- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒരുമിച്ച് മത്സരിക്കും; ഇന്ത്യാ മുന്നണി ഒരുമിച്ച് നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താമെന്ന് രാഹുൽ ഗാന്ധി; സീറ്റ് വിഭജനം പെട്ടെന്ന് തീർക്കാൻ ധാരണ; 'ഇന്ത്യ' നേതൃനിരയിൽ അഞ്ച് മലയാളികൾ; ഏകോപനസമിതിയിൽ കെ.സി വേണുഗോപാൽ
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പറ്റാവുന്നിടത്തോളം സീറ്റുകളിൽ മുന്നണിയുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ മുംബൈയിൽ ചേർന്ന ഇന്ത്യാ മുന്നണി യോഗത്തിൽ തീരുമാനം. സീറ്റ് വിഭജന അടക്കമുള്ള ചർച്ച ഉടനെ പൂർത്തിയാക്കും. മുന്നണിയെ നയിക്കാൻ 14 അംഗ ഏകോപന സമിതിയെ നിയോഗിച്ചു. നിലവിൽ സമിതിക്ക് കൺവീനർ ഇല്ല. സമിതിയിലേക്കുള്ള സിപിഎം നേതാവിന്റെ പേര് പ്രഖ്യാപിച്ചിട്ടുമില്ല.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ പ്രമേയം പാസാക്കി. കഴിയുന്നത്ര സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കും. സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കും. ഇന്ത്യ സഖ്യത്തിന്റെ മംബൈയിൽ ചേർന്ന മൂന്നാം യോഗത്തിലാണ് തീരുമാനം.'ജുഡേഗ ഭാരത്, ജീതേഗ ഇന്ത്യ'(ഒരുമിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്നതാകും പ്രചാരണ മുദ്രേവാക്യം
14 അംഗ ഏകോപന സമിതിയിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരുമില്ല. കെസി വേണുഗോപാലാണ് കോൺഗ്രസ് പ്രതിനിധി. ശരദ് പവാർ , സഞ്ജയ് റാവത്ത് , തേജസ്വി യാദവ് തുടങ്ങി മറ്റ് പ്രധാനപ്പെട്ട നേതാക്കൾ പലരും പട്ടികയിൽ ഉണ്ട്. സിപിഐയിൽ നിന്ന് ഡി രാജ അംഗമാണ്. സിപിഎമ്മിൽ നിന്നുള്ള അംഗത്തിന്റെ പേര് പിന്നീട് തീരുമാനിക്കും.
കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഏകോപന സമിതിയിലില്ല. മുന്നണിയുടെ പ്രചാരണത്തിനും മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും ഇടപെടലിനും ഗവേണഷത്തിനുമായി നാല് കമ്മറ്റികൾ കൂടി രൂപീകരിച്ചു. പ്രചാരണ കമ്മറ്റിയിൽ കേരളത്തിൽ നിന്ന് ജോസ് കെ മാണി, എൻകെ പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ജി ദേവരാജൻ എന്നിവരുണ്ട്.
ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ ഒരുമിച്ച് നിന്നാൽ ബിജെപിയെ അനായാസം പരാജയപ്പെടുത്താമെന്നാണ് രാഹുൽ ഗാന്ധി യോഗത്തിന് ശേഷം പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാവുമെന്ന സൂചന പരിഗണിച്ചാണ് സീറ്റ് വിഭജനം പെട്ടെന്ന് തീർക്കാൻ മുന്നണിയിൽ ധാരണയായത്. ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി രാജ്യവ്യാപകമായി റാലികൾ നടത്താനും യോഗം തീരുമാനിച്ചു.
'ഇന്ത്യ' മുന്നണി 14 അംഗ ഏകോപനസമിതിക്ക് പുറമേ മറ്റ് ആറു കമ്മിറ്റികൾ കൂടി പ്രഖ്യാപിച്ചു. പ്രചാരണസമിതി, സോഷ്യൽ മീഡിയ വർക്കിങ് കമ്മിറ്റി, മീഡിയ വർക്കിങ് കമ്മിറ്റി, റിസേർച്ച് വർക്കിങ് കമ്മിറ്റി എന്നിവയാണ് പ്രഖ്യാപിച്ചത്. മുംബൈയിൽനടന്ന സഖ്യത്തിന്റെ യോഗത്തിനുശേഷം പ്രഖ്യാപിച്ച സമിതികളിൽ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
14 അംഗ ഏകോപനസമിതിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉണ്ടാവുമെന്ന് നേരത്തെ വ്യക്തമായിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇത് സ്ഥിരീകരിച്ചു. 19 അംഗം പ്രചാരണ കമ്മിറ്റിയിൽ എൻ.സി.പി. നേതാവ് പി.സി. ചാക്കോ, സിപിഐ. നേതാവ് ബിനോയ് വിശ്വം, ആർ.എസ്‌പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ, കേരള കോൺഗ്രസ് എം. നേതാവ് ജോസ് കെ. മാണി എന്നിവർ അംഗങ്ങളാണ്.
ഇവരെക്കൂടാതെ മുസ്ലിം ലീഗ് പ്രതിനിധിയായി കെ.എം. ഖാദർ മൊയ്തീനും സിപിഎം. പ്രതിനിധിയായി അരുൺ കുമാറും സമിതിയിലുണ്ട്. തൃണമൂൽ കോൺഗ്രസ് പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. ഗുർദീപ് സിങ് സപ്പൽ (കോൺഗ്രസ്), സഞ്ജയ് ഝാ (ജെ.ഡി.യു.), അനിൽദേശായി (ശിവസേന), ചംപായി സോറൻ (ജെ.എം.എം.), കിരൺമോയ് നന്ദ (എസ്‌പി.), സഞ്ജയ് സിങ് (എ.എ.പി.), ജസ്റ്റിസ്. ഹസ്നൈൻ മസൂദി (നാഷണൽ കോൺഫറൻസ്), ഷാഹിദ് സിദ്ദിഖി (ആർ.എൽ.ഡി.), രവി റായ് (സിപിഐ.എം.എൽ.), തിരുമണവാളൻ (വി സി.കെ.) എന്നിവരാണ് മറ്റംഗങ്ങൾ.
സാമൂഹിക മാധ്യമ വർക്കിങ് ഗ്രൂപ്പിൽ 12 അംഗങ്ങളാണുള്ളത്. സുപ്രിയ ശ്രീനേത് (കോൺഗ്രസ്), സുമിത് ശർമ (ആർ.ജെ.ഡി.), ആശിഷ് യാദവ് (എസ്‌പി.), രാജീവ് നിഗം (എസ്‌പി.), രാഘവ് ഛദ്ദ (എ.എ.പി.), അവിന്ദാനി (ജെ.എം.എം.), ഇൽതിജ മെഹബൂബ് (പി.ഡി.പി.), പ്രഞ്ചൽ (സിപിഎം.), ബാലചന്ദ്ര കാംഗോ (സിപിഐ.), ഇഫ്ര ജാൻ (നാഷണൽ കോൺഫറൻസ്), വി. അരുൺകുമാർ (സിപിഐ.എം.എൽ.) എന്നിവരാണ് അംഗങ്ങൾ. തൃണമൂൽ പ്രതിനിധിയെ പിന്നീട് തീരുമാനിക്കും.
19 അംഗ മാധ്യമ വർക്കിങ് ഗ്രൂപ്പിലും തൃണമൂൽ പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കും. ജയറാം രമേശ്, മനോജ് ഝാ, അരവിന്ദ് സാവന്ത്, ജിതേന്ദ്ര അവാഡ്, രാഘവ് ഛദ്ദ, രാജീവ് രഞ്ജൻ, പ്രഞ്ചൽ, ആശിഷ് യാദവ്, സുപ്രിയോ ഭട്ടാചാര്യ, അലോക് കുമാർ, മനിഷ്‌കുമാർ, രാജീവ് നിഗം, ബാലചന്ദ്ര കാംഗോ, തൻവീർ സാദിഖ്, പ്രശാന്ത് കനോജിയ, നരേൻ ചാറ്റർജി, സുചേത ദേ, മോഹിത് ഭാൻ എന്നിവർ അംഗങ്ങളാണ്.
11 അംഗ റിസേർച്ച് ഗ്രൂപ്പിലും തൃണമൂൽ പ്രതിനിധി ഇപ്പോഴില്ല. അമിതാഭ് ദുബേ, സുബോധ് മെഹ്ത, പ്രിയങ്ക ചതുർവേദി, വന്ദന ചവാൻ, കെ.സി. ത്യാഗി, സുദിവ്യ കുമാർ സോനു, ജാസ്മിൻ ഷാ, അലോക് രഞ്ജൻ, ഇമ്രാൻ നബി ധർ, ആദിത്യ എന്നിവരാണ് അംഗങ്ങൾ.




