- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിറംമാറുന്നതിൽ ഓന്തിനു വെല്ലുവിളിയാണ് നിതീഷ് കുമാറെന്ന് കോൺഗ്രസ്; മാലിന്യം ഇപ്പോൾ മാലിന്യക്കുട്ടയിൽതന്നെ തിരിച്ചെത്തിയെന്ന് ലാലുവിന്റെ മകൾ; ബിഹാർ ജനത ഒരിക്കലും മാപ്പുനൽകില്ലെന്ന് പ്രതിപക്ഷ നേതാക്കൾ
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്ത് എൻഡിഎയിലേക്ക് ചേക്കേറിയ ജനതാദൾ (യു) നേതാവ് നിതീഷ് കുമാറിനും സംഘത്തിനുമെതിരെ കടുത്ത വിമർശനവും പരിഹാസവുമായി പ്രതിപക്ഷ നേതാക്കൾ. നിതീഷ് ഓന്തിനെപ്പോലെ നിറംമാറുന്നയാളാണെന്ന് പരിഹസിച്ച കോൺഗ്രസ് വഞ്ചനയ്ക്ക് ബിഹാറിലെ ജനം മാപ്പുനൽകില്ലെന്നും കുറ്റപ്പെടുത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജിൻ ഖാർഗെ, മുതിർന്ന നേതാവ് ജയറാം രമേശ് തുടങ്ങിയവരാണ് നിതീഷിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. കടുത്ത പരിഹാസവുമായി ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യയും രംഗത്തെത്തി. 'ഇടയ്ക്കിടെ രാഷ്ട്രീയസഖ്യങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്ന നിതീഷ് കുമാർ നിറംമാറുന്ന ഓന്തുകളുമായി കടുത്ത മത്സരത്തിലാണ്, ഈ വഞ്ചനയ്ക്ക് പിന്നിലുള്ള വിദഗ്ദ്ധർക്കും ബിഹാർ ജനത ഒരിക്കലും മാപ്പുനൽകില്ല' - കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
''ഭാരത് ജോഡോ ന്യായ് യാത്രയിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനായി ഒരു രാഷ്ട്രീയ നാടകം കളിക്കുകയാണ് നിതീഷ് കുമാർ ചെയ്തത്. വൈകാതെ തന്നെ യാത്ര ബിഹാറിലെത്തും. പ്രധാനമന്ത്രിയും ബിജെപിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ ഭയപ്പെടുകയാണ്. മുന്നോട്ടുള്ള യാത്രയിൽ സ്പീഡ് ബ്രേക്കറുകൾ സ്വാഭാവികമാണ്. നിതീഷിന്റെ രാജി ഒരു സ്പീഡ് ബ്രേക്കർ പോലെ മാത്രമേ കാണുന്നുള്ളൂ. ഡിഎംകെ, എൻസിപി, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരെല്ലാം ഒറ്റക്കെട്ടായി ബിജെപിയെ നേരിടും. രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റുന്ന നിതീഷ് നിറംമാറുന്നതിൽ ഓന്തുകൾക്ക് കടുത്ത വെല്ലുവിളിയാണ്'' ജയറാം രമേശ് പറഞ്ഞു.
രാജ്യത്തെ മറ്റനവധി ആയാ റാം-ഗയാ റാം നേതാക്കളെപ്പോലെയാണ് നിതീഷെന്ന കാര്യം തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രതികരണം. നിതീഷിന് തങ്ങളുടെ സഖ്യത്തിൽ തുടരാൻ താത്പര്യമുണ്ടായിരുന്നെങ്കിൽ തുടരുമായിരുന്നു. ലാലു പ്രസാദ് യാദവും തേജസ്വി യാദവും ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നതായും ഖാർഗെ കൂട്ടിച്ചേർത്തു.
''ഇന്ത്യ സഖ്യം തകരാതിരിക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് അറിഞ്ഞിട്ടും നിശബ്ദത പാലിച്ചത്. നിതീഷ് സഖ്യം വിടുന്നതിനെ കുറിച്ച് ലാലു പ്രസാദ് യാദവും തേജസ്വി യാദവും മുന്നറിയിപ്പു നൽകിയിരുന്നു. അത് യാഥാർഥ്യമായി'' ഖർഗെ പറഞ്ഞു.
നിതീഷിനേയും ബിജെപിയേയും പരിഹസിച്ചാണ് ലാലുവിന്റെ മകൾ രോഹിണി ആചാര്യ രംഗത്തെത്തിയത്. 'മാലിന്യം ഇപ്പോൾ മാലിന്യക്കുട്ടയിൽതന്നെ തിരിച്ചെത്തി, മാലിന്യക്കൂട്ടത്തിന് ദുർഗന്ധപൂരിതമായ മാലിന്യാശംസകൾ!', രോഹിണി കുറിച്ചു. അവസാനശ്വാസം വരെ സാമുദായിക വർഗീയ ശക്തികൾക്കെതിരെ പൊരുതുമെന്നും നിതീഷിന്റെ രാജിക്ക് മുമ്പ് രോഹിണി കുറിച്ചിരുന്നു.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്തിന് വിരാമമിട്ട് ഞായറാഴ്ച രാവിലെയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ബിജെപിയുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപവത്കരിക്കുമെന്ന പ്രഖ്യാപനവും നടത്തി. പിന്നാലെയാണ് അദ്ദേഹത്തിനെതിരായ വിമർശനം
നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേരുമെന്ന് മുൻപു തന്നെ അറിയാമായിരുന്നു എന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയും പ്രതികരിച്ചു. ''ഇന്ത്യ സഖ്യം തകരാതിരിക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് അറിഞ്ഞിട്ടും നിശബ്ദത പാലിച്ചത്. നിതീഷ് സഖ്യം വിടുന്നതിനെ കുറിച്ച് ലാലു പ്രസാദ് യാദവും തേജസ്വി യാദവും മുന്നറിയിപ്പു നൽകിയിരുന്നു. അത് യാഥാർഥ്യമായി'' ഖർഗെ കൂട്ടിച്ചേർത്തു.
ബിഹാറിൽ നടന്നതിൽ അദ്ഭുതപ്പെടാനൊന്നുമില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് താരിഖ് അൻവറിന്റെ പ്രതികരണം. ഒരാളെ വിവാഹം കഴിച്ച് മറ്റൊരാളുമായി ബന്ധം പുലർത്തുന്നതാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയമെന്നും താരിഖ് അൻവർ പരിഹസിച്ചു.
മറുനാടന് മലയാളി ബ്യൂറോ