ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഫോൺ പരിശോധിക്കാൻ ഇ.ഡി ആപ്പിൾ കമ്പനിയെ സമീപിക്കുന്നത് തന്ത്രപരമായ നീക്കമെന്ന വിലയിരുത്തൽ സജീവം. ഫോണിന്റെ പാസ്വേഡ് കേജ്രിവാൾ നൽകുന്നില്ലെന്നും അതുകൊണ്ടാണ് കമ്പനിയെ സമീപിച്ചതെന്നും ഇ.ഡി അധികൃതർ പറഞ്ഞു.

കെജ്രിവാളിന് ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പിക്കാൻ ഈ നിസ്സഹകരണവും ഇഡി ചർച്ചയാക്കും. അതിനിടെ ഫോണിലെ രഹസ്യം ചോർത്താനാണ് ഇഡി ശ്രമെന്ന് ആംആദ്മി ആരോപിക്കുന്നു. 'ഇന്ത്യാ' സഖ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വേണ്ടിയാണ് ഇതെന്നും അവർ ആരോപിക്കുന്നു. ഐ ഫോൺ ആയിരുന്നു കെജ്രിവാൾ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഡാറ്റ വീണ്ടെടുക്കലിന് ഇഡിക്ക് സ്വന്തമായി കഴിയില്ലെന്നാണ് സൂചന.

കേജ്രിവാളിനെതിരായി ഇലക്ട്രോണിക് തെളിവുകൾ ഒന്നും കണ്ടെത്താൻ ഇ.ഡിക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. അറസ്റ്റിലായ മുഖ്യമന്ത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്‌തെന്നും പാസ്വേഡ് കൈമാറിയില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, തന്റെ കയ്യിലെ ഫോൺ കഴിഞ്ഞ ഒരു വർഷമായി മാത്രം ഉപയോഗിക്കുന്നതാണെന്നും ഡൽഹി മദ്യനയ അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന കാലയളവിൽ ഉപയോഗിച്ചിരുന്നത് മറ്റൊരു ഫോൺ ആയിരുന്നുവെന്നും കേജ്രിവാൾ ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോണിലെ വിവരങ്ങൾ കേസ് അന്വേഷണത്തിന് ഗുണകരമാകില്ലെന്നാണ് കെജ്രിവാളിന്റെ അഭിപ്രായം. എന്നാൽ ഇത് ഇഡി മുഖവിലയ്‌ക്കെടുക്കുന്നില്ല.

ഫോൺ പരിശോധിക്കുന്നത് പാർട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനാണെന്ന് എഎപി ആരോപിക്കുണ്ട്. മൊബൈൽ ഫോൺ ഡേറ്റയും ചാറ്റുകളും ആക്സസ് ചെയ്യുന്നതിലൂടെ, എഎപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യവും സംബന്ധിച്ച വിശദാംശങ്ങൾ ഇ.ഡിക്ക് ലഭിക്കുമെന്നാണ് ആക്ഷേപം. ഇതിന് വേണ്ടിയാണ് കെജ്രിവാളിനെ അറസ്റ്റു ചെയ്തതെന്ന് വരുത്താനാണ് ആംആദ്മി ശ്രമം. ദിവസവും അഞ്ചുമണിക്കൂറോളമാണ് കേജ്രിവാളിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ കെജ്രിവാൾ സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്.

എന്നാൽ, ചോദ്യം ചെയ്യലിനോട് കെജ്രിവാൾ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബി.ആർ.എസ്. നേതാവ് കെ. കവിത തുടങ്ങിയവർ നടത്തിയ ഗൂഢാലോചനയാണ് ഡൽഹി മദ്യനയ അഴിമതിയെന്നാണ് ഇ.ഡി ആരോപണം. വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, കെ. കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളിൽ ഒമ്പതെണ്ണം ലഭിച്ചു.

മൊത്തക്കച്ചവടക്കാർക്ക് 12 ശതമാനം മാർജിനും ചെറുകിടക്കാർക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തിൽ നിന്ന് ആറ് ശതമാനം മൊത്തക്കച്ചവടക്കാരിൽ നിന്ന് തിരികെ എ.എ.പി നേതാക്കൾക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനമെന്നാണ് ഇ.ഡിയുടെ ആരോപണം. ഇത്തരത്തിൽ 100 കോടി രൂപ എ.എ.പിക്കു ലഭിച്ചുവെന്നാണ് ഇ.ഡി പറയുന്നത്.