മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെ അവിവാഹിതര്‍ക്ക് വ്യത്യസ്തമായ വാഗ്ദാനവുമായി എന്‍.സി.പി. ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ഥി. പാര്‍ലി മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന രാജാസാഹിബ് ദേശ്മുഖ് ആണ് അവിവാഹിതരെ പുതുജീവിതത്തിലേക്ക് വരവേറ്റ് വോട്ടുതേടി രംഗത്തെത്തിയിട്ടുള്ളത്.

തന്നെ എം.എല്‍.എയായി തിരഞ്ഞെടുത്താല്‍ മണ്ഡലത്തിലെ അവിവാഹിതരായ എല്ലാ പുരുഷന്മാരുടേയും വിവാഹം നടത്തുമെന്നാണ് ദേശ്മുഖിന്റെ 'ഗ്യാരന്റി'. ഇതിന് പുറമെ ജീവിക്കാനുള്ള മാര്‍ഗവും അദ്ദേഹം ഉറപ്പുനല്‍കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഉറപ്പുനല്‍കിയത്. എന്‍.സി.പി. എം.എല്‍.എയും മന്ത്രിയുമായ ധനഞ്ജയ് മുണ്ടേ ആണ് ദേശ്മുഖിന്റെ എതിര്‍സ്ഥാനാര്‍ഥി.

'പാര്‍ലിയിലെ യുവാക്കള്‍ക്ക് ജോലി ഉണ്ടോ അതോ ബിസിനസ് ചെയ്യുകയാണോ എന്നാണ് കല്യാണാലോചന വരുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത്. സര്‍ക്കാര്‍ നല്‍കാതെ അവര്‍ക്ക് എങ്ങനെ ജോലി ലഭിക്കും. മന്ത്രി ധനഞ്ജയ് മുണ്ടേ മണ്ഡലത്തില്‍ വ്യവസായങ്ങള്‍ കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നില്ല.

അവിവാഹിതര്‍ എന്ത് ചെയ്യും? ഞാന്‍ ഉറപ്പുതരുന്നു, അവിവാഹിതരായ എല്ലാവരുടേയും വിവാഹം ഞാന്‍ നടത്തിത്തരും. നിങ്ങള്‍ക്ക് ജീവിക്കാനുള്ള മാര്‍ഗവും ഞാന്‍ ഉറപ്പുനല്‍കുന്നു.' -രാജാസാഹിബ് ദേശ്മുഖ് പറഞ്ഞു.

യുവാക്കളുടെ-പ്രത്യേകിച്ച് മറാത്തവാദ മേഖലയിലെ യുവാക്കളുടെ വിവാഹം നടക്കുന്നില്ലെന്നാണ് എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) ആരോപിക്കുന്നത്. ഇവിടെ കഴിഞ്ഞ ഒരു ദശകമായി പുതിയ തൊഴിലുകള്‍ തീരേ ഉണ്ടാകുന്നില്ലെന്നും പാര്‍ട്ടിയുടെ മുഖ്യവക്താവായ അങ്കുഷ് കാക്ദെ പറഞ്ഞു.