ബെം​ഗളൂരു: കർണാടകയിൽ നിലവിലുള്ള ഒരു ക്ഷേമ പദ്ധതികളും പിൻവലിക്കില്ലെന്ന് കോൺ​ഗ്രസ് ദേശീയ അ​ദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ 'ശക്തി' പദ്ധതിയിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡി.കെ ശിവകുമാറിന്‍റെ പരാമർശം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിലുള്ള ഒരു ക്ഷേമ പദ്ധതിയും പിൻവലിക്കില്ലെന്നും ഈ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഡി.കെ ശിവകുമാറിനെ വേദിയിലിരുത്തി ഖർഗെ ശാസിച്ചു.

അതേസമയം, ഖർഗെയുടെ ശാസനയ്ക്ക് പിന്നാലെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിലപാട് തിരുത്തുകയും ചെയ്തു. രാജ്യത്തിന് തന്നെ മാതൃകയാണ് കർണാടകയിലെ ക്ഷേമപദ്ധതികളെന്ന് ഡി.കെ ശിവകുമാറും പറഞ്ഞു. ഇന്ന് ബി.ജെ.പിയും മറ്റ് പാർട്ടികളും ഇത് അനുകരിച്ച് പദ്ധതികൾ പ്രഖ്യാപിക്കുകയാണ്.

ഇത്തരമൊരു ക്ഷേമ പദ്ധതി മാതൃക നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. തൻ്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും മുതിർന്ന നേതാക്കൾ പറയുന്നത് എന്ത് തന്നെയായാലും അത് പാലിക്കുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി. കന്നഡ രാജ്യോത്സവ പരിപാടിയിൽ പങ്കെടുക്കവേയാണ് ശിവകുമാർ ഇക്കാര്യം പറഞ്ഞത്.