- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബിജെപി എന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചു; ഓരോ എംഎല്‍എക്കും 50 കോടി രൂപ വാഗ്ദാനം ചെയ്തു; തനിക്കെതിരെ കള്ളക്കേസെടുത്തു'; ആരോപണം കടുപ്പിച്ച് സിദ്ധരാമയ്യ
കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തു
മൈസൂരു: തന്റെ സര്‍ക്കാറിനെ പുറത്താക്കാന്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇതിന് താല്‍പ്പര്യം കാണിക്കാത്തതിനാലാണ് ബിജെപി തനിക്കെതിരെ കള്ളക്കേസെടുത്തതെന്നും സിദ്ധരാമയ്യ ആരോപിച്ചു. ടി നരസിപുര നിയമസഭ മണ്ഡലത്തില്‍ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സര്‍ക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
'ബിജെപി എന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചു. ഓരോ എംഎല്‍എക്കും 50 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തത്. 50 എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തു. ഈ പണം എവിടെ നിന്ന് വരുന്നു ബിഎസ്വൈ (ബിഎസ് യെദ്യൂരപ്പ)യും (ബസവരാജ) ബൊമ്മൈയും നോട്ടുകള്‍ അച്ചടിക്കുന്നുണ്ടോ ഇത് അഴിമതി പണമാണ്. അവരുടെ കയ്യില്‍ കോടികളുണ്ട്, അവര്‍ ഇത് ഉപയോഗിച്ച് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നു. ഞങ്ങളുടെ എംഎല്‍എമാര്‍ വഴങ്ങിയില്ല. അതിനാല്‍ അവര്‍ എന്നെ കളങ്കിതനെന്ന് മുദ്ര കുത്തി നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണ്'- എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമിവിഹിതം, വഖഫ് ഭൂമി കൈയേറ്റം, സംസ്ഥാനത്തെ മദ്യക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങല്‍ എന്നിവയില്‍ കോണ്‍ഗ്രസ് അഴിമതി നടത്തിയെന്ന് ബിജെപി ആരോപിച്ചു. അതേസമയം ബിജെപിയുടെ ഭരണകാലത്ത് കോവിഡ്-19 ഫണ്ട് ദുരുപയോഗം ചെയ്തതായും ധൂര്‍ത്തടിച്ചതും കോണ്‍ഗ്രസ് ആരോപിച്ചു.
അതിനിടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരണ്ടികള്‍ നടപ്പാക്കിയതിനാല്‍ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാല്‍ പദ്ധതികള്‍ അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തില്ല. 2024-25 ബജറ്റില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1.20 ലക്ഷം കോടി വകയിരുത്തി. അതില്‍ 56,000 കോടി രൂപ വാഗ്ദാനങ്ങള്‍ നടപ്പാക്കാനും 60,000 കോടിയിലധികം വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് മാറ്റിവെച്ചതെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.