അഗര്‍ത്തല: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത തീരുമാനമെടുത്ത് അതിര്‍ത്തി സംസ്ഥാനമായ ത്രിപുര. ബംഗ്ലാദേശില്‍ നിന്ന് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ മുറിയോ ഭക്ഷണമോ നല്‍കില്ലെന്നാണ് ഓള്‍ ത്രിപുര ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷന്റെ തീരുമാനം. മതപരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പുറപ്പെട്ട 'ഇസ്‌കോണ്‍' അംഗങ്ങളെ അതിര്‍ത്തിയില്‍ ബംഗ്ലാദേശ് അധികൃതര്‍ തടഞ്ഞ സംഭവത്തിന് പിന്നാലെയാണ് നിയന്ത്രണം കടുപ്പിച്ചത്.

ഹിന്ദുക്കള്‍ക്കെതിരേയുള്ള അതിക്രമവും ഒപ്പം ഇന്ത്യന്‍ വിരുദ്ധതയും അയല്‍രാജ്യത്ത് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പ്രസ്താവനയില്‍ പറയുന്നു.ബംഗ്ലാദേശി പൗരന്മാര്‍ ഹോട്ടല്‍ പരിസരത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി ഹോട്ടലുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുമെന്നും അസോസിയേഷന്‍ സെക്രട്ടറി ഭാസ്‌കര്‍ ചക്രവര്‍ത്തി പറഞ്ഞു.

ത്രിപുര സര്‍ക്കാരും ബംഗ്ലാദേശിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ വൈദ്യുതി കുടിശ്ശിക അടയ്ക്കാന്‍ എത്രയും വേഗം ബംഗ്ലാദേശ് തയ്യാറാകണമെന്നാണ് ത്രിപുരയുടെ ആവശ്യം. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം വ്യാപകമാകവുകയും ഇടക്കാല സര്‍ക്കാര്‍ നോക്കുകുത്തിയായി മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് നീക്കങ്ങള്‍.

ഇസ്‌കോണ്‍ സന്യാസി ചിന്‍മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളിലും പ്രതിഷേധിച്ച് ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ നൂറുകണക്കിന് ആളുകള്‍ ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ വന്‍ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ അസോസിയേഷന്റെ തീരുമാനവും പ്രസ്താവനയും എത്തിയത്.

യാത്രാരേഖകള്‍ ഉണ്ടായിരുന്നിട്ടും 54 ഇസ്‌കോണ്‍ അംഗങ്ങളെ ഇന്ത്യയിലേക്ക് കടക്കാന്‍ ബംഗ്ലാദേശ് അധികൃതര്‍ അനുവദിച്ചില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ നടക്കുന്ന മതപരിപാടിയില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ പുറപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ അനുമതിയില്ലെന്ന് പറഞ്ഞ് ഇമിഗ്രേഷന്‍ അധികൃതര്‍ ഞങ്ങളെ തടഞ്ഞു, ഇസ്‌കോണ്‍ അംഗമായ സൗരഭ് തപന്ദര്‍ ചെലി പറഞ്ഞു.

ബംഗ്ലാദേശിലെ വിവിധ ജില്ലകളില്‍നിന്നുള്ള ഇസ്‌കോണ്‍ അംഗങ്ങള്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമാണ് അതിര്‍ത്തി കടക്കാന്‍ ബെനാപോല അതിര്‍ത്തിയില്‍ എത്തിയത്. മണിക്കൂറുകളോളം കാത്തിരുന്നതിന് ശേഷമാണ് യാത്രയ്ക്ക് അനുമതിയില്ലെന്ന് അധികൃതര്‍ അറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് പോലീസിന്റെ സ്പെഷല്‍ ബ്രാഞ്ചിനെ സമീപിച്ചിരുന്നെന്നും ഇസ്‌കോണ്‍ അംഗങ്ങളെ കടത്തിവിടേണ്ടതില്ലെന്ന് ഉന്നത അധികൃതരില്‍നിന്ന് നിര്‍ദേശം ലഭിച്ചിരുന്നെന്നും ബെനാപോല ഇമിഗ്രേഷന്‍ പോലീസ് ഓഫീസര്‍ പറഞ്ഞു.

ഹിന്ദു സംന്യാസിയും ഇസ്‌കോണ്‍ മുന്‍ അംഗവുമായ ചിന്മയ് കൃഷണദാസിനെ ദേശദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇസ്‌കോണിനെതിരേ പലവിധ നടപടികള്‍ ബംഗ്ലാദേശ് അധികൃതര്‍ കൈക്കൊണ്ടിരുന്നു. ചിന്മയ് കൃഷ്ണദാസ് ജാമ്യംകിട്ടാതെ ജയിലിലായതോടെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. ഇതില്‍ ഒരു അഭിഭാഷകന് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. അതിനിടെ രുദ്രപ്രതി കേശബ് ദാസ്, രംഗ നാഥ് ശ്യാമ എന്നീ ഹൈന്ദവ സന്യാസിമാരെക്കൂടി അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ധാക്ക കോടതി നിരാകരിച്ചിരുന്നു.

ബംഗ്ലാദേശി പൗരന്‍മാര്‍ ഇന്ത്യന്‍ ദേശീയ പതാകയെ ഉള്‍പ്പെടെ അവഹേളിക്കുന്നതിന്റെ ചിത്രങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ഷേയ്ഖ് ഹസീന ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാജിവെച്ച ശേഷം ധാക്കയില്‍ നിന്ന് ഇന്ത്യയിലേക്കാണ് എത്തിയത്. അവര്‍ ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. കനത്ത സുരക്ഷയാണ് ഷേയ്ഖ് ഹസീനയ്ക്ക് ഇന്ത്യ രഹസ്യകേന്ദ്രത്തില്‍ നല്‍കുന്നതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.