മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ അമര്‍ഷവും വേദനയും പങ്കുവച്ച് മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി. തന്റെ പിതാവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്നും തനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നും സീഷന്‍ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മകന്‍ സീഷന്‍ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കൂടിയാലോചനതയില്‍ പങ്കെടുത്തു മടങ്ങവെയാണ് ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്.

'നിര്‍ധനരും നിഷ്‌കളങ്കരുമായ ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ പിതാവിന് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടു. എന്റെ കുടുംബം ആകെ തകര്‍ന്നു, പക്ഷേ അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയവത്ക്കരിക്കരുത്. എനിക്കും എന്റെ കുടുംബത്തിനും നീതി ലഭിക്കണം.' -സീഷന്‍ എക്സില്‍ കുറിച്ചു. ലോറന്‍സ് ബിഷ്ണോയിയുടെ സംഘാഗങ്ങളുടെ വെടിയേറ്റാണ് ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്.

സീഷന്‍ സിദ്ദിഖിയും ബാബയെ വധിച്ച മൂന്നു കൊലയാളികളുടെ നിരീക്ഷണത്തിലുണ്ടായിരുന്നവെന്ന് മുംബൈ പോലീസ് വെളിപ്പെടുത്തി. ബാബ സിദ്ദിഖി കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് സീഷന്‍ സിദ്ദിഖിക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബാബയേയും സീഷനേയും ഒരുപോലെ ലക്ഷ്യംവെച്ചിരുന്നുവെന്നും ഇവരെ കാണുന്ന മുറയ്ക്ക് വെടിയുതിര്‍ക്കാനായിരുന്നു കൊലയാളികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നതെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

ഒക്ടോബര്‍ 12 ന് രാത്രി 9.15നും 9.30 നും ഇടയ്ക്കാണ് ബാബ സിദ്ദിഖി വെടിയേറ്റു കൊല്ലപ്പെടുന്നത്. മകന്‍ സീഷന്‍ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കൂടിയാലോചനതയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ബാബ സിദ്ദിഖി. ഓഫീസില്‍ നിന്നിറങ്ങി കാര്‍ പാര്‍ക്കു ചെയ്ത് ഖേര്‍വാഡി ജംങ്ഷനിലേക്ക് നടക്കുന്നതിനിടയിലാണ് ഓട്ടോറിക്ഷയില്‍ വന്ന മൂന്ന് അക്രമികള്‍ അദ്ദേഹത്തിനുനേര്‍ക്ക് വെടിയുതിര്‍ത്തത്.

ഓട്ടോയില്‍ നിന്നും ശിവ്കുമാര്‍ ഗൗതം എന്നയാള്‍ ആറു വെടിയുണ്ടകള്‍ ബാബ സിദ്ദിഖിക്കുനേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നെണ്ണം അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറുകയും രണ്ടെണ്ണം കാറിന് ഏല്‍ക്കുകയും ആറാമത്തെ ബുള്ളറ്റ് തറച്ചത് ഒരു കാല്‍നടയാത്രക്കാരുമായിരുന്നു.

സംഭവം നടന്ന് ഇരുപത്തിനാല് മണിക്കൂറിനകം മുംബൈ പോലീസ് പ്രതികളെ പിടികൂടി. അക്രമത്തിന്റെ മുഖ്യസൂത്രധാരന്റെ സഹോദരനും മറ്റ് രണ്ട് കൊലയാളികളും പിടിയിലായി. കൊലയാളികള്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളാണെന്നും കൊലയ്ക്കുപിന്നിലെ കാരണം വ്യക്തമല്ലെന്നുമാണ് പോലീസ് പറഞ്ഞത്.