ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിലും നേട്ടമുണ്ടായത് ബിജെപിക്ക്. കേസിൽ മാപ്പുസാക്ഷിയാകും എന്ന് കരുതുന്ന വ്യവസായി ഇലക്ട്രൽ ബോണ്ടിലൂടെ ബിജെപിക്ക് നൽകിയത് 30 കോടിതായണ്. അറസ്റ്റിലായ ഉടനെ വ്യവസായിയായ ശരത് ചന്ദ്ര റെഡ്ഡി 5 കോടി നൽകി. പി. ശരത് ചന്ദ്ര റെഡ്ഡി ഡയറക്ടറായ അരബിന്ദോ ഫാർമയും ബോണ്ട് വാങ്ങി. 52 കോടിയുടെ ബോണ്ടുകൾ മാറ്റിയതിൽ 34.5 കോടിയും ബിജെപിക്കാണ്. ബി.ആർ.എസിന് 15 കോടിയും, ടി.ഡി.പിക്ക് 2.5 കോടിയും നൽകി

തിരഞ്ഞെടുപ്പ് ബോണ്ട് വഴി ഡി.എം.കെയ്ക്ക് 509 കോടി സംഭാവന നൽകിയ വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാർട്ടികൾക്ക് വാരിക്കോരി കൊടുത്തതിന്റെ കണക്കുകൾ പുറത്ത്. ഏറ്റവുമധികം തുക ലഭിച്ചത് തൃണമൂൽ കോൺഗ്രസിനാണ് - 542 കോടി. വൈ.എസ്.ആർ കോൺഗ്രസിന് 154 കോടിയും, ബിജെപിക്ക് 100 കോടിയും നൽകി. കോൺഗ്രസിനും കിട്ടി 50 കോടി. ഇതിനൊപ്പമാണ് മദ്യ നയക്കേസിലെ വ്യവസായിയും ബോണ്ട് വാങ്ങിയെന്ന് വ്യക്തമാകുന്നത്.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നേരത്തെ അറസ്റ്റു ചെയ്തിരുന്നു.പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും അറസ്റ്റ് ചെയ്തത്. കെജ്രിവാൾ അറസ്റ്റിലാകുമ്പോൾ അത് വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇ.ഡിയുടെ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഏടായി മാറുകയാണ്. ഡൽഹി മദ്യനയക്കേസ് എന്നത് വെറുമൊരു ആരോപണം എന്ന നിലയ്ക്ക് തുടങ്ങിയതാണെങ്കിലും പടിപടിയായി നടപ്പിലാക്കിയ ഓപ്പറേഷൻ ഇന്ന് എഎപിയുടെ ഭതലഭയിൽ എത്തി നിൽക്കുന്നു.

സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മദ്യ നയം ഡൽഹി സർക്കാർ അവതരിപ്പിച്ചത്. ഇതുപ്രകാരം നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 ഔട്ട്‌ലെറ്റുകൾ തുറക്കാം. ലേലം നടത്തി 849 ഔട്ട്‌ലെറ്റുകൾ സ്വകാര്യ കമ്പനികൾക്ക് നൽകി. ഇതോടെ സർക്കാരിന് മദ്യവിൽപനയിലുള്ള നിയന്ത്രണം അവസാനിച്ചു.നയത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് 2022 ജൂലൈയിൽ പുതിയ നയം റദ്ദാക്കുകയും പഴയത് പുനഃസ്ഥാപിക്കുകയുമായിരുന്നു.

പണം കെട്ടിവയ്ക്കുന്നതിന് സർക്കാർ സമയം നീട്ടി നൽകുകയായിരുന്നു. ഇതിലൂടെ സ്വകാര്യ, ചെറുകിട വ്യാപാരികൾ വൻ സാമ്പത്തിക ലാഭമുണ്ടാക്കിയപ്പോൾ ഖജനാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നിൽ ഉന്നതതലത്തിലുള്ള അഴിമതി നടന്നതായാണ് സിബിഐയുടെ കണ്ടെത്തൽ. ഈ കേസിലേക്ക് അന്വേഷണത്തിന് പിന്നീട് ഇഡിയും എത്തി. വലിയ തുക ഉപഹാരമായി നേതാക്കൾ കൈപ്പറ്റുകയും പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തുവെന്നും സിബിഐ ആരോപിച്ചിരുന്നു.

ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് ഡൽഹി മദ്യനയ അഴിമതിയിലേക്ക് വെളിച്ചം വീശിയത്. 1991ലെ ജിഎൻസിടിഡി നിയമം, 1993 ലെ ട്രാൻസ്ഫർ ഓഫ് ബിസിനസ് റൂൾസ്, 2009, 2010 വർഷങ്ങളിലെ ഡൽഹി എക്സൈസ് നിയമങ്ങൾ എന്നിവ ലംഘിക്കപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന് പിന്നാലെയാണ് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടത്. 2022 ജൂലൈ 22ന് ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. സിബിഐ കേസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.