ചെന്നൈ: തെലുങ്കരെ അവഹേളിച്ചെന്ന ആരോപണം നിഷേധിച്ച് നടി കസ്തൂരി. താനൊരു ബ്രാഹ്‌മണ സ്ത്രീ ആയതുകൊണ്ടാണ് ചിലര്‍ നുണപ്രചാരണം നടത്തുന്നതെന്ന് തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ബി.ജെ.പി. അനുഭാവിയായ കസ്തൂരിക്കെതിരേ തമിഴ്‌നാട്ടിലെ ചില ബി.ജെ.പി. നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അവര്‍ തിങ്കളാഴ്ച വൈകീട്ട് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

കഴിഞ്ഞദിവസം ചെന്നൈയില്‍ ഹിന്ദു മക്കള്‍ കക്ഷി നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത് കസ്തൂരി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായിവന്ന തെലുങ്കര്‍ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. ഇതിന്റെപേരില്‍ കസ്തൂരിക്കുനേരേ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രതിഷേധമുയര്‍ന്നിരുന്നു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നതെന്ന് കസ്തൂരി വിശദീകരിച്ചു. തെലുങ്കരെ അവഹേളിക്കുന്നരീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല. തമിഴിനെയും തെലുങ്കിനെയും ഒരേപോലെ ബഹുമാനിക്കുന്നയാളാണ് താന്‍. ബ്രാഹ്‌മണ സ്ത്രീയായതുകൊണ്ടാണ് ഇത്തരം അപവാദപ്രചാരണങ്ങള്‍ നടക്കുന്നത് -കസ്തൂരി പറഞ്ഞു. തമിഴ്‌നാട്ടില്‍ ബ്രാഹ്‌മണര്‍ക്കെതിരേ ആൂസൂത്രിതനീക്കങ്ങള്‍ നടക്കുന്നതായി ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രകടനത്തില്‍ അവര്‍ പറഞ്ഞിരുന്നു.