- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്നപട്ടണ നിയമസഭ ഉപതെരഞ്ഞെടുപ്പ്: എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പരിഗണിച്ച ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍; യോഗേശ്വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും
ബി.ജെ.പി ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ യോഗേശ്വര്‍ കോണ്‍ഗ്രസിലെത്തുമെന്ന് സൂചനയുണ്ടായിരുന്നു
ബംഗളൂരു: കര്‍ണാടകയിലെ ചന്നപട്ടണ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പരിഗണിച്ച ബി.ജെ.പി നേതാവ് സി.പി യോഗേശ്വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും സന്ദര്‍ശിച്ച ശേഷമാണ് കോണ്‍ഗ്രസ് പ്രവേശനം. ബി.ജെ.പി ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ യോഗേശ്വര്‍ കോണ്‍ഗ്രസിലെത്തുമെന്ന് സൂചനയുണ്ടായിരുന്നു.
ചന്നപട്ടണ ഉപതെരഞ്ഞെടുപ്പില്‍ യോഗേശ്വറിനെ ജെ.ഡി.എസ് ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ തന്നെ വിളിച്ച് ആവശ്യപ്പെട്ടതായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പാര്‍ട്ടി പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുമാറ്റം. ചന്നപട്ടണയില്‍ യോഗേശ്വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും.
'മൂന്ന് ദിവസം മുമ്പ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ എന്നെ വിളിച്ച് യോഗേശ്വറിനോട് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ജെ.ഡി.എസില്‍ ചേരാന്‍ ആവശ്യപ്പെടുമെന്ന് പറഞ്ഞു. യോഗേശ്വറിനെ ജെ.ഡി.എസ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയാല്‍ അതിന് അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന് മറ്റെന്താണ് പറയാന്‍ കഴിയുക. അപ്പോള്‍ സീറ്റല്ല, സഖ്യമാണ് പ്രധാനമെന്നും എന്‍.ഡി.എയുടെ ജയമാണ് മുഖ്യമെന്നുമാണ് ഞാന്‍ പറഞ്ഞത്. അത്തരം നേതാക്കളുമായി എന്റെ ബന്ധം നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അത് നിങ്ങളെല്ലാവരും മനസ്സിലാക്കണം' -എന്നിങ്ങനെയായിരുന്നു കുമാരസ്വാമി പ്രവര്‍ത്തകരോട് സംസാരിച്ചത്.