- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎഎ വിജ്ഞാപനം ഇറക്കിയതു ധ്രുവീകരണം ലക്ഷ്യമിട്ട്: കോൺഗ്രസ്
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി ധ്രുവീകരണം ലക്ഷ്യമിട്ടാണു കേന്ദ്ര സർക്കാർ സിഎഎ വിജ്ഞാപനം ഇറക്കിയതെന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ഇലക്ടറൽ ബോണ്ട് വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിതെന്നും ജയറാം രമേശ് പരിഹസിച്ചു.
"2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ സിഎഎയുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാൻ മോദി സർക്കാരിനു 4 വർഷവും 3 മാസവും വേണ്ടിവന്നു. ബിസിനസ് പോലെയും സമയനിഷ്ഠ പാലിച്ചുമാണു തന്റെ സർക്കാർ പ്രവർത്തിക്കുന്നതെന്നാണു പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, സിഎഎ നിയമങ്ങൾ വിജ്ഞാപനം ചെയ്യാൻ എടുത്ത സമയം പ്രധാനമന്ത്രിയുടെ നഗ്നമായ നുണകളുടെ നേർസാക്ഷ്യമാണ്. ഇലക്ടറൽ ബോണ്ട് വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടിയാണിത്. തിരഞ്ഞെടുപ്പിനു മുൻപായി സിഎഎ വിജ്ഞാപനം ഇറക്കിയതു ധ്രുവീകരണം ലക്ഷ്യമിട്ടാണ്" ജയറാം രമേശ് എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കേന്ദ്രത്തിൽ ഇന്ത്യ മുന്നണി വരുന്നതോടെ സിഎഎ നിയമം അറബിക്കടലിൽ എറിയുമെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ജീവനുള്ള കാലത്തോളം ഈ നിയമം നടപ്പിലാക്കാൻ അനുവദിക്കരുത്. മനുഷ്യനെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന നിയമമാണെന്നും സുധാകരൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണു പുറപ്പെടുവിച്ചത്. 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ സിഎഎ നിയമത്തിന്റെ ചട്ടങ്ങൾ നിലവിൽ വന്നു. കേരളവും ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകൾ നിലനിൽക്കെയാണു പ്രഖ്യാപനം.
പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയത്. പൗരത്വ നിയമ ഭേദഗതി നിയമം 2024 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ഈ നിയമം പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓൺലൈനിലൂടെ മാത്രമായിരിക്കും. ഇതിനായി പ്രത്യേകം വെബ് പോർട്ടൽ സജ്ജമാക്കുമെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ പ്രക്ഷോഭങ്ങൾക്ക് കാരണമായതായിരുന്നു പൗരത്വ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ വിഷയത്തിലാണ് കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും. അതിനിടെ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തും അനുകൂലിച്ചും രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ വന്നുതുടങ്ങി.
കോവിഡ് കാരണമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ നടപടി ക്രമങ്ങൾ വൈകിയതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. മൂന്ന് രാജ്യങ്ങളിൽ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് നിയമമെന്നും അഭയാർത്ഥികൾക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങൾ നീങ്ങുമെന്നും സർക്കാർ പറയുന്നു. വിദ്യാഭ്യാസം നേടാനും, വ്യാപര സ്വാതന്ത്ര്യത്തിനും, വസ്തുവകകൾ വാങ്ങാനും പൗരത്വം നേടുന്നവർക്ക് അവകാശമുണ്ടാകും. മതപരമായതും സാമൂഹികമായതുമായ അവകാശങ്ങൾ നിലനിർത്തും. ഇന്ത്യാക്കാർക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് പുറത്തുവിട്ട വാർത്താക്കുറിപ്പിലുണ്ട്.