ചെന്നൈ: സനാതനധർമ വിരുദ്ധ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് തൽക്കാലം ആശ്വാസം. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി.

ഉദയനിധിക്കും മറ്റ് രണ്ട് ഡി.എം.കെ. ജനപ്രതിനിധികൾക്കും എതിരെയായിരുന്നു ഹർജി. ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഉദയനിധി സ്റ്റാലിൻ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദ പരാമർശം നടത്തിയത്. സനാതനധർമം മലേറിയയും ഡെങ്കിയും പോലെ നിർമ്മാർജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമർശം. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഉദയനിധി വിവാദ പരാമർശം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്ന സംസ്ഥാന മന്ത്രി പി.കെ. ശേഖർ, പരാമർശത്തെ പിന്താങ്ങിയ ഡി.എം.കെ. എംപി. എ. രാജ എന്നിവർക്കെതിരെയായിരുന്നു ഹർജി.

അതേസമയം, ഉദയനിധിക്കെതിരെ കോടതി കടുത്ത വിമർശനം ഉന്നയിച്ചു. വിവാദ പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും സമൂഹത്തിൽ ഭിന്നതക്ക് കാരണമാകുന്ന പരാമർശം നടത്തരുതായിരുന്നുവെന്നും പരാമർശം ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിമാർ ഉത്തരവാദിത്തത്തോടെ സംസാരിക്കണം. ഉദയനിധിയെ അയോഗ്യനാക്കാൻ നിലവിൽ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

വിവാദപരാമർശത്തിനു ശേഷവും മന്ത്രിപദവിയിൽ തുടരുന്നത് ചോദ്യം ചെയ്ത് ആർഎസ്എസ് പ്രവർത്തകനായ ടി. മനോഹർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിത സുമന്ത് ആണ് വിധിപറഞ്ഞത്. സെപ്റ്റംബറിലെ വിവാദപരാമർശ സമയത്ത് വേദിയിൽ ഉണ്ടായിരുന്ന ദേവസ്വം മന്ത്രി ശേഖർ ബാബു, എ. രാജ എംപി എന്നിവരെ പുറത്താക്കണമെന്നും ഹർജിയിൽ ആവശ്യം ഉണ്ടായിരുന്നു.

സനാതനധർമത്തിലെ ജാതി വ്യവസ്ഥയ്ക്കെതിരെയാണ് സംസാരിച്ചതെന്നും ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള വ്യവസ്ഥകൾ പാർലമെന്റിനു മാത്രമേ തീരുമാനിക്കാൻ ആകൂ എന്നുമാണ് ഉദയനിധി വാദിച്ചത്.

അതേസമയം ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യണമെന്ന് പ്രസംഗിച്ച മന്ത്രി സത്യപ്രതിജ്ഞലംഘനം നടത്തിയെന്നുംഇത് വിദ്വേഷ പരാമർശത്തിന്റെ പരിധിയിൽ വരുമെന്നും ആയിരുന്നു ഹർജിക്കാരന്റെ വാദം. നവംബറിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുകയായിരുന്നു.

അതേസമയം സനാതനധർമത്തെക്കുറിച്ച് വിവാദപരാമർശം നടത്തിയ ഉദയനിധി സ്റ്റാലിൻ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. ഉദയനിധി സാധാരണപൗരനല്ല, മന്ത്രിയാണെന്നും ഒരു പ്രസ്താവനയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ആറ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ ഒന്നായി പരിഗണിക്കണമെന്ന ഉദയനിധിയുടെ ആവശ്യം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിമർശനം ഉന്നയിച്ചത്. തമിഴ്‌നാടിന് പുറമെ ഉത്തർപ്രദേശ്, കശ്മീർ, മഹാരാഷ്ട്ര, ബിഹാർ, കർണാടകം എന്നിവിടങ്ങളിലും ഉദയനിധിയുടെപേരിൽ കേസുണ്ട്.

അഭിപ്രായസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തിട്ട് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം സ്ഥാപിക്കാനാണ് ഉദയനിധി ശ്രമിക്കുന്നതെന്ന് കോടതി വിമർശിച്ചു. എന്നാൽ, ഒരേ കേസിൽ ആറ് സംസ്ഥാനങ്ങളിലെ കോടതിയിൽ പോകേണ്ടിവരുന്നത് വിചാരണയില്ലാതെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഉദയനിധിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിംഘ്‌വി പറഞ്ഞത്. ഉദയനിധിയുടെ പരാമർശത്തെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.