- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയാക്കി പോസ്റ്ററുകള്‍; ഫലം പുറത്തുവന്നപ്പോല്‍ കനത്ത തോല്‍വി; മഹാരാഷ്ട്ര എന്നോടിത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഉദ്ധവ്; വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതികരണം
കുടുംബ വസതിയായ മാതോശ്രീക്ക് പുറത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുന്‍മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയാക്കി പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ആരാകും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്തരത്തിലൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ജനവിധിയുടെ ഫലം പുറത്തുവന്നപ്പോള്‍ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് മഹാവികാസ് അഘാഡി സഖ്യം. മഹാരാഷ്ട്ര എന്നോടിത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ആദ്യ പ്രതികരണം.
നേരത്തെ ബാന്ദ്ര ഈസ്റ്റിലെ താക്കറെയുടെ കുടുംബ വസതിയായ മാതോശ്രീക്ക് പുറത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. താക്കറെയുടെ ഫോട്ടോക്കൊപ്പം ബാല്‍ താക്കറെയുടെയും മറ്റ് പ്രമുഖ നേതാക്കളുടെയും ചിത്രങ്ങള്‍ പോസ്റ്ററിലുണ്ടായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മഹാവികാസ് അഘാഡി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. വെറും നാല് മാസം മാത്രമേ പിന്നിട്ടുള്ളൂ, എങ്ങനെയാണ് കാര്യങ്ങള്‍ ഇത്രയും മാറിമറിഞ്ഞത് എന്ന് അദ്ദേഹം ചോദിച്ചു. കാര്‍ഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും വലിയ പ്രതിസന്ധിയായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇങ്ങനെയൊരു വോട്ട് സുനാമി ഉണ്ടാക്കാന്‍ ഈ പ്രശ്നങ്ങളെ എന്‍ഡിഎ പരിഗണിച്ചിട്ടുണ്ടോ എന്നുപോലും സംശയമാണെന്നും താക്കറെ പറഞ്ഞു.
മഹാരാഷ്ട്ര ഇത് എന്നോട് ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എങ്കിലും തിരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി, മഹാരാഷ്ട്രയില്‍ എന്‍ഡിഎ തരംഗമല്ല, വോട്ടിന്റെ സുനാമി ഉണ്ടായതായാണ് മനസ്സിലാവുന്നത്. എന്നാല്‍ ഇത്തരമൊരു ജനവിധിയുണ്ടാവാന്‍ അവര്‍ എന്താണ് ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
''ഇതെന്താ വോട്ടുകളുടെ സുനാമിയോ? തരംഗമല്ല ഇവിടെയുണ്ടായത്. തിരമാലയേക്കാള്‍ ഉപരിയായി സുനാമി സംഭവിച്ചെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. കഷ്ടപ്പെടുന്ന കര്‍ഷകര്‍, തൊഴിലില്ലായ്മ, ഇതെല്ലാമുണ്ടായിട്ടും സുനാമി പോലെ വോട്ടു ലഭിക്കാന്‍ അവരെന്താണ് ചെയ്തതെന്ന് മനസിലാകുന്നില്ല.'' ഉദ്ധവ് പറഞ്ഞു. മഹാവികാസ് അഘാഡി സഖ്യം തകര്‍ന്നടിഞ്ഞതിന് പിന്നാലെ അദ്ദേഹം നടത്തിയ ആദ്യ പ്രതികരണമാണിത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെയൊരു ജനവിധി ജനങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഉദ്ധവിന്റെ വാക്കുകള്‍.
മഹായുതി സഖ്യത്തിന് മിന്നും വിജയം നല്‍കുന്ന ഫലമായിരുന്നു പുറത്തുവന്നത്. ആകെയുള്ള 288 സീറ്റുകളില്‍ 230 സീറ്റുകളിലും മഹായുതി സഖ്യം നേട്ടം കൊയ്തു. വെറും 46 സീറ്റുകളിലാണ് ഉദ്ധവും ശരദ് പവാറും കോണ്‍ഗ്രസും നയിക്കുന്ന മഹാവികാസ് അഘാഡി സഖ്യം മുന്നിട്ടുനിന്നത്. ഭരണവിരുദ്ധ വികാരത്തിന്റെ പേരില്‍ മുന്നേറ്റം നടത്താനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും അവസരത്തെ വേണ്ടവിധം വിനിയോഗിക്കാന്‍ എംവിഎ സഖ്യത്തിന് കഴിഞ്ഞിരുന്നില്ല. വികസനത്തിലൂന്നിയ മഹായുതി സഖ്യത്തിന്റെ ഭരണം മഹാരാഷ്ട്രയുടെ മണ്ണില്‍ തുടര്‍ച്ചയായി അവസരം നേടിക്കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജനവിധി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന പ്രതികരണവുമായി ഉദ്ധവ് എത്തിയത്.