന് കോൺഗ്രസ് വിലയിരുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ വിമർശനമുൾപ്പെടെ വന്നത്.
പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിൽ 26 പാർട്ടികളാണുള്ളത്. കോൺഗ്രസും എഎപിയുമെല്ലാം ഇതിൽപ്പെടും. ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള പാർട്ടിയാണ് എഎപി. ഇവർ ഇന്ത്യയുടെ കഴിഞ്ഞ രണ്ട് യോഗങ്ങളിൽ സംബന്ധിച്ചിരുന്നു. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് ഇരുപാർട്ടികളുടെയും മുതിർന്ന നേതാക്കളുടെ നിലപാട്. ഇതിനിടെയാണ് സംസ്ഥാന നേതാക്കൾ വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
അതേസമയം, എഎപി നേതാക്കൾ കൂട്ടത്തോടെ പ്രതികരണം നടത്തുന്നതിനെതിരെ കോൺഗ്രസ് ഡൽഹി ഘടകത്തിന്റെ ചുമതലയുള്ള ദീപക് ബാബരിയ രംഗത്തുവന്നു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എഎപി നേതാക്കൾ പ്രതികരിക്കുന്നത് പക്വതയില്ലാത്ത രീതിയാണ്. സഖ്യം സംബന്ധിച്ചത് സുപ്രധാന തീരുമാനമാണ്. ഇക്കാര്യത്തിൽ മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി പ്രതികരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.




