ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിക്കുള്ള സമൂസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ അന്വേഷണത്തിന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടത് വിവാദത്തില്‍. ഒക്ടോബര്‍ 21 ന് സിഐഡി ആസ്ഥാനത്ത് മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. വിഷയത്തില്‍ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.

മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് കരുതിയിരുന്ന സമൂസകളും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവം സംസ്ഥാനത്ത് വലിയ വിവാദമായി. സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിക്ക് നല്‍കാനായി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നിന്നാണ് മൂന്ന് പെട്ടി സമൂസകള്‍ വാങ്ങിയത്. എന്നാല്‍, ഈ ഭക്ഷണം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ സമൂസയില്‍ മാത്രമാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമെന്നും സംസ്ഥാനത്തിന്റെ വികസനത്തില്‍ അല്ലെന്നുമാണ് ബിജെപി പരിഹസിക്കുന്നത്. സമോസ വിവാദത്തില്‍ നിന്നും തലയൂരാന്‍ ഹിമാചല്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് സിഐഡി വിഭാഗത്തിന്റെ വിശദീകരണം. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തര അന്വേഷണം മാത്രമാണിതെന്നും സിഐഡി ഡിജി അറിയിച്ചു. ആര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഡിജി വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ വെള്ളിയാഴ്ച ബിജെപി പ്രവര്‍ത്തകര്‍ക്കായി സമൂസ വിരുന്നൊരുക്കിയിരുന്നു. പ്രതിപക്ഷ നേതാവായ ജയറാം താക്കൂര്‍ സമൂസ കഴിക്കുന്നതും ബിജെപി പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിന്റെയും വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.