- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണി: പ്രതിയെന്ന് സംശയിക്കുന്ന നാഗ്പുര്‍ സ്വദേശി ഒളിവില്‍; തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയ 35കാരന്; അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം
നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോഴും ബോംബ് ഭീഷണികള്‍ക്ക് കുറവില്ല
മഹാരാഷ്ട്ര: രാജ്യത്തെ വിമാന സര്‍വീസുകളെ നിരന്തരം വേട്ടയാടിയ വ്യാജബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂര്‍ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്ക്കെയെ ആണ് നാഗ്പൂര്‍ സിറ്റി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്.
ജഗദീഷ് ഉയ്ക്കെ തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെന്നും 2021-ല്‍ ഒരു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വ്യാജസന്ദേശങ്ങളടങ്ങിയ ഇ-മെയിലുകള്‍ വന്നത് ഉയ്ക്കെയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. ഡിസിപി ശ്വേത ഖേട്കറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ജഗദിഷ് ഉയ്ക്കെയുടെ ഇ-മെയിലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയത്.
പ്രധാനമന്ത്രിയുടെ ഓഫീസ്, എയര്‍ലൈന്‍ ഓഫീസുകള്‍ തുടങ്ങിയ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലേക്കും റെയില്‍വെ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഡിജിപി, ആര്‍പിഎഫ് എന്നിവര്‍ക്കും ജഗദിഷ് ഉയ്ക്കെ ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ഒക്ടോബര്‍ 28 വരെയുള്ള 15 ദിവസങ്ങളില്‍ മാത്രം 410 വിമാനങ്ങള്‍ക്കാണ് ഇന്ത്യയില്‍ വ്യാജബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇതില്‍ കൂടുതല്‍ സന്ദേശങ്ങളും സോഷ്യല്‍മീഡിയയിലൂടെയാണ് വന്നത്.
വ്യാജ ബോംബ് ഭീഷണി മുഴക്കുന്ന കുറ്റവാളികളെ വിമാനയാത്രയില്‍നിന്ന് ബാന്‍ ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാംമോഹന്‍ നായിഡു ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോഴും ബോംബ് ഭീഷണികള്‍ക്ക് കുറവില്ല. 32 എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കൂടി ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നിന്നും യാത്രതിരിച്ച ഏഴോളം വിമാനങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ?സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളോട് കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.