- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർനോൾഡ് ഷ്വാർസെനഗറിന്റെ ടെർമിനേറ്ററിന്റെ രൂപത്തിലുള്ള മോദിയുടെ ചിത്രത്തോടൊപ്പം '2024! ഞാൻ തിരിച്ചുവരും' എന്നും പോസ്റ്ററിന് പിന്നാലെ സുപ്രധാന തീരുമാനം; പാർലമെമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 18 മുതൽ 22 വരെ ചേരും; ഏക സിവിൽ കോഡ് വരുമോ? ലോക്സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ എന്ന ആഭ്യൂഹത്തിന് ശക്തി കൂടുമ്പോൾ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുമോ? അഭ്യൂഹങ്ങൾ ചർച്ചയാക്കി കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനവും. പാർലമെമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 18 മുതൽ 22 വരെ ചേരും. ഫലപ്രദമായ ചർച്ചകൾക്കായാണ് സമ്മേളനം ചേരുകയെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പാചക വാതക വില കേന്ദ്രം കഴിഞ്ഞ ദിവസം കുറച്ചിരുന്നു. ഇതും തിരഞ്ഞെടുപ്പിന്റെ വെളിച്ചത്തിലാണെന്ന അഭ്യൂഹം ശക്തമാണ്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ പരിപാടികൾ അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ വികസനത്തിൽ ഊന്നിയുള്ള ചർച്ചകൾ നടത്തുമെന്നാണ് വിശദീകരണം. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കിയേക്കുമെന്ന അഭ്യുഹങ്ങൾക്കിടെയാണ് പ്രത്യേക സമ്മേളനം വിളിക്കാനുള്ള തീരുമാനം. ഈ റിപ്പോർട്ടുകളിൽ ബിജെപിയോ കേന്ദ്ര സർക്കാരോ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രധാനപ്പെട്ട ബില്ല് അവതരിപ്പിക്കുകയും അതിന്മേൽ ചർച്ച നടത്തുകയുമാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്നും അഭ്യൂഹങ്ങൾ ശക്തമാണ്. ഏകീകൃത സിവിൽ കോഡ് അടക്കം പല വിഷയങ്ങളും പാർലമെന്റിൽ എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.
അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് ശേഷമാകും പാർലമെന്റ് ചേരുക. ഉച്ചകോടിയിലെ തീരുമാനങ്ങൾ അടക്കം സമ്മേളനത്തിൽ ചർച്ചയായേക്കും. വർഷകാല സമ്മേളനം വിളിച്ചു ചേർത്തെങ്കിലും ഭൂരിഭാഗം ദിവസങ്ങളിലും മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ ഇരുസഭകളും മുങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേഗത്തിലാക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു. ഈയിടെ പുറത്തു വന്ന സർവ്വേകളിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനും മുൻതൂക്കം കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതെന്ന അഭ്യൂഹം ശക്തമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന ചർച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമാണ് മുമ്പോട്ട് വയ്ക്കുന്നത്. 'ഇന്ത്യ' പ്രതിപക്ഷ ഐക്യനിരയെ ഭയന്നാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ശ്രമമെന്ന് ഇവർ പറയുന്നു. അതായത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ പൊതു തിരഞ്ഞെടുപ്പും. കേന്ദ്ര സർക്കാർ ആഗ്രഹിച്ചാൽ അത് നടപ്പാക്കാവുന്നതേയുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാകും നിർണ്ണായകം.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു പിന്നാലെയാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള സാധ്യത നിതീഷ് കുമാറും ചൂണ്ടിക്കാട്ടിയത്. തിരഞ്ഞെടുപ്പ് നേരത്തെ നടത്താനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് നിതീഷ് കുമാർ മുൻപും ആരോപിച്ചിരുന്നു. 'ലോക്സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തും; ഹെലികോപ്റ്ററുകൾ മുഴുവൻ ബിജെപി ബുക്ക് ചെയ്തു'-ഇതായിരുന്നു മമതയുടെ വിശദീകരണത്തിലെ കാതൽ. ഈ സാഹചര്യത്തിൽ പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യയും' അതിവേഗ തീരുമാനങ്ങളിലേക്ക് കടക്കും.
2014 മേയിലാണ് മോദി ആദ്യം പ്രധാനമന്ത്രിയാകുന്നത്. അഞ്ചു കൊല്ലത്തിന് ശേഷം 2019ലെ മേയിലും ബിജെപി ഭൂരിപക്ഷം നേടി. അതുകൊണ്ട് തന്നെ അടുത്ത മെയ് വരെ അവർക്ക് ഭരണത്തിൽ തുടരാം. എട്ടു മാസം കാലവാധി ബാക്കിയുണ്ട്. എന്നാൽ അതിൽ നാല് മാസം ബിജെപി വേണ്ടെന്ന് വയ്ക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. രാജ്യത്തിന് ആകെ ഒരു സമയം ഇലക്ഷൻ എന്ന മുദ്രാവാക്യവും ബിജെപി ഉയർത്തുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങൾക്കൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പും നടത്തി ഈ വാദം കൂടുതൽ ചർച്ചകളിൽ എത്തിക്കാനും ബിജെപി ശ്രമിക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് പ്രതിപക്ഷവും നേരത്തെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കരുനീക്കങ്ങൾ ശക്തമാകുമ്പോൾ ബിജെപിക്ക് ആശ്വസിക്കാൻ വകനൽകി ആഗോള സർവേ ഫലം പുറത്തു വന്നിരുന്നു. ഇന്ത്യക്കാരിൽ 80 ശതമാനം പേരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ടാണ് പുറത്തുവന്നത്. പ്യൂ റിസേർച്ച് സെന്റർ പുറത്തുവിട്ട സർവേയിലാണ് ഇക്കാര്യമുള്ളത്.
അടുത്ത കാലത്തായി ഇന്ത്യ കൂടുതൽ സ്വാധീനശക്തിയായി വളർന്നുവെന്ന് പത്തിൽ ഏഴ് ഇന്ത്യക്കാർ വിശ്വസിക്കുന്നുവെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ഈ സർവേ പൊതുരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിജെപിക്ക് ഏറെ കരുത്തു പകരുന്നതാണ്. ജി- 20 ഉച്ചകോടിക്ക് മുന്നോടിയായാണ് പ്യൂ റിസേർച്ച് സെന്റർ റിപ്പോർട്ട് പുറത്തുവിട്ടത്. സർവേയിൽ പങ്കെടുത്ത 46 ശതമാനംപേർ ആഗോളതലത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായി ചിന്തിക്കുമ്പോൾ 34 ശതമാനം പേർ എതിരായി ചിന്തിക്കുന്നു. 16 ശതമാനംപേർ പ്രതികരിക്കാൻ തയ്യാറായില്ല. ഏറ്റവും കൂടുതൽ ഇന്ത്യയ്ക്ക് അനുകൂലമായ പ്രതികരണം ഉണ്ടായത് ഇസ്രയേലിൽനിന്നാണ്- 71 ശതമാനം.
ഫെബ്രുവരി 20 മുതൽ മെയ് 22 വരെയുള്ള കാലത്താണ് സർവേ നടത്തിയത്. ഇന്ത്യയിൽനിന്ന് 2,611 പേരടക്കം 24 രാജ്യങ്ങളിൽനിന്നായി 30,861 പേർ സർവേയിൽ പങ്കാളികളായി. സർവേയിൽ പങ്കെടുത്ത പത്തിൽ എട്ടുപേർ പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി ചിന്തിക്കുമ്പോൾ, ഇതിൽ 55% പേർ അദ്ദേഹത്തെ വളരേയധികം പിന്തുണയ്ക്കുന്നു. അഞ്ചിൽ ഒരാൾ മാത്രമാണ് മോദിക്കെതിരായി അഭിപ്രായം രേഖപ്പെടുത്തിയത്.
സർവേയിൽ പങ്കെടുത്ത 49 ശതമാനം ഇന്ത്യക്കാർ അമേരിക്കയുടെ സ്വാധീനം വർധിക്കുന്നതായി രേഖപ്പെടുത്തി. 41 ശതമാനം പേർ റഷ്യയുടെ സ്വാധീനം വർധിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് സർവേയോട് ബിജെപി. പ്രതികരിച്ചു. ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരുന്നതായി ഇന്ത്യയിലേയും ലോകത്തേയും ഭൂരിപക്ഷം കരുതുന്നതായി എക്‌സ് (ട്വിറ്റർ) പോസ്റ്റിൽ അവർ അവകാശപ്പെട്ടു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹോളിവുഡ് ചിത്രമായ ടെർമിനേറ്ററിലെ കഥാപാത്രമാക്കി ബിജെപിയുടെ പോസ്റ്റർ അടക്കം സൈബറിടങ്ങലിൽ പുറത്തുവന്നിട്ടുണ്ട്. എക്സിലെ (ട്വിറ്റർ) തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ബിജെപി പോസ്റ്റർ പങ്കുവെച്ചത്. പ്രശസ്ത ഹോളിവുഡ് താരം ആർനോൾഡ് ഷ്വാർസെനഗർ അവതരിപ്പിച്ച ടെർമിനേറ്ററിന്റെ രൂപത്തിലുള്ള മോദിയുടെ ചിത്രത്തോടൊപ്പം '2024! ഞാൻ തിരിച്ചുവരും' എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.




