ജയ്പുർ: വ്യോമസേന പൈലറ്റായിരിക്കുമ്പോൾ രാജേഷ് പൈലറ്റ് മിസോറമിൽ ബോംബ് വർഷിച്ചെന്ന ബിജെപിയുടെ ആരോപണത്തിൽ സച്ചിൻ പൈലറ്റിനെ അനുകൂലിച്ചും രാജേഷ് പൈലറ്റിനെ പ്രതിരോധിച്ചും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജേഷ് പൈലറ്റിനെ അധിക്ഷേപിക്കുന്നതിലൂടെ ബിജെപി. ഇന്ത്യൻ വ്യോമസേനയുടെ ത്യാഗങ്ങളെ തന്നെയാണ് അവമതിക്കുന്നതെന്ന് ഗെലോട്ട് എക്സി(ട്വിറ്ററിൽ) കുറിച്ചു.

വളരെക്കാലമായി രാജസ്ഥാനിൽ സച്ചിൻ പൈലറ്റും ഗെലോട്ട് രണ്ടുചേരിയിലാണെന്ന വാർത്തകൾ വരുന്നതിനിടെയാണ് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രതികരണം. അന്തരിച്ച കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റിനെതിരായ ആരോപണത്തെ പ്രതിരോധിക്കുന്നതിലൂടെ സച്ചിൻ പൈലറ്റിന് പിന്തുണയുമായാണ് ഗെലോട്ട് രംഗത്തെത്തുന്നത്.

'ഇന്ത്യൻ വ്യോമസേനയുടെ ധീരനായ പൈലറ്റായിരുന്നു കോൺഗ്രസ് നേതാവായ രാജേഷ് പൈലറ്റ്. അദ്ദേഹത്തെ അപമാനിക്കുന്നതിലൂടെ ബിജെപി. ഇന്ത്യൻ വ്യോമസേനയുടെ ത്യാഗങ്ങളെ തന്നെയാണ് അവമതിക്കുന്നത്. രാജ്യം മുഴുവൻ ഇതിനെ അപലപിക്കണം', ഗെലോട്ട് കുറിച്ചു.

വ്യോമസേന പൈലറ്റായിരിക്കുമ്പോൾ രാജേഷ് പൈലറ്റ് മിസോറമിൽ ബോംബ് വർഷിച്ചെന്ന ആരോപണവുമായി ബിജെപി. ഐ.ടി. സെൽ അധ്യക്ഷൻ അമിത് മാളവ്യ രംഗത്തെത്തിയിരുന്നു.1966 മാർച്ചിൽ മിസോറാം തലസ്ഥാനമായ ഐസ്വാളിൽ ബോംബ് വർഷിച്ച വ്യോമസേന വിമാനം പറത്തിയത് രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ആണെന്നായിരുന്നു മാളവ്യയുടെ ആരോപണം.

ഇരുവരും പിന്നീട് കോൺഗ്രസ് ടിക്കറ്റിൽ എംപിമാരാകുകയും മന്ത്രിമാരാകുകയും ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതിന്റെ ആദരവും പ്രതിഫലവുമായിട്ടമാണ് ഇന്ദിരാഗാന്ധി ഇരുവർക്കും രാഷ്ട്രീയത്തിൽ ഇടംനൽകിയതെന്നുമായിരുന്നു അമിത് മാളവ്യയുടെ ആരോപണം.

എന്നാൽ, ബിജെപിയുടെ ആരോപണത്തിലെ വസ്തുതകളും തീയതികളും തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് പൈലറ്റിന്റെ മകനും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായ സച്ചിൻ പൈലറ്റ് രംഗത്തെത്തിയിരുന്നു. വ്യോമസേന പൈലറ്റ് എന്ന നിലയിൽ പിതാവ് ബോംബുകൾ വർഷിച്ചിട്ടുണ്ട്. എന്നാൽ അത് 1971-ൽ ഇന്ത്യ-പാക് യുദ്ധ സമയത്ത് കിഴക്കൻ പാക്കിസ്ഥാനിലായിരുന്നു.

അല്ലാതെ നിങ്ങൾ അവകാശപ്പെടുന്നതുപോലെ മിസോറാമിലല്ല. 1966 മാർച്ച് അഞ്ചിന് മിസോറാമിൽ ബോംബ് വർഷിച്ചുവെന്നാണ് നിങ്ങൾ പറയുന്നത്. 1966 ഒക്ടോബർ 29-നാണ് പിതാവ് രാജേഷ് പൈലറ്റ് വ്യോമസേനയിൽ ചേർന്നതെന്ന് അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റും പുറത്തുവിട്ടുകൊണ്ട് സച്ചിൻ പൈലറ്റ് ട്വിറ്ററിൽ കുറിച്ചിരുന്നു.

1966-ൽ മിസോറാമിൽ ഇന്ത്യൻ വ്യോമസേനയെ ഉപയോഗിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി മോദി വിമർശിച്ചിരുന്നു. സച്ചിനും ഗെലോട്ടും തമ്മിലുള്ള പോര് അവസാനിപ്പിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന് പിന്തുണയുമായി ഗെലോട്ട് രംഗത്തെത്തുന്നത്. രാജസ്ഥാൻ കോൺഗ്രസിൽ മഞ്ഞുരുകിയെന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നത്.