പട്‌ന: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അരങ്ങേറ്റത്തില്‍തന്നെ നനഞ്ഞ പടക്കമായി മാറി. ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് എല്ലാ സീറ്റിലും കെട്ടിവച്ച തുക നഷ്ടമായി.

ഇമാംഗഞ്ച്, ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളില്‍ നിന്ന് യഥാക്രമം ജിതേന്ദ്ര പാസ്വാന്‍, മുഹമ്മദ് അമാജദ്, സുശീല്‍ കുമാര്‍ സിങ്, കിരണ്‍ സിങ് എന്നിവരെയാണ് ജന്‍ സൂരജ് പാര്‍ട്ടി മത്സരിപ്പിച്ചത്. എന്നാല്‍ ഒരു മണ്ഡലത്തിലും കാര്യമായ സ്വാധീനം ചെലുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജന്‍ സൂരജ് പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുന്നത്.

ഒക്ടോബര്‍ രണ്ടിനു പ്രശാന്ത് കിഷോര്‍ തന്റെ പാര്‍ട്ടി ആരംഭിച്ചപ്പോള്‍, 2025ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 243 സീറ്റുകളിലും താന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ തുടക്കം തന്നെ പാളിയെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. നാല് നിയമസഭാ മണ്ഡലങ്ങളിലും എന്‍ഡിഎക്കാണ് ജയം. ഇന്ത്യാസഖ്യത്തിനു മൂന്നു സിറ്റിങ് സീറ്റുകളും നഷ്ടമായി.

എന്‍ഡിഎയില്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) സിറ്റിങ് സീറ്റായ ഇമാംഗഞ്ച് നിലനിര്‍ത്തിയപ്പോള്‍ ബിജെപി രണ്ടു സീറ്റുകളും ജെഡിയു ഒരു സീറ്റും ഇന്ത്യാസഖ്യത്തില്‍ നിന്നു പിടിച്ചെടുത്തു. കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി ഒഴിഞ്ഞ ഇമാംഗഞ്ച് സീറ്റില്‍ മരുമകള്‍ ദീപാ സന്തോഷ് മാഞ്ചി വിജയിച്ചു.

ആര്‍ജെഡിയുടെ കോട്ടയായി കരുതപ്പെട്ട ബേലാഗഞ്ച് സീറ്റില്‍ ജെഡിയു സ്ഥാനാര്‍ഥി മനോരമ ദേവി അട്ടിമറി വിജയം നേടി. സിപിഐ (എംഎല്‍) സിറ്റിങ് സീറ്റായ തരാരിയില്‍ ബിജെപിയുടെ വിശാല്‍ പ്രശാന്ത് ജേതാവായി. ബിജെപിയുടെ അശോക് കുമാര്‍ സിങ് വിജയിച്ച രാംഗഡ് മണ്ഡലത്തില്‍ ബിഎസ്പിയുടെ സതീഷ് കുമാര്‍ സിങാണു രണ്ടാമതെത്തിയത്. ആര്‍ജെഡിയുടെ അജിത് കുമാര്‍ സിങ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.