ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ് വിന്ദർസിങ് സുഖു. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്ന് സുഖ് വിന്ദർസിങ് സുഖു വ്യക്തമാക്കി. അയോധ്യ വിവാദത്തിൽ കോൺഗ്രസ് നേതൃത്വം ഇരുട്ടിൽ തപ്പുമ്പോഴാണ് പ്രതിഷ്ഠാ ദിന ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ക്ഷണം ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ ചടങ്ങിലുണ്ടാകുമെന്ന് സുഖു വ്യക്തമാക്കി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിന്നുള്ള ആദ്യ പ്രതികരണമാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടേത്.

ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. എന്നാൽ ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും, ഭഗവാൻ ശ്രീരാമനാണ് വിശ്വാസത്തിന്റെ കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. ഭഗവാൻ ശ്രീരാമന്റെ പാതയാണ് തങ്ങൾ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത് സംബന്ധിച്ച് ഹിമാചൽ പ്രദേശ് മന്ത്രിയും കോൺഗ്രസ് നേതാവുമായ വിക്രമാദിത്യ സിംഗും പ്രതികരിച്ചു. ക്ഷേത്ര ട്രസ്റ്റിൽ നിന്നും വിഎച്ച്പിയിൽ നിന്നും ഞങ്ങൾക്ക് ക്ഷണം ലഭിച്ചെന്നും ഇതിൽ രാഷ്ട്രീയമല്ല നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസംസ്‌കൃതിയുമായി ചേർന്നുനിൽക്കുന്നതാണ് ഹിമാചൽ പ്രദേശെന്നും രാമക്ഷേത്ര പ്രസ്ഥാനത്തെ തന്റെ പിതാവ് അനുകൂലിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ഹിമാചലിൽ രാമക്ഷേത്രത്തിന് അനുകൂലമായ വലിയ വികാരമുണ്ട്. നേതൃത്വം മൗനം തുടരുമ്പോഴും മുഖ്യമന്ത്രി പ്രതികരിക്കാൻ നിർബന്ധിതനായത് ഈ പശ്ചാത്തലത്തിലാണ്. സുഖുവിന്റെ പ്രസ്താവനയോട് എഐസിസി നേതൃത്വം പ്രതികരിച്ചിട്ടില്ല. ഇതിനിടെ പ്രധാനമന്ത്രിയും ബിജെപിയും അയോധ്യയെ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം കടുക്കുമ്പോഴാണ് വിശ്വഹിന്ദു പരിഷത്തിന്റെയും രാമക്ഷേത്ര ഭാരവാഹികളുടെയും പ്രതിരോധം.

നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ആ നിലക്കാണ് അദ്ദേഹത്തിന് ക്ഷണം നൽകിയിരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റെ അലോക് കുമാർ വ്യക്തമാക്കി. പ്രധാനപാർട്ടികൾക്കെല്ലാം ക്ഷണം നൽകണമെന്നും ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്ത് ആഗ്രഹിക്കുന്നതെന്നും അലോക് കുമാർ പറഞ്ഞു.

ക്ഷണം കിട്ടിയിട്ടില്ലെന്ന ശിവസേനയുടെ പ്രതികരണത്തിന് രാമഭക്തർക്കാണ് ക്ഷണക്കത്ത് നൽകിയിരിക്കുന്നത് ക്ഷേത്രത്തിലെ മുഖ്യപൂജാരി സത്യേന്ദ്ര ദാസ് തിരിച്ചടിച്ചു. ശ്രീരാമനെ ബിജെപി ലോക് സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുമെന്ന ശിവസേനയുടെ പ്രതികരണം രാമനേയും രാമഭക്തരേയും അപമാനിക്കുന്നതാണെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പങ്കെടുക്കില്ലെന്ന വ്യക്തമാക്കിയതിന് പിന്നാലെ ക്ഷേത്രത്തിനെതിരായ പ്രചാരണം ആർജെഡി ബിഹാറിൽ തുടങ്ങി. ക്ഷേത്രമെന്നത് അന്ധ വിശ്വാസമാണെന്നും വിദ്വേഷത്തിന്റെ ഭൂമിയിലാണ് രാമക്ഷേത്രം ഉയരുന്നതെന്നും ആർജെഡി ബിഹാർ അധ്യക്ഷൻ ജഗദാനന്ദ് സിങ് ആവർത്തിച്ചു.