- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവസേനയിലെ അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയെ രണ്ടായി പിളർത്തി ഏകനാഥ് ഷിൻഡെ വിഭാഗം സർക്കാർ രൂപീകരിച്ചതിന് പിന്നാലെ രൂപംകൊണ്ട എംഎൽഎമാരുടെ അയോഗ്യതാ തർക്ക കേസിൽ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി. ഏകനാഥ് ഷിൻഡെ വിഭാഗത്തിലെ എംഎൽഎമാർ അയോഗ്യരല്ലെന്ന് സ്പീക്കർ രാഹുൽ നർവേക്കർ അറിയിച്ചു. 2022 ജൂണിലാണ് ശിവസേനയെ പിളർത്തി ഏകനാഥ് ഷിൻഡെ പക്ഷം ബിജെപി. ചേരിയിലേക്ക് കൂറുമാറിയതും സർക്കാർ രൂപീകരിച്ചതും. മഹാരാഷ്ട്ര രാഷ്ട്രീയം ഏറെ ഉറ്റുനോക്കിയ തീരുമാനമാണ് മാസങ്ങൾക്കൊടുവിൽ സ്പീക്കർ പ്രഖ്യാപിച്ചത്.
ഷിൻഡെയേയും 16 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന ആവശ്യം തള്ളിയ സ്പീക്കർ ഷിൻഡെ വിഭാഗമാണ് ഔദ്യോഗിക ശിവസേനയെന്നും വ്യക്തമാക്കി. ഉദ്ധവിനെ പാർട്ടിത്തലവനാക്കിയ 2018ലെ ബൈലോ ഭേദഗതി അംഗീകരിക്കാനാവില്ലെന്നും ആ വർഷം സംഘടനാ തിരഞ്ഞെടുപ്പു നടത്തിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിനൊടുവിലാണ് സ്പീക്കർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായി സ്പീക്കർ ഇക്കാര്യത്തിൽ കൂടിയാലോചന നടത്തിയിരുന്നു. 150 പേജുള്ള റിപ്പോർട്ടാണ് സ്പീക്കർ തയ്യറാക്കിയതെന്ന് നേരത്തെ വാർത്തകൾ പുറത്തെത്തിയിരുന്നു.
ഇരു പാർട്ടികളും (ശിവസേനയുടെ രണ്ട് വിഭാഗങ്ങൾ) തിരഞ്ഞെടുപ്പു കമ്മിഷന് സമർപ്പിച്ച ഭരണഘടനയിൽ സമവായമില്ല. നേതൃഘടനയിൽ ഇരുപാർട്ടികൾക്കും വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷമാണ് പ്രധാനം. തർക്കത്തിന് മുൻപ് നിലനിന്നിരുന്ന നേതൃത്വ ഘടന കണക്കിലെടുക്കുന്നു. 1999ലാണ് ഇതുസംബന്ധിച്ച വിവരം ഉൾപ്പെടുത്തിയ ഭരണഘടന തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചത്. ദേശീയ എക്‌സിക്യുട്ടീവാണ് പരമോന്നത സമിതിയെന്നാണ് ശിവസേനയുടെ ഭരണഘടനയിൽ പറയുന്നത്. ശിവസേന പ്രമുഖൻ എന്ന നിലയിൽ താക്കറെയുടെ താൽപര്യങ്ങളാണ് പാർട്ടിയുടെ താൽപര്യമെന്ന താക്കറെ വിഭാഗത്തിന്റെ അവകാശവാദം അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
സുപ്രീംകോടതി നേരത്തേ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കും സ്പീക്കർക്കുമെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ സ്പീക്കറുടെ തീരുമാനം ഷിൻഡെക്ക് എതിരെയാകാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. അയോഗ്യതയുമായി ബന്ധപ്പെട്ട് 34 പരാതികളാണു സ്പീക്കർക്കു മുന്നിലെത്തിയത്. ഇവയെ ആറായി തിരിച്ചാണു പരിഗണിച്ചത്. പരാതിക്കൊപ്പം 2.5 ലക്ഷം പേജുകൾ അടങ്ങിയ രേഖകളാണു ശിവസേന എംഎൽഎമാർ കൈമാറിയത്.
2018ൽ ഭേദഗതി ചെയ്ത പാർട്ടി ഭരണഘടന തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളിൽ ഇല്ലാത്തതിനാൽ സാധുതയുള്ളതായി കണക്കാക്കാനാകില്ലെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. രേഖകൾ അനുസരിച്ച് 1999-ലെ ഭരണഘടനയെ പ്രസക്തമായ ഭരണഘടനയായി കണക്കാക്കേണ്ടതുണ്ട്. നേതൃഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരു പാർട്ടികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ദേശീയ എക്‌സിക്യൂട്ടിവാണ് പരമോന്നത സമിതിയെന്നാണ് ശിവസേനയുടെ ഭരണഘടനയിൽ പറയുന്നത്. ശിവസേന പ്രമുഖൻ എന്ന നിലയിൽ താക്കറെയുടെ താത്പര്യങ്ങളാണ് പാർട്ടിയുടെ താത്പര്യമെന്ന താക്കറെ വിഭാഗത്തിന്റെ അവകാശവാദം അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
നേരത്തെ, വിഷയത്തിൽ തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശമനം ഉന്നയിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള നടപടികൾ സ്പീക്കർക്ക് അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കാനാകില്ലെന്നും കോടതി പുറപ്പെടുവിച്ച നിർദേശങ്ങളോട് ബഹുമാനം പുലർത്തണമെന്നും അന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
2022 ജൂണിൽ ശിവസേനയെ പിളർത്തി ഏക്‌നാഥ് ഷിൻഡെ പക്ഷം ബിജെപി. ചേരിയിലേക്ക് മാറിയതോടെ അദ്ദേഹത്തോടൊപ്പം പോയ എംഎൽഎ.മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് വിഭാഗം സ്പീക്കർക്ക് പരാതിനൽകിയിരുന്നു. എന്നാൽ അതിനിടയിൽ സർക്കാർ വീഴുകയും ഷിൻഡെ മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ എംഎൽഎ. മാരുടെ അയോഗ്യതാപ്രശ്നം സ്പീക്കർ രാഹുൽ നർവേക്കറുടെ മുന്നിലെത്തി. സ്പീക്കർ തീരുമാനം നീട്ടിക്കൊണ്ടു പോകുന്നതിനെതിരേ ഉദ്ധവ് വിഭാഗം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനിടെ സ്പീക്കർ രാഹുൽ നർവേക്കർ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി ചർച്ചനടത്തിയത് വിവാദത്തിലേക്ക് വഴിവച്ചിരുന്നു. വിധി പ്രസ്താവിക്കുന്നതിനുമുമ്പ് ജഡ്ജി, പ്രതിയെ കണ്ടതുപോലെയായി സ്പീക്കർ-മുഖ്യമന്ത്രി കൂടിക്കാഴ്ചയെന്ന് ശിവസേനാ നേതാവ് ഉദ്ധവ്താക്കറെ വിമർശിച്ചു. ശിവസേന പിളർത്തി ബിജെപി. ചേരിയിലേക്കുപോയ മുഖ്യമന്ത്രി ഷിൻഡെയെയും അദ്ദേഹത്തോടൊപ്പം വിമതരായി രംഗത്തുവന്ന 16 എംഎൽഎ.മാരെയും അയോഗ്യരാക്കുന്നത് സംബന്ധിച്ചാണ് സ്പീക്കർ ബുധനാഴ്ച തീരുമാനമെടുത്ത്. ഷിൻഡെ പക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കിയാലും സർക്കാർ നിലംപതിക്കില്ലെന്ന് അവർക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം, എൻസിപി പിളർത്തി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എംഎൽഎമാർ കൂടി ഭരണപക്ഷത്തെത്തിയതോടെ ഭൂരിപക്ഷം തികയ്ക്കാനുള്ള അംഗബലം ഭരണപക്ഷത്തിനുണ്ട്.
വിധി എതിരായാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പുകൾ ഇരുപക്ഷങ്ങളും നേരത്തെ തുടങ്ങിയിരുന്നു. വിധിപ്രഖ്യാപനത്തിനു മുൻപ് സ്പീക്കർ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ സന്ദർശിച്ചതിനെതിരെ ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. 'പ്രതിയെ ജഡ്ജി സന്ദർശിച്ചത്' എന്തു സന്ദേശമാണ് നൽകുന്നതെന്നും ഇത്തരം 'ജഡ്ജി'മാരിൽനിന്ന് എങ്ങനെയാണ് നീതി പ്രതീക്ഷിക്കാനാകുകയെന്നും ഇന്നലെ ഉദ്ധവ് പറഞ്ഞിരുന്നു. സ്പീക്കർ ബിജെപി എംഎൽഎ ആയതിനാൽ, 'നിയമപരമായ' വിധിയേക്കാൾ 'രാഷ്ട്രീയപരമായ' ഉത്തരവിനാണു സാധ്യതയെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനും പ്രതികരിച്ചു.