മുംബൈ: എൻ.സി.പി. പിളർന്നിട്ടില്ലെന്നും അജിത് പവാർ തങ്ങളുടെ നേതാവാണെന്നതിൽ തർക്കമില്ലെന്നും പാർട്ടി അധ്യക്ഷൻ ശരദ് പവാർ. ബിജെപി ക്യാംപിലെത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിനോട് തർക്കങ്ങളില്ലെന്നും ഇപ്പോഴും അദ്ദേഹം ഞങ്ങളുടെ നേതാവാണെന്നും പവാർ പറഞ്ഞു. പാർട്ടിയിലെ ചിലർ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളർപ്പെന്ന് പറയാൻ പറ്റില്ല. ജനാധിപത്യത്തിൽ അവർക്ക് അങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്നും പവാർ വ്യക്തമാക്കി.

''അജിത് പവാർ ഞങ്ങളുടെ നേതാവാണ്, അതിലൊരു തർക്കവുമില്ല. എൻസിപിയിൽ യാതൊരു വിള്ളലുമില്ല. എങ്ങനെയാണു പാർട്ടിയിൽ വിള്ളലുണ്ടാവുക? ദേശീയ തലത്തിൽ പാർട്ടിയിലെ വലിയൊരു വിഭാഗം വേർപെട്ടു പോകുമ്പോഴാണ് അങ്ങനെ സംഭവിക്കുക. ഇന്ന് എൻസിപിയിൽ അത്തരമൊരു സാഹചര്യമില്ല. ശരിയാണ്, ചില നേതാക്കൾ വ്യത്യസ്ത നിലപാട് എടുക്കുന്നുണ്ട്. പക്ഷേ, അതിനെ വിഭജനമെന്നു വിളിക്കാനാവില്ല. ജനാധിപത്യത്തിൽ അങ്ങനെ അവർക്ക് ചെയ്യാനാകും'' വാർത്താ ഏജൻസിയായ എഎൻഐയോടു പവാർ പറഞ്ഞു.

പിളർപ്പിന് ശേഷം വിമത വിഭാഗവുമായി ശരദ് പവാർ ആശയവിനിമയം പുലർത്തുന്നതിൽ മഹാവികാസ് അഘാഡി സഖ്യം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടയിലാണ് അജിത് പവാറിനെയും കൂട്ടാളികളേയും തള്ളാതെയുള്ള പവാറിന്റെ പുതിയ പ്രസ്താവന.

നേരത്തേ എൻ.സി.പി.യിൽനിന്നുള്ള ഒരു വിഭാഗം അജിത് പവാറിന്റെ നേതൃത്വത്തിൽ ബിജെപി.ക്കൊപ്പം പോയിരുന്നു. ഇതുപ്രകാരം അജിത് പവാറിന് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി പദം നൽകി. എന്നാൽ ഇത് ഇ.ഡി.യെ വെച്ച് അന്വേഷണം നടത്തുമെന്ന് ഭയപ്പെടുത്തിക്കൊണ്ടാണ് സാധ്യമാക്കിയതെന്ന് നേരത്തേ ശരദ് പവാർ ആരോപിച്ചിരുന്നു.

എൻസിപിയിലെ ചില നേതാക്കൾ ശിവസേന (ഏക്‌നാഥ് ഷിൻഡെ) ബിജെപി സഖ്യത്തിനൊപ്പം സംസ്ഥാന സർക്കാരിന്റെ ഭാഗമായത് ഇഡി അന്വേഷണം നേരിടാതിരിക്കാനാണെന്നു പവാർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പവാർ ബിജെപി നേതൃത്വത്തോട് അടുക്കുന്നതായുള്ള വാർത്തകൾക്കു പിന്നാലെയാണ് അജിത്തുമായി പ്രശ്‌നങ്ങളില്ലെന്നു വ്യക്തമാക്കിയത്. ശരദ് പവാറിന്റെ ചാഞ്ചാട്ടത്തിൽ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയിലും 'ഇന്ത്യ' പ്രതിപക്ഷ മുന്നണിയിലും ആശങ്കയും എതിർപ്പുമുണ്ട്.

അടുത്തിടെ അജിത് പവാർ പുണെയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശരദ് പവാറിന് കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തതായും വാർത്തകൾ വന്നിരുന്നു. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ യോഗം ഈ മാസം അവസാനം മുംബൈയിൽ നടക്കാനിരിക്കേ പവാർ രഹസ്യകൂടിക്കാഴ്ച നടത്തിയത് സഖ്യത്തിൽ മുറുമുറുപ്പുകൾക്കിടയായിക്കിയിട്ടുണ്ട്.