- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനപ്രീതി കുറയുമ്പോഴും മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാർ
ന്യൂഡൽഹി: മുന്നണിമാറ്റവും നിലപാട് മാറ്റവും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് പുത്തരിയല്ല. നിതീഷ് കുമാറിനായുള്ള വാതിൽ എന്നന്നേക്കുമായി അടച്ചുവെന്നാണ് കഴിഞ്ഞവർഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. എൻ.ഡി.എ.യിലേക്ക് പോകുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ് നല്ലതെന്ന് അതേവർഷം തന്നെ നിതീഷും വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു വർഷത്തിനിപ്പുറം എൻഡിഎ ചേരിയിലേക്ക് യാതൊരു മടിയുമില്ലാതെ കടന്നു ചെന്നിരിക്കുകയാണ് നിതീഷ് കുമാർ. ഇത്തവണയും മുഖ്യമന്ത്രി കസേര കൈവിടില്ലെന്ന ഉറപ്പ് വാങ്ങിയാണ് മടക്കം.
1994ൽ പാർട്ടി രൂപീകരിച്ചതുമുതൽ ഇതുവരെ ഒൻപത് തവണയാണ് നിതീഷ് പാർട്ടിയും മുന്നണിയും മാറിയത്. 1994ൽ ലാലുപ്രസാദ് യാദവുമായി ഉടക്കി സമതാപാർട്ടി രൂപീകരിച്ചാണ് തുടക്കം. 1996ൽ എൻഡിഎ കൂട്ടുകെട്ടിലൂടെ വാജ്പേയി സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. പിന്നീട് 2000ൽ നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി. 2003ൽ ശരദ് യാദവിന്റെ ജനതാദളുമായി സമതാ പാർട്ടി ലയിച്ചു. പിന്നീട് 2010ൽ എൻഡിഎക്കൊപ്പം നിന്ന് മുഖ്യമന്ത്രിയായി. പിന്നീട് നാല് തവണകൂടി മുന്നണി മാറി. എന്നാൽ മുഖ്യമന്ത്രി കസേര ഉറപ്പിച്ചായിരുന്നു ഓരോ തവണയും മുന്നണി മാറിയത്.
മഹാഗഡ്ബന്ധൻ ഉപേക്ഷിച്ച് എൻഡിഎയിലേക്ക് ചേക്കേറി മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ പുതിയ നീക്കം ഞെട്ടലോടെയാണ് എൻഡിഎ വിരുദ്ധ കക്ഷികൾ കണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് ബിഹാറിൽ നിർണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റം. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വന്നതിന് ശേഷം മാത്രം നാല് തവണ നിതീഷ് കുമാർ മുന്നണി മാറി. എന്നാൽ ഓരോ മുന്നണിമാറ്റത്തിലും തന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാൻ നിതീഷ് കുമാർ പ്രത്യേകം ശ്രദ്ധിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യ പ്രതിപക്ഷ സഖ്യത്തിനെതിരെ ബിജെപി പ്രയോഗിച്ച വലിയ ആയുധമായിവേണം നിതീഷ് കുമാറിന്റെ മാറ്റത്തെ കാണാൻ. നിതീഷിന് മുന്നണിമാറ്റങ്ങൾ പുത്തരിയല്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ പ്രതിപക്ഷ കക്ഷികൾക്ക് അദ്ദേഹത്തിന്റെ നീക്കം വലിയ തിരിച്ചടിയാണ്. പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യ സഖ്യത്തിന് ഒപ്പം നിന്നെങ്കിലും ഉറപ്പുകൾ ലഭിക്കാതെ വന്നതോടെ മറുകണ്ടം ചാടുകയായിരുന്നു.
മഹാസഖ്യം വിട്ട് നിതീഷ് കുമാർ എൻ.ഡി.എ.യിലേക്ക് തിരിച്ചുപോകുമെന്ന വാർത്തകൾ വന്നതുമുതൽ അദ്ദേഹവുമായി ബന്ധപ്പെടാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പ്രതിപക്ഷ സഖ്യത്തിലുള്ളവർ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് നിതീഷ് ഗവർണർക്ക് കൈമാറിയതോടെ ദിവസങ്ങൾനീണ്ട അഭ്യൂഹങ്ങൾക്ക് വിരാമം. ഒടുവിൽ ബിഹാർ രാഷ്ട്രീയം ക്ലൈമാക്സിൽ. മഹാസഖ്യസർക്കാരിനെ ഉപേക്ഷിച്ച് മണിക്കൂറുകളുടെ ഇടവേളയിൽ നിതീഷ് വീണ്ടും ബിഹാറിൽ എൻഡിഎ സർക്കാരിന് നേതൃത്വം നൽകും.
അക്കരപ്പച്ച തേടുന്ന ജെഡിയു
മറുകണ്ടംചാടുകയെന്നത് നിതീഷിന് പുതിയ കാര്യമല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ അധികവും ഇതുതന്നെയാണ് സംഭവിച്ചത്.1994-ൽ ജനതാദളിൽ നിന്ന് രാജിവെച്ച നിതീഷ്, ജോർജ് ഫെർണാണ്ടസിനൊപ്പം സമതാ പാർട്ടി രൂപവത്കരിച്ചു. 1996-ൽ ബിജെപിയുമായി കൂട്ടുകൂടി വാജ്പേയ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. 2000-ൽ മുഖ്യമന്ത്രിയാകുകയും 2003-ൽ ജനതാദൾ(യു)വുമായി തന്റെ പാർട്ടിയെ ലയിപ്പിക്കുകയും ചെയ്തു.
2005-ൽ നടന്ന നിയസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർത്ത അദ്ദേഹം ബിഹാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു. പിന്നീട് 2010-ൽ നടന്ന തിരഞ്ഞെടുപ്പിലും നിതീഷ് തന്നെ മുഖ്യമന്ത്രി. നരേന്ദ്ര മോദിയുടെ വരവോടുകൂടിയാണ് അദ്ദേഹം ബിജെപിയുമായി അകലുന്നത്. അക്കാലത്ത് മോദിയുടെ കടുത്ത വിമർശകനായിരുന്നു നിതീഷ്.
2014-ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദി വരുമെന്ന് ഉറപ്പായതോടെയാണ് മുന്നണിയുമായി നിതീഷ് ഉടക്കുന്നത്. 2013-ൽ ബിജെപി. സഖ്യം വിട്ടു. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതോടെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു.
2015-ൽ മഹാഗഡ്ബന്ധൻ എന്ന മഹാസഖ്യം നിതീഷ് രൂപവത്കരിച്ചു. അതും കടുത്ത എതിരാളിയായ ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായി കൈകോർത്തുകൊണ്ടായിരുന്നു ഈ നീക്കം. ആ വർഷം അവസാനം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ഒന്നിച്ചുചേർത്തുള്ള ഈ സഖ്യം ബിഹാറിലെ ഭരണം പിടിച്ചു. നിതീഷ് മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും അധികാരമേൽക്കുകയും ചെയ്തു.
എന്നാൽ, ഈ സഖ്യം അധികകാലം നിലനിന്നില്ല. തേജസ്വി യാദവിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുയർത്തി അദ്ദേഹത്തോട് രാജിവെക്കാൻ നിതീഷ് ആവശ്യപ്പെട്ടു. സ്വാഭാവികമായും ആർ.ജെ.ഡി. ഇത് നിഷേധിക്കുകയും നിതീഷ് രാജിവെക്കുകയും ചെയ്തു. സ്വന്തം പ്രതിച്ഛായയും അധികാരവും നിലനിർത്താനുള്ള രാഷ്ട്രീയതന്ത്രങ്ങൾ പയറ്റാൻ മടിയില്ലാത്ത നിതീഷ് ഉടനടി പ്രതിപക്ഷത്തുള്ള ബിജെപി.യുമായി സഖ്യമുണ്ടാക്കി 2017-ൽ വീണ്ടും മുഖ്യമന്ത്രിയായി.
നിരന്തരമായ മുന്നണിമാറ്റങ്ങൾ ജനതാദൾ (യു)വിന്റെ ജനപ്രീതി കുറച്ചു. 2020-ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്നിലായി ജനതാദളിന്റെ സ്ഥാനം. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനായെങ്കിലും തന്നെ നിയന്ത്രിക്കാൻ ബിജെപി. നിരന്തരം ശ്രമിക്കുന്നത് നിതീഷിന് സഹിക്കാനായില്ല. ബിജെപി.യോട് ഇടഞ്ഞ അദ്ദേഹം 2022-ൽ രാജിവെച്ചു. വീണ്ടും മഹാസംഖ്യത്തിന്റെ ഭാഗമായ നിതീഷ് പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേറ്റു.
രണ്ട് വർഷം തികയ്ക്കുംമുമ്പേ ആ സഖ്യവും നിതീഷ് ഉപേക്ഷിച്ചു. വീണ്ടും ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകുന്നു. അടുത്തവർഷം അവസാനപാദം വരെ കാലവധിയുള്ള ബിഹാർ നിയമസഭയിൽ ഇനി എത്ര തവണകൂടി നിതീഷ് സർക്കാരുകൾ രൂപീകരിക്കുമെന്നത് അദ്ദേഹത്തിന് മാത്രം നിശ്ചയമുള്ള കാര്യം.
പത്ത് വർഷം, നാല് തവണ ചാട്ടം
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായപ്പോഴാണ് നിതീഷ് കുമാർ വിടുന്നത്. തന്റെ പാർട്ടി മതേതരത്വത്തിന് വേണ്ടി നിലകൊള്ളുമെന്ന് പറഞ്ഞ നിതീഷ്, മോദിയുടെ സ്ഥാനാർത്ഥിത്വത്തെ രൂക്ഷമായി വിമർശിക്കുകയും 2013ൽ എൻഡിഎ വിടുകയും ചെയ്തു. 2015-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം തന്റെ പ്രധാന എതിരാളിയായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോൺഗ്രസും ചേർന്ന് ആദ്യത്തെ മഹാഗഡ്ബന്ധൻ സഖ്യം രൂപീകരിച്ചു. മഹാസഖ്യം 178 സീറ്റുകൾ നേടിയാണ് സർക്കാർ രൂപീകരിച്ചത്.
എന്നാൽ, വെറും രണ്ട് വർഷം മാത്രമേ സഖ്യത്തിന് ആയുസുണ്ടായുള്ളൂ. 2017-ൽ ഐആർസിടിസി അഴിമതിയുമായി ബന്ധപ്പെട്ട് ലാലുവിന്റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയപ്പോൾ ബന്ധം വഷളായി. ലാലുവുമായി പിണങ്ങി സഖ്യം ഉപേക്ഷിച്ച് എൻഡിഎയിൽ തിരിച്ചെത്തിയ നിതീഷ് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. അന്നാണ് നിതീഷിനെ ലാലുപ്രസാദ് യാദവ് 'പൽട്ടു റാം' എന്ന് വിളിച്ചത്.
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം അധികാരത്തിലേറുകയും നിതീഷ് കുമാർ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാൽ രണ്ട് വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി കണ്ണെറിഞ്ഞതോടെ നിതീഷിന് അപകടം മണത്തു. 2022ൽ എൻഡിഎയിലെ അരക്ഷിതാവസ്ഥക്ക് അവസാനം കുറിച്ച് ആർജെഡിയുമായി വീണ്ടും സഖ്യമുണ്ടാക്കുകയും മഹാഗഡ്ബന്ധൻ സജീവമാക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു.
2024 ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴാണ് പുതിയ ചാട്ടം. ഇന്ത്യാ മുന്നണിയിൽ തനിക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്ന സംശയത്തെ തുടർന്നാണ് പുതിയ കൂറുമാറ്റം. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗയെ ഇന്ത്യാ മുന്നണിയുടെ ചെയർമാനായി തെരഞ്ഞെടുത്തതോടെ നിതീഷ് സഖ്യവുമായി അകന്നു. തുടർന്ന് മുന്നണിമാറ്റ ചർച്ച സജീവമാക്കി. ഇപ്പോൾ വീണ്ടും എൻഡിഎയിലേക്ക് കൂറുമാറിയപ്പോഴും മുഖ്യമന്ത്രി സ്ഥാനം സേഫാക്കിയാണ് നിതീഷ് ചരടുവലിക്കുന്നത്.
പാർട്ടി മെലിഞ്ഞിട്ടും അധികാരക്കൊതി
തുടർച്ചയായി മുന്നണി മാറ്റങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷിൽ ഭദ്രമാണ്. പക്ഷെ, അദ്ദേഹത്തിനുള്ള ജനപ്രീതിയും പാർട്ടിയുടെ തിരഞ്ഞെടുപ്പുകളിലെ പ്രകടനവും പ്രതീക്ഷയ്ക്ക് വകനൽകുന്നതല്ല. 2010-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 115 സീറ്റായിരുന്നു പാർട്ടി നേടിയത്. എന്നാൽ 2015-ൽ ഇത് 71-ഉം 2020-ൽ 41-ഉം ആയി കുറഞ്ഞു. മുഖ്യമന്ത്രി കസേരയുണ്ടെങ്കിലും നിയമസഭയിൽ മൂന്നാമത്തെ വലിയ കക്ഷിമാത്രമാണ് ജെഡിയു. അംഗബലത്തിൽ മുന്നിലാണ് ആർജെഡിയും ബിജെപിയും. ആർജെഡി- 79, ബിജെപി- 78, ജെഡിയു-45.
എന്തൊക്കെ ആയാലും, മാറിമറയുന്ന ബിഹാർ രാഷ്ട്രീയം എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് കാത്തിരുന്നുതന്നെ കാണം. ബിജെപി- ജെഡിയു ബന്ധം, ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാവി, ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രകടനം എന്നിവയെല്ലാം രാജ്യം ഉറ്റുനോക്കുകയാണ്.
പ്രതിപക്ഷ ഐക്യത്തിനായി മുന്നിട്ടിറങ്ങിയ നിതീഷിന്റെ മറുകണ്ടം ചാടൽ കോൺഗ്രസ് അടക്കമുള്ള 'ഇന്ത്യ' സഖ്യകക്ഷികൾക്ക് വലിയ തിരിച്ചടിയാണെന്നതിൽ സംശയമില്ല. ലോകസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയുണ്ടായ പുതിയ പ്രതിസന്ധി അവർക്ക് മറികടന്നേപറ്റൂ. അല്ലെങ്കിൽ, പ്രതിപക്ഷ സഖ്യം അസ്ഥിരമാണെന്ന ബിജെപിയുടെ വാദങ്ങളെ അത് ശരിവെയ്ക്കും. നിതീഷിന്റെ മാറ്റം, 40 ലോക്സഭാ സീറ്റുകളുള്ള ബിഹാറിൽ ബിജെപിക്ക് അനുകൂല ഘടകമാവും.
സീറ്റ് വിഭജന ചർച്ചകളെചൊല്ലി പഞ്ചാബിൽ ആം ആദ്മിയുമായും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായും ഉള്ള കോൺഗ്രസ് ബന്ധം നേരത്തെ വഷളായിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ ആപ്പും തൃണമൂലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.ഈ സാഹചര്യം നിലനിൽക്കെയാണ് ബിഹാറിൽ ആർ.ജെ.ഡി- ജെ.ഡി.യു സഖ്യം തകരുന്നത്.