- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനി ബന്ധം ആരോപിച്ച് പ്രതിപക്ഷം; സോറോസ് ബന്ധം ആരോപിച്ച് ഭരണപക്ഷം; തര്‍ക്കങ്ങള്‍ക്കിടെ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം
ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. അനാവശ്യ ചര്‍ച്ചക്ക് അവസരമൊരുക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ജഗദീപ് ധന്‍കര്‍ ശ്രമിക്കുന്നതെന്ന് ഇന്നും സഭയില്‍ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സമവായത്തില്‍ എത്തിയിട്ടില്ലെങ്കിലും ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആംആദ്‌നി പാര്‍ട്ടി എംപിമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയനീക്കം തുടങ്ങിയിരിക്കുന്നത്. രാജ്യസഭയില്‍ പക്ഷപാതപരമായി ചട്ടങ്ങള്‍ ലംഘിച്ച് ഇടപെടുന്നു എന്ന് പലപ്പോഴായി പ്രതിപക്ഷം ആരോപിച്ചിരുന്നു. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. സത്യപ്രതിജ്ഞ ഓര്‍മ്മപ്പെടുത്തി പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ധന്‍കറും തട്ടിക്കയറിയിരുന്നു.
ജോര്‍ജ്ജ് സോറോസ്, അദാനി ബന്ധം പരസ്പരം ഉന്നയിച്ചായിരുന്നു പാര്‍ലമെന്റ് സ്തംഭിപ്പിച്ച് ഭരണ- പ്രതിപക്ഷ തര്‍ക്കം. സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സോറോസമായുള്ള ബന്ധം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ഭരണപക്ഷവും, മോദി അദാനി ബന്ധത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷവും ബഹളം വച്ചതിനെ തുടര്‍ന്ന് ഇരുസഭകളും നാളത്തേക്ക് പിരിയിരുകയായിരുന്നു.
അമേരിക്കന്‍ വ്യവസായി ജോര്‍ജ് സോറോസുമായി ചേര്‍ന്ന് സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഇന്ത്യയിലെ ഭരണ സംവിധാനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ബിജെപി ഉന്നയിച്ചത്. സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന് സോറോസ് ഫൗണ്ടേഷനില്‍ പങ്കാളിത്തമുണ്ട്. സോണിയ സഹ അധ്യക്ഷയായ എഫ് ഡി എല്‍ എപി ഫൗണ്ടേഷന്‍ സോറോസ് ഫൗണ്ടേഷനില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് കശ്മീരിന്റെ പ്രത്യേക പദവിക്കായി പ്രചാരണം നടത്തി. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിലും സോറോസ് ഫണ്ട് ഇറക്കി.
സോറോസ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് സലില്‍ ഷെട്ടി ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടന്നു. ജോര്‍ജജ് സോറോസ് പഴയ സുഹൃത്താണെന്ന ശശി തരൂരിന്റെ പരമാര്‍ശവും സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളും സോറോസും തമ്മിലുള്ള ബന്ധത്തെയാണ്. ആരോപണങ്ങള്‍ ഓരോന്നായി ഉയര്‍ത്തിവിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ഭരണകക്ഷി നേതാവ് ജെപി നദ്ദയും ബിജെപി എംപിമാരും ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള ആന്തരികവും ബാഹ്യവുമായ ഭീഷണികളില്‍ ആശങ്കയുണ്ടെന്നും ധന്‍കര്‍ സഭയില്‍ പറഞ്ഞിരുന്നു.