- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാദേവ് വാതുവയ്പ് ആപ് കേസിൽ ഭൂപേഷ് ബാഗേലിനെതിരെ കേസെടുത്ത് ഇ.ഡി
ന്യൂഡൽഹി: മഹാദേവ് വാതുവയ്പ് ആപ് കേസിൽ ഛത്തീസ്‌ഗഡ് മുന്മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിശ്വാസലംഘനം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയതായി ഇ.ഡി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബാഗേലിനെതിരെ കേസെടുത്തത്. കേസിൽ നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഓഹരിവിപണിയിൽ പണം നിക്ഷേപിക്കുന്നതിന് വേണ്ടി മഹാദേവ് ആപ് നിരവധി ഡമ്മി അക്കൗണ്ടുകളും വ്യാജ ബാങ്ക് സ്ഥാപനങ്ങളും ഉപയോഗിച്ചതായി എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് (ഇ.ഡി) വെളിപ്പെടുത്തിയിരുന്നു. ഇപ്രകാരം ഏതാണ്ട് 1100 കോടി രൂപയുടെ നിക്ഷേപമാണ് ഓഹരി വിപണിയിൽ നടത്തിയിരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഈ ഷെയറുകൾ മരവിപ്പിക്കും.
മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിൽ മാർച്ച് എട്ടിന് രണ്ടുപേരെ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. മഹാദേവ് ആപ് വഴി അനധികൃതമായി സ്വന്തമാക്കിയ പണം ഛത്തീസ്‌ഗഡിലെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകുന്നതിനായി വിനിയോഗിച്ചതായി ഏജൻസി പ്രസ്താവിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 1764.5 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. 11 പേരാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്. മാർച്ച് 2,3 തീയതികളിലായി ഗിരീഷ് തൽറേജ, സുരജ് ചൊഖാനി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മാർച്ച് 11 വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയതായി അഞ്ച് കോടിയിലധികം പണവുമായി പിടിക്കപ്പെട്ട ഒരു കൊറിയർ ഏജൻസിയുടെ മൊഴിയടക്കം പുറത്തുവന്നിരുന്നു. തന്റെ പക്കലുണ്ടായിരുന്ന പണം ഛത്തീസ്‌ഗഡിലെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 'ബാഗേലി'ന് കൈമാറാനാണ് നിർദേശമെന്നായിരുന്നു കൊറിയർ ഏജൻസി വെളിപ്പെടുത്തിയത്. ഛത്തീസ്‌ഗഢിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ വൻതോതിൽ പണം നീക്കുന്നതായി ഏജൻസിക്ക് രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് പൊലീസ് കോൺസ്റ്റബിൾ ഭീം യാദവിനെ ഇഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ യാദവ് ദുബായിലേക്ക് 'അനധികൃതമായി' പോയി മഹാദേവ് ആപ്പ് പ്രൊമോട്ടർമാരായ രവി ഉപ്പൽ, സൗരഭ് ചന്ദ്രകർ എന്നിവരെ കണ്ടതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഏജൻസി പറഞ്ഞു.
മഹാദേവ് ആപ്പുമായി ബന്ധിപ്പിച്ച ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും ഭീം യാദവിന്റെ യാത്രാ ചെലവുകൾ വഹിച്ചത് മഹാദേവ് ആപ്പിന്റെ കള്ളപ്പണം വെളുപ്പിക്കൽ, ടിക്കറ്റിങ് കമ്പനിയായ അഹൂജ ബ്രദേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള എം/എസ് റാപ്പിഡ് ട്രാവൽസ് ആണെന്നും ഏജൻസി പറഞ്ഞു. ഛത്തീസ്‌ഗഡിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും നേട്ടത്തിനായി മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് കൈക്കൂലി പണം കൈപ്പറ്റാനുള്ള ഇടനിലക്കാരനായിരുന്നു അദ്ദേഹം.