ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷായും പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങും തുടരും. എസ്.ജയശങ്കർ വിദേശകാര്യ മന്ത്രിയായും നിതിൻ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും ധനമന്ത്രിയായി നിർമല സീതാരാമനും തുടരും. അജയ് ടംത, ഹർഷ മൽഹോത്ര എന്നിവർ ഉപരിതല ഗതാഗത വകുപ്പിലെ സഹമന്ത്രിമാരാകും.

തൃശൂരിൽ താമര വിരിയിച്ച് കേരളത്തിലെ ബിജെപിയുടെ ആദ്യ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്ക് സാസ്‌കാരികം ടൂറിസം പെട്രോളിയം മന്ത്രാലയങ്ങളിലെ സഹമന്ത്രി സ്ഥാനമാണ് നൽകിയിരിക്കുന്നത്. ന്യൂനപക്ഷകാര്യം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനത്തേക്ക് ജോർജ്ജ് കുര്യനെ നിയോഗിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല ജെപി നഡ്ഡ നിർവഹിക്കും. റെയിൽവെ, ഐ&ബി വകുപ്പുകളുടെ ചുമതല അശ്വിനി വൈഷ്ണവിനാണ്. കാർഷിക സമരമടക്കം രണ്ടാം മോദി സർക്കാരിനെ പ്രതിരോധത്തിലാക്കിയ നിർണായക കൃഷി വകുപ്പിന്റെ ചുമതല ശിവ്രാജ് സിങ് ചൗഹാനും നഗരവികസനം , ഊർജ്ജം വകുപ്പുകളുടെ നേതൃത്വം മനോഹർ ലാൽ ഖട്ടാറിനും വാണിജ്യ വകുപ്പിന്റെ ചുമതല പിയൂഷ് ഗോയലിനും നൽകിയ പ്രധാനമന്ത്രി ഉരുക്ക് ,ഖന വ്യവസായം എച്ച് ഡി കുമാരസ്വാമിക്ക് വിട്ടുനൽകി.

കഴിഞ്ഞ തവണ ആരോഗ്യമന്ത്രിയായി ചുമതല നിർവഹിച്ച മൻസുഖ് മാണ്ഡവ്യ ഇത്തവണ തൊഴിൽ വകുപ്പിന്റെ ചുമതലയാണ്. ജൽ ശക്തി വകുപ്പ് സിആർ പാട്ടീലിനും, വ്യോമയാന വകുപ്പ് റാം മോഹൻ നായിഡുവിനും പാർലമെന്ററി കാര്യം കിരൺ റിജിജുവിനുമാണ്. പെട്രോളിയം വകുപ്പ് ഹർദീപ് സിങ് പുരിയും വിദ്യാഭ്യാസം ധർമ്മേന്ദ്ര പ്രധാനും എംഎസ്എംഇ വകുപ്പിന്റെ ചുമതല ജിതൻ റാം മാഞ്ചിയും നിർവഹിക്കും.

ശ്രീപദ് നായിക്കാണ് ഊർജ്ജ മന്ത്രാലയം സഹമന്ത്രി. ബിജെപിയിൽ നിന്നുള്ള തൊഖൻ റാം സാഹുവാണ് നഗര വികസന സഹമന്ത്രി. ശോഭ കരന്തലജെ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാവും.

ആകെ 71 പേരാണ് ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. പിഎം കിസാൻ നിധിയുടെ 17ാമത് ഇൻസ്റ്റാൾമെന്റ് വിട്ടുകൊടുക്കുന്നതിനുള്ള ഫയലിലാണ് അധികാരത്തിലേറിയ ഉടൻ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത്. ഞായറാഴ്ച രാത്രി 7.15നാണ് രാഷ്ട്രപതി ഭവൻ അങ്കണത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രിയെക്കൂടാതെ 71 പേരാണ് മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

ജെ.പി.നഡ്ഡ: ആരോഗ്യം

പീയുഷ് ഗോയൽ: വാണിജ്യം

അശ്വിനി വൈഷ്ണവ്: റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം

മനോഹർ ലാൽ ഖട്ടർ: ഊർജം, നഗരവികസനം

ശിവരാജ് സിങ് ചൗഹാൻ: കൃഷി, ഗ്രാമവികസനം

ധർമേന്ദ്ര പ്രധാൻ: വിദ്യാഭ്യാസം

ജിതൻ റാം മാഞ്ചി: ചെറുകിട വ്യവസായം

രാം മോഹൻ നായിഡു: വ്യോമയാനം

ഹർദീപ് സിങ് പുരി: പെട്രോളിയം, പ്രകൃതിവാതകം

ചിരാഗ് പാസ്വാൻ: കായികം, യുവജനക്ഷേമം

മൻസൂഖ് മാണ്ഡവ്യ: തൊഴിൽ

എച്ച്.ഡി.കുമാരസ്വാമി: ഉരുക്ക്, ഖന വ്യവസായം

കിരൺ റിജിജു: പാർലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം

ഭൂപേന്ദർ യാദവ്: പരിസ്ഥിതി

സർബാനന്ദ സോനോവാൾ: തുറമുഖം, ഷിപ്പിങ്, ജലം

ജ്യോതിരാദിത്യ സിന്ധ്യ: ടെലികോം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

അന്നപൂർണ ദേവി: വനിത, ശിശുക്ഷേമം

ഗജേന്ദ്ര സിഖ് ഷെഖാവത്ത് - സാംസ്‌കാരികം, ടൂറിസം

സഹമന്ത്രിമാരും വകുപ്പുകളും
ശ്രീപദ് നായിക്: ഊർജം
ടോക്കാൻ റാം സാഹു: നഗരവികസനം

ശോഭ കരന്തലജെ: ചെറുകിട, ഇടത്തരം വ്യവസായം
അജയ് ടംത: ഉപരിതല ഗതാഗതം

ഹർഷ് മൽഹോത്ര: ഉപരിതല ഗതാഗതം