- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ സനാതന ധർമത്തെ മാത്രമാണ് വിമർശിച്ചത്; വാക്കുകൾ വളച്ചൊടിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ് ബിജെപി; എന്തുനടപടിയും നേരിടാൻ തയ്യാർ; കോൺഗ്രസ് മുക്തഭാരതമെന്ന് മോദി പറയുന്നത് കോൺഗ്രസുകാരെ കൊല്ലണമെന്ന അർത്ഥത്തിലോ?' പരാമർശത്തിലുറച്ച് ഉദയനിധി സ്റ്റാലിൻ
ചെന്നൈ: സനാതന ധർമത്തെക്കുറിച്ചുള്ള തന്റെ പരാമർശം ബിജെപി വളച്ചൊടിക്കുകയാണെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും എന്ത് നിയമ നടപടി നേരിടാനും തയ്യാറാണെന്നും തമിഴ്‌നാട് യുവജനക്ഷേമ, കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന പരാമർശമാണ് വിവാദമായത്.
'ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും. ഞാൻ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്‌തെന്ന് പറയുന്നത് ബാലിശമാണ്. ചിലർ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനർത്ഥം ഡിഎംകെക്കാരെ കൊല്ലണം എന്നാണോ? കോൺഗ്രസ് മുക്ത് ഭാരത് എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണം എന്നാണോ?'- ഉദയനിധി സ്റ്റാലിൻ ചോദിച്ചു.
സനാതന ധർമത്തേക്കുറിച്ച് ഡി.എം.കെ. നേതാവും തമിഴ്‌നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവന രാജ്യത്ത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഉദയനിധിക്കും ഡി.എം.കെയ്ക്കും എതിരേ രൂക്ഷവിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഇതിനിടെ, ഉദയനിധിയുടെ പരാമർശത്തിനെതിരേ ഡൽഹി പൊലീസ് കമ്മീഷണർക്ക് ഡൽഹിയിലെ അഭിഭാഷകൻ പരാതി നൽകിയിട്ടുണ്ട്.
ശനിയാഴ്ച ചെന്നൈയിൽ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമർശം. ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മ ഉൾപ്പെടെയുള്ളവർ വേദിയിലുണ്ടായിരുന്നു- 'ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമ്മാർജനം ചെയ്യാനേ കഴിയൂ. അങ്ങനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിർമ്മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്‌കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥം.'
പിന്നാലെ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വഴി പ്രചരിപ്പിച്ചു. ഉദയനിധി ഇന്ത്യയിലെ 80 ശതമാനം ജനങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു. ഡിഎംകെ എന്നത് പ്രതിപക്ഷത്തെ പ്രധാന കക്ഷിയാണെന്നും അവരുടെ അഭിപ്രായം തന്നെയാണോ കോൺഗ്രസിനെന്നും അമിത് മാളവ്യ ചോദിച്ചു.
പിന്നാലെ എക്‌സിൽ തന്നെ ഉദയനിധി മറുപടി നൽകി- 'സനാതന ധർമം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാൻ ഞാൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധർമം. സനാതന ധർമത്തെ വേരോടെ പിഴുതെറിയുക എന്നതിലൂടെ മാനവികതയും മാനുഷിക സമത്വവും ഉയർത്തിപ്പിടിക്കാണ് ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞ ഓരോ വാക്കിലും ഞാൻ ഉറച്ചു നിൽക്കുന്നു. സനാതന ധർമം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് ഞാൻ സംസാരിച്ചത്.'
എന്നാൽ ഉദയനിധിയുടെ പ്രസ്താവനയിൽ അത്ഭുതമില്ലെന്നും അഹങ്കാരികളായ പ്രതിപക്ഷത്തിന് ഭാരതത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. വോട്ട് ബാങ്കിന് വേണ്ടി സനാതന ധർമത്തെ അവർ അപമാനിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.
തന്റെ പരാമർശനത്തിന്റെ പേരിൽ എന്ത് നടപടിയുണ്ടായാലും നേരിടാൻ തയ്യാറാണെന്ന് ഉദയനിധി തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ സനാതന ധർമത്തെ മാത്രമാണ് വിമർശിച്ചത്. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നാണ് ഞാൻ പറഞ്ഞത്. ഇത് ഞാൻ ഇനിയും പറഞ്ഞുകൊണ്ടിരിക്കും. തന്റെ വാക്കുകൾ വളച്ചൊടിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ് ബിജെപിയെന്നും ഉദയനിധി പറഞ്ഞു. ഉദയനിധിയുടെ പരാമർശം വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്ന ബിജെപിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റത്തെ ബിജെപി ഭയപ്പെടുകയാണെന്നും അതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഞാൻ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തെന്നാണ് ചിലർ ഉന്നയിക്കുന്ന ബാലിശമായ ആരോപണം. ചിലർ ദ്രാവിഡത്തെ നശിപ്പിക്കണമെന്ന് പറയുന്നു. അതിന്റെ അർഥം ഡിഎംകെ പ്രവർത്തകരെ കൊല്ലണമെന്നാണോ? കോൺഗ്രസ് മുക്ത ഭാരതം എന്ന് പ്രധാനമന്ത്രി പറയുന്നതിന്റെ അർഥം കോൺഗ്രസുകാരെയെല്ലാം കൊല്ലണം എന്നാണോ? എന്താണ് സനാതന ധർമം? എല്ലാം സ്ഥിരമാണെന്നും ഒന്നും മാറാൻ പാടില്ലെന്നുമാണ് സനാതന ധർമം പറയുന്നത്. എന്നാൽ, മാറ്റങ്ങൾ ഉണ്ടാകണമെന്നും എല്ലാവരും തുല്യരാണെന്നുമാണ് ദ്രാവിഡ ആശയം പറയുന്നത്, ഉദയനിധി പറഞ്ഞു.
ഉദയനിധി സ്റ്റാലിൻ പറഞ്ഞത്:
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്സ്-ആർട്ടിസ്റ്റ് യൂണിയൻ ചെന്നൈയിൽ നടത്തിയ 'സനാതന ഒഴിപ്പു മാനാട്' എന്ന പരിപാടിയിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസംഗം. സനാതന ധർമം കേവലം എതിർക്കെപ്പെടേണ്ടതല്ലെന്നും പൂർണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദമായ പരാമർശം. 'ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അവ ഇല്ലാതാക്കാൻ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിർക്കാൻ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം', എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം.
സനാതനം എന്ന വാക്ക് സംസ്‌കൃതത്തിൽനിന്നാണ്. അത് സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണ്. എന്താണ് സനാതന ധർമം സ്ത്രീകളോട് ചെയ്തത്? വീടിന് പുറത്തിറങ്ങുന്നതിൽനിന്ന് അത് സ്ത്രീകളെ വിലക്കി, ഭർത്താവിന്റെ മരണത്തിനു ശേഷം സതി അനുഷ്ഠിക്കാനും തല മുണ്ഡനം ചെയ്യാനും വെള്ള സാരിയുടുക്കാനും നിർബന്ധിച്ചു. ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിച്ചു, ഉദയനിധി പറഞ്ഞു.
ബിജെപിയുടെ ഭാഗത്തുന്ന് രൂക്ഷ വിമർശനം ഉയർന്നതോടെ സാമൂഹ്യമാധ്യമത്തിലൂടെ ഉദയനിധി തന്റെ നിലപാട് വിശദീകരിച്ചു. സനാതന ധർമം പിന്തുടരുന്നവരെ വംശഹത്യ നടത്തണമെന്നാ താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കുന്ന ആശയമാണ് സനാതന ധർമം. അതിനെ വേരോടെ പിഴുതെറിയുക എന്നുപറഞ്ഞാൽ മാനുഷികതയെയും തുല്യതയെയും ഉയർത്തിപ്പിടിക്കുക എന്നാണ് അർഥം. സനാതന ധർമം മൂലം അടിച്ചമർത്തപ്പെടുകയും അരികുവൽകരിക്കപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്തിട്ടുള്ളവർക്കുവേണ്ടിയാണ് സംസാരിച്ചത്. സനാതന ധർമത്തേക്കുറിച്ചും സമൂഹത്തിൽ അതുണ്ടാക്കുന്ന മോശംസ്വാധീനത്തെ കുറിച്ചും ആഴത്തിലുള്ള ഗവേഷണം നടത്തിയ പെരിയാറിന്റെയും അംബേദ്കറിന്റെയും വിപുലമായ രചനകൾ വെച്ചുകൊണ്ട് ഏത് വേദിയിലും സംസാരിക്കാൻ താൻ തയ്യാറാണെന്നും ഉദയനിധി വ്യക്തമാക്കി.
വിമർശനവുമായി ബിജെപി
ഉദയനിധിയുടെ പരാമർശത്തിനെതിരേ അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ.പി നഡ്ഡ, മന്ത്രിമാരായ നിർമല സീതാരാമൻ, അനുരാഗ് താക്കൂർ തുടങ്ങിയവരടക്കം ബിജെപിയുടെ മുൻനിര നേതാക്കൾ രംഗത്തെത്തി. നമ്മുടെ പൈതൃകത്തിനെതിരായ ആക്രമണമാണ് ഉദയനിധിയുടെ പരാമർശമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഹിന്ദുത്വത്തെ വെറുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉദനനിധിയുടെ പരാമർശമെന്നും ഇന്ത്യ സംഖ്യത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന തന്ത്രത്തിന്റെയും ഭാഗമാണതെന്നും അമിത് ഷാ ആരോപിച്ചു.
ബിജെപി. ഐ.ടി. സെൽ കൺവീനർ അമിത് മാളവ്യയും ഉദയനിധിക്കെതിരേ രംഗത്തെത്തി. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന വിഭാഗത്തിന്റെ വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനംചെയ്തതെന്ന വാദമാണ് അമിത് മാളവ്യ ഉയർത്തിയത്. പ്രതിപക്ഷസഖ്യത്തിലെ പ്രധാന ഘടകകക്ഷിയും കോൺഗ്രസിന്റെ ദീർഘകാല സഖ്യകക്ഷിയുമാണ് ഡി.എം.കെ. മുംബൈയിലെ യോഗത്തിൽ അവർ എത്തിച്ചേർന്ന ധാരണ ഇതാണോയെന്ന് വ്യക്തമാക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.
വംശഹത്യക്കുവേണ്ടിയുള്ള ആഹ്വാനത്തിൽ കുറഞ്ഞ മറ്റൊന്നുമല്ല ഉദജയനിധി നടത്തിയതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാലയും ആരോപിച്ചു. ഇത് സനാതന വിരോധത്തിന്റെ ദീർഘകാലമായി തുടരുന്ന മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധിയുടെ അമ്മയെ ക്ഷേത്രത്തിൽ പോകുന്നതിൽനിന്ന് തടയാൻ ധൈര്യമുണ്ടോയെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ചോദിച്ചു. തനാതനധർമം കാലാതീതവും ശാശ്വതവുമാണെന്നും അദ്ദേഹം പറഞ്ഞു. മുഗളന്മാരും ഈസ്റ്റിന്ത്യാ കമ്പനിയും ക്രിസ്ത്യൻ മിഷണറിമാരും വിചാരിച്ചിട്ടും സനാതന ധർമത്തെ തൊടാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു..
അഭിഭാഷകനായ വിനീത് ജിൻഡാൽ എന്നയാളാണ് ഉദയനിധി സ്റ്റാലിനെതിരേ ഡൽഹി പൊലീസ് കമ്മീഷണർക്കും സൈബർ സെല്ലിനും പരാതി നൽകിയിരിക്കുന്നത്. വിദ്വേഷ പ്രസംഗമാണ് ഉദയനിധി നടത്തിയതെന്ന് കാട്ടിയാണ് പരാതി.




