ശ്രീനഗര്‍: ആറു വര്‍ഷത്തിനുശേഷം ചേര്‍ന്ന ജമ്മു കശ്മീര്‍ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ഭരണ- പ്രതിപക്ഷ വാക്പോര്. പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എംഎല്‍എ വാഹിദ് പാറ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പ്രമേയം കൊണ്ടുവന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെ ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. അതേസമയം, ഇതുവരെ പ്രമേയം അംഗീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ റഹീം റാത്തര്‍ പറഞ്ഞു. ഇന്നാണ് സ്പീക്കറെയും തിരഞ്ഞെടുത്തത്. സമ്മേളനം എട്ടാം തീയതി വരെയുണ്ടാകും.

നീണ്ട ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ സമ്മേളനം ചേര്‍ന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ആര്‍ട്ടിക്കിള്‍ 370-മായി ബന്ധപ്പെട്ടായിരുന്നു ബഹളം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എം.എല്‍. വഹീദ് പാറ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന്മേലുള്ള ചര്‍ച്ചയാണ് ബഹളത്തില്‍ കലാശിച്ചത്. പ്രമേയത്തെ ബിജെപി ശക്തമായി എതിര്‍ത്തു. വഹീദ് പാറയുടെ പരാമര്‍ശം എടുത്ത് കളയണമെന്നും ഇത് നിയമസഭാ നിയമങ്ങള്‍ക്കെതിരാണെന്നും ബിജെപി ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ വഹീദ് പാറ പ്രമേയം കൊണ്ടുവന്നതിനെ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.