ന്യൂഡൽഹി: വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ (ഇന്ത്യ) പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 14 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സമിതിക്ക് കൺവീനർ ഇല്ല. ഗാന്ധി കുടുംബത്തിൽ നിന്നും സിപിഎമ്മിൽ നിന്നും അംഗങ്ങളില്ല. ശരദ് പവാറാണ് കമ്മിറ്റിയിലെ മുതിർന്ന നേതാവ്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് കെ സി വേണുഗോപാലാണ് സമിതിയിലുള്ളത്. തമ്മിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും തേജസ്വി യാദവും ഒമർ അബ്ദുള്ളയും ഡി രാജയും സമിതിയിലുണ്ട്.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റാവുത്ത്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ, സമാജ്‌വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ, ജെഡിയുവിന്റെ ലല്ലൻ സിങ്, നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പിഡിപിയുടെ മെഫ്ബൂബ മുഫ്തി എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഈ 14 അംഗ കമ്മിറ്റി ഇന്ത്യ മുന്നണിയുടെ ഉന്നതാധികാര സമിതിയായി പ്രവർത്തിക്കും. നിലവിൽ കൺവീനർ ഇല്ല, കൺവീനർ വേണമോ എന്ന കാര്യത്തിൽ ചർച്ച നടത്തുമെന്നും മുന്നണി വൃത്തങ്ങൾ അറിയിച്ചു. മുന്നണിയുടെ ലോഗോ പീന്നീട് പ്രകാശനം ചെയ്യും. സെപ്റ്റംബർ 30 ഓടെ സീറ്റ് വിഭജനം കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്നാണ് വിവരം.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ ഇന്ത്യ മുന്നണി പ്രമേയം പാസാക്കി. കഴിയുന്നത്ര സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കും. സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കും. ജനകീയ വിഷയം ഉയർത്തി രാജ്യമാകെ റാലി നടത്തുമെന്നും ഇന്ത്യ സഖ്യം അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ മംബൈയിൽ ചേർന്ന മൂന്നാം യോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30 നകം പൂർത്തിയാക്കാനാണ് ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിലാക്കാനാണ് തീരുമാനം.

അതേ സമയം 'ഇന്ത്യ' മുന്നണിയുടെ ലോഗോ പ്രകാശനം താത്ക്കാലികമായി മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. പ്രതിപക്ഷ പാർട്ടികളിലെ ചില നേതാക്കൾക്ക് ലോഗോയുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളുണ്ടെന്നും അന്തിമമാക്കുന്നതിന് മുമ്പ് അവ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ആതിഥേയനായ ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവുത്തും കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവ് വിജയ് വാഡേത്തിവാറും മാധ്യമങ്ങളോട് പറഞ്ഞു.

'ഇന്ത്യ' സഖ്യത്തിന്റെ മൂന്നാമത് യോഗം വെള്ളിയാഴ്ച രാവിലെ മുംബൈയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ചിരുന്നു. ആദ്യ രണ്ട് യോഗങ്ങൾ പട്‌നയിലും ബെംഗളൂരുവിലും നടന്നിരുന്നു. കൂട്ടായ്മയിലെ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള സഹകരണത്തിനുള്ള ഘടന വികസിപ്പിക്കുക, പൊതുമിനിമം പരിപാടി രൂപവത്കരണം, പ്രതിപക്ഷത്തെ പ്രധാന പാർട്ടികളുടെ ഏകോപന സമിതി രൂപീകരിക്കുക എന്നിവയെകുറിച്ചെല്ലാം സമ്മേളനത്തിൽ ചർച്ച നടക്കും.

ഏകോപന സമിതികൾ രൂപീകരിക്കുന്നതും കൺവീനറെ നിയമിക്കുന്നതും സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ പറഞ്ഞു. വ്യാഴാഴ്ച ഹോട്ടലിൽ ചേർന്ന സഖ്യകക്ഷികളുടെ അനൗപചാരിക യോഗത്തിൽ, ഭൂരിപക്ഷം നേതാക്കളും ദേശീയ തലത്തിൽ സീറ്റ് വിഭജനം ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എത്രയും വേഗം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചിരുന്നു.