ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ വസതിക്ക് മുന്നില്‍ മലിന ജലം ഒഴിച്ച് പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാള്‍. കുപ്പിയില്‍ ഇരുണ്ട നിറത്തിലുള്ള മലിന ജലവുമായെത്തിയ എംപി ഇത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഒഴിക്കുകയായിരുന്നു. സാഗര്‍പൂരിലെയും ദ്വാരകയിലെയും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്ത മലിന ജലമാണിതെന്ന് സ്വാതി തുറന്നടിച്ചു

കൈയില്‍ മലിനജലമടങ്ങിയ കുപ്പിയുമായാണ് സ്വാതി മലിവാള്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്കരികിലേക്ക് എത്തിയത്. ശുദ്ധജല പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധമുണ്ടാകുമെന്ന ഭീഷണി നല്‍കിക്കൊണ്ടാണ് സ്വാതി പ്രതിഷേധം നടത്തിയത്.

കടുത്ത ജല പ്രതിസന്ധിയിലൂടെയാണ് ഡല്‍ഹി കടന്നുപോകുന്നത്. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സ്വാതി മുന്നറിയിപ്പ് നല്‍കി. 2015 മുതല്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന് പറഞ്ഞ സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ്. ഈ മലിനജലമാണോ ഡല്‍ഹിയിലെ ജനങ്ങള്‍ കുടിക്കേണ്ടതെന്നും സ്വാതി മലിവാള്‍ ചോദിച്ചു.

'സാഗര്‍പൂരിലേയും ദ്വാരകയിലേയും ആളുകള്‍ എന്നെ വിളിച്ചിരുന്നു. അവിടുത്തെ അവസ്ഥ വളരെ മോശമാണ്. ഞാന്‍ ഒരു വീട്ടില്‍ പോയി. അവിടെ കറുത്ത നിറത്തിലുള്ള വെള്ളമാണ് വിതരണം ചെയ്തിരുന്നത്. അവിടെനിന്നാണ് ഞാന്‍ കുപ്പിയില്‍ വെള്ളം കൊണ്ടുവന്നത്', സ്വാതി പ്രതികരിച്ചു.

2015- മുതല്‍ ഡല്‍ഹിയിലെ ആളുകള്‍ക്ക് കുടിവെള്ളത്തിന്റെ കാര്യത്തില്‍ വാഗ്ദാനങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതുവരെ അതിന് പരിഹാരമായില്ല. ഞാന്‍ കൊണ്ടുവന്ന ഈ വെള്ളത്തില്‍ അവര്‍ക്ക് നാണക്കേടില്ല. ഡല്‍ഹി ഈ വെള്ളം കുടിക്കുമോ? - സ്വാതി ചോദിച്ചു.

ഇതൊരു ഉദാഹരണം മാത്രമാണ്. 15 ദിവസത്തിനുള്ളില്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഒരു ടാങ്ക് നിറയെ ഈ വെള്ളവുമായി വരുമെന്ന് അതിഷിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സ്വാതി മലിവാള്‍ പറഞ്ഞു.

ഇന്നലെ ദീപാവലി, ഇന്ന് ഗോവര്‍ധന്‍ പൂജ. ഈ അവസ്ഥയില്‍ ഡല്‍ഹിയില്‍ ആളുകള്‍ ഈ വെള്ളം എങ്ങനെ കുടിക്കും? എങ്ങനെ ജീവിക്കും? മുഖ്യമന്ത്രി ജലമന്ത്രികൂടിയാണ്. ദിവസവും പത്ത് പത്രസമ്മേളനങ്ങള്‍ നടത്തി രസിക്കുക മാത്രമാണോ അവരുടെ ജോലി? ഈ വെള്ളം കുടിക്കൂ, അതില്‍ കുളിക്കൂ, അല്ലെങ്കില്‍ പാപങ്ങള്‍ ശുദ്ധീകരിക്കൂ- ആഘോഷസമയത്തെ ഡല്‍ഹിയിലെ ശുദ്ധജലപ്രശ്നത്തില്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ട് സ്വാതി പറഞ്ഞു.