ന്യൂഡല്‍ഹി: അദാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങിയതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്തംഭിച്ചു. ലോക്സഭയില്‍ വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു ആദ്യ നിമിഷം മുതല്‍ പ്രതിപക്ഷ ബഹളമായിരുന്നു. ഭരണഘടനയില്‍ രണ്ട് ദിവസത്തെ ചര്‍ച്ച നടത്തിയാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഗൗനിച്ചിട്ടില്ല. അതേ സമയം കോണ്‍ഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യം യോഗം ബഹിഷ്‌ക്കരിച്ചു.

അദാനി, മണിപ്പൂര്‍, വയനാട്, സംഭല്‍, ഫിഞ്ചാല്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാടിന് സഹായം, കര്‍ഷക പ്രതിഷേധം വിഷയങ്ങള്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയമായും രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസായും എത്തിയെങ്കിലും ഉയര്‍ന്ന് കേട്ടത് അദാനി മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മാത്രമാണ്. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലോക് സഭയില്‍ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നെങ്കിലും നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് എംപിമാര്‍ മുദ്രാവാക്യം വിളിച്ചു.

പിന്മാറാന്‍ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ പിരിഞ്ഞു. പന്ത്രണ്ട് മണിക്ക് ചേര്‍ന്നപ്പോഴും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് നാളേക്ക് പിരിഞ്ഞു. ഇന്ത്യ ചൈന വിഷയത്തില്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ലോക് സഭയില്‍ നടത്താനിരുന്ന പ്രസ്താവനയും മാറ്റി വച്ചു. രാജ്യസഭയിലും ചെയര്‍മാന്‍ ചര്‍ച്ച അനുവദിച്ചില്ല. പ്രതിപക്ഷത്തെ കണക്കറ്റ് വിമര്‍ശിച്ച് ജഗദീപ് ധന്‍കര്‍ രാജ്യസഭ നാളത്തേക്ക് പിരിച്ചുവിട്ടു.

രാജ്യസഭയില്‍ അദാനി, സംഭാല്‍, മണിപ്പൂര്‍ സംഘര്‍ഷം, വയനാട് കേന്ദ്ര സഹായം അടക്കമുള്ള വിഷയങ്ങളില്‍ ചട്ടം 267 അനുസരിച്ചു നല്‍കിയ നോട്ടീസുകള്‍ തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഒന്നും സഭ രേഖകളില്‍ ഉണ്ടാകില്ലെന്നും, ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇരു സഭകളും നാളെവരെ പിരിഞ്ഞു.

അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് എല്ലാ ദിവസവും സഭ സ്തംഭിപ്പിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നത മറനീക്കി പുറത്തുവന്നു. ബംഗാളിലെ വിഷയങ്ങള്‍ക്കൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കി. ഇന്ത്യ സഖ്യ യോഗം ബഹിഷ്‌ക്കരിച്ച തൃണമൂല്‍ പാര്‍ലമെന്റിലെ പ്രതിഷേധത്തിലും പങ്കെടുത്തില്ല.

എന്‍സിപിക്കും വിഷയത്തില്‍ കടുത്ത അതൃപ്തിയുണ്ട്. സഖ്യകക്ഷികള്‍ എതിര്‍പ്പ് അറിയിച്ചതോടെ അദാനി വേണ്ട ഭരണഘടനയിലായാലും ചര്‍ച്ച മതിയെന്ന നിലപാടിലായി കോണ്‍ഗ്രസ്. ഈയാവശ്യവുമായി സ്പീക്കറെ കണ്ടെങ്കിലും അനുകൂല പ്രതികരണം കിട്ടിയിട്ടില്ല. ചര്‍ച്ച കൂടാതെ ബഹളത്തിനിടെ ബില്ലുകള്‍ പാസാക്കാമെന്നതിനാല്‍ സര്‍ക്കാരും ഇതൊരവസരമായി കാണുകയാണ്.

അദാനി വിഷയത്തില്‍ സഭ സ്തംഭിപ്പിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നതയുണ്ട്. ഇന്ത്യ സഖ്യ യോഗത്തില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു നിന്നു. ശൂന്യവേളയും ചോദ്യോത്തരവേളയും പ്രയോജനപ്പെടുത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കണമെന്ന് കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ക്ക് അഭിപ്രായമുണ്ട്. സര്‍ക്കാര്‍ മൗനം തുടരും വരെ പ്രതിഷേധം തുടരാം എന്നാണ് മുതിര്‍ന്ന അംഗങ്ങളുടെ അഭിപ്രായം. അതേസമയം, പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോള്‍ മറുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രിയും പാര്‍ലമെന്റില്‍ യോഗം ചേര്‍ന്നിരുന്നു.

ലോക്‌സഭയില്‍ കോണ്‍ഗ്രസിന് നാല് മുന്‍നിര സീറ്റുകള്‍

ലോക്‌സഭയില്‍ കോണ്‍ഗ്രസിന് നാല് മുന്‍ നിര ഇരിപ്പിടങ്ങള്‍ നല്കണമെന്ന നിര്‍ദ്ദേശം അംഗീകരിച്ച് ലോക്‌സഭ സ്പീക്കര്‍. കോണ്‍ഗ്രസിന്റെ അംഗസംഖ്യ 99 ആയി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നാല് ഇരിപ്പിടങ്ങള്‍ കിട്ടിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പുറമെ, കൊടിക്കുന്നില്‍ സുരേഷ്, കെ. സി വേണുഗോപാല്‍, ഗൗരവ് ഗൊഗോയി എന്നിവര്‍ക്കും മുന്‍ നിരയില്‍ സീറ്റു കിട്ടും. പ്രിയങ്ക ഗാന്ധി നാലാം നിരയിലെ സീറ്റാണ് തെരഞ്ഞെടുത്തത്.

കോണ്‍ഗ്രസ് നിരയില്‍ നിന്ന് മാറിയിരിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിപ്രായവും സ്പീക്കര്‍ അംഗീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ പുറമെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ടിഎംസി നേതാവ് സുധീപ് ബന്ധോപദ്ധ്യായ, ഡിഎംകെ അംഗം ടി.ആര്‍ ബാലു എന്നിവര്‍ക്കും മുന്‍നിര സീറ്റുകള്‍ നല്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ, അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാന്‍ എന്നീ നേതാക്കള്‍ക്കാണ് ബിജെപിയില്‍ നിന്ന് മുന്‍ നിരയിലെ സീറ്റുകള്‍ കിട്ടിയത്. എച്ച് ഡി കുമാരസ്വാമി, ലല്ലന്‍ സിംഗ്, ചിരാഗ് പസ്വാന്‍, രാം മോഹന്‍ നായിഡു, ജിതന്‍ റാം മാഞ്ചി എന്നീ സഖ്യകക്ഷി നേതാക്കള്‍ക്കും മുന്‍ നിര ഇരിപ്പിടം നല്‍കി.