ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച ഭൂരിഭാഗം സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച കാശ് കിട്ടിയില്ല. ആകെ മത്സരിച്ച 100 സ്ഥാനാർത്ഥികളിൽ 11 പേർക്ക് മാത്രമാണ് കെട്ടിവെച്ച പണം തിരിച്ചുകിട്ടിയത്. ബാക്കി 89 പേർക്കും പണം തിരികെ ലഭിക്കാൻ ആവശ്യമായ വോട്ട് ലഭിച്ചില്ല. ജമ്മു കശ്മീരിലെ നൂറ് സ്ഥാനാർത്ഥികളിൽ 68 പേർക്കും നോട്ടയേക്കാൾ കുറവ് വോട്ട് മാത്രമാണ് ലഭിച്ചതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡി.പി.എ.പി) മൂന്ന് സ്ഥാനാർത്ഥികൾ, ബിജെപി. പിന്തുണയ്ക്കുന്ന അപ്നി പാർട്ടിയുടെ രണ്ട് സ്ഥാനാർത്ഥികൾ, ബാരാമുള്ളയിലെ പി.ഡി.പി. സ്ഥാനാർത്ഥി എന്നിവരും കെട്ടിവെച്ച പണം നഷ്ടമായവരിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഉധംപുർ, ജമ്മു, അനന്തനാഗ്-രജൗരി, ശ്രീനഗർ, ബാരാമുള്ള എന്നീ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ നിന്നാണ് 100 സ്ഥാനാർത്ഥികൾ മത്സരിച്ചത്. ഇവരിൽ ബിജെപിയുടെ രണ്ട് വിജയിച്ച സ്ഥാനാർത്ഥികൾ, നാഷണൽ കോൺഫറൻസിന്റെ രണ്ട് വിജയിച്ച സ്ഥാനാർത്ഥികൾ, സ്വതന്ത്ര സ്ഥാനാർത്ഥി എർ റാഷിദ്, അദ്ദേഹത്തോട് പരാജയപ്പെട്ട മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മുൻ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തി, പി.ഡി.പി. നേതാവായ വഹീദ് പര, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോനെ, ജമ്മു മേഖലയിലെ രണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികൾ എന്നിവർക്കുമാത്രമാണ് കെട്ടിവെച്ച തുക തിരികെ കിട്ടിയത്. ബാക്കി ഒരു സ്ഥാനാർത്ഥിക്കും കെട്ടിവെച്ച പണം തിരികെ ലഭിക്കാൻ ആവശ്യമായ 16.67 ശതമാനം വോട്ട് നേടാനായില്ല.

ഉധംപുരിലെ ഡി.പി.എ.പി. സ്ഥാനാർത്ഥി ഗുലാം നബി സരൂരിക്ക് 3.56 ശതമാനം വോട്ടാണ് ലഭിച്ചത്. അനന്തനാഗ്-രജൗരി സീറ്റിൽ മത്സരിച്ച മുഹമ്മദ് സലീം പരേയ്ക്ക് വെറും 2.7 ശതമാനം വോട്ടും ശ്രീനഗറിൽ മത്സരിച്ച അമിർ അഹമ്മദ് ഭട്ടിന് 2.24 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. അനന്ത്നാഗിലും ശ്രീനഗറിലും മത്സരിച്ച, ബിജെപി. പിന്തുണയുള്ള അപ്നി പാർട്ടിക്കും ദുർബലമായ പ്രകടനമേ കാഴ്ചവെയ്ക്കാൻ കഴിഞ്ഞുള്ളൂ.