ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഉടനെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഒറ്റത്തിരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തിക്കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശുപാര്‍ശ ചെയ്യുന്ന ബില്ലാകും അവതരിപ്പിച്ചേക്കുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് ഭാരിച്ച സാമ്പത്തിക ചെലവുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍.

ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ലോക്‌സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കകളില്ല. ബില്ല് ചിലപ്പോള്‍ കൂടുതല്‍ പരിശോധനനയ്ക്ക് ജോയന്റ് പാര്‍ലമെന്ററി സമിതിക്ക് കൈമാറിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ജെ.പി.സി. ചര്‍ച്ച നടത്തും. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ചര്‍ച്ചയുടെ ഭാഗമാക്കുമെന്നും സാധാരണക്കാരായ പൗരന്മാരുടെ അഭിപ്രായം തേടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് പല സമയങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നുവെന്നും വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പലപ്പോഴായി ആരോപിച്ചിരുന്നു. മാത്രമല്ല നിരവധി തവണ തിരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തിക ബാധ്യത കൂട്ടുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

ബില്‍ നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് ആറ് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും. കൂടാതെ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്. എന്നാല്‍, മൂന്നാം മോദി സര്‍ക്കാരില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ സംവിധാനം നടപ്പാക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് ആദ്യഘട്ടത്തിലേ വിലയിരുത്തപ്പെട്ടിരുന്നു. തീരുമാനം നടപ്പാക്കുന്നതിന് ഘടകകക്ഷികളുടെ പിന്തുണ അത്യാവശ്യമാണ്. നവംബര്‍ 25-ന് ആരംഭിച്ച പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബര്‍ 20-നാണ് അവസാനിക്കുക.

സംവിധാനം 2014 മുതല്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയമാണ്. അടിക്കടി തിരഞ്ഞെടുപ്പു വരുന്നത് രാജ്യപുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സര്‍ക്കാര്‍ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനും തുടര്‍ന്ന് നൂറു ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ച് കോവിന്ദ് സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.

മോദി സര്‍ക്കാരിന്റെ വാഗ്ദാനം

നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. 170-ാം നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തിക്കൊണ്ട് ചെലവ് കുറയ്ക്കാനുള്ള നീക്കമായാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നത്. ആദ്യ ഘട്ടത്തില്‍ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. അങ്ങനെ നടത്തേണ്ടി വരുമ്പോള്‍ നിലവില്‍ വ്യത്യസ്ത കാലയളവുകളില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നിയമ നിര്‍മാണ സഭകളുടെ കാലാവധി എങ്ങനെ ഒരുപോലെ അവസാനിപ്പിക്കുമെന്നതടക്കമുള്ള ചോദ്യങ്ങള്‍ ബാക്കിയാണ്.

ചെലവു കുറയ്ക്കല്‍ മാത്രമാണോ ഇതിലൂടെ ലക്ഷ്യമാക്കുന്നത് എന്ന സംശയം ഈ ആശയം അവതരിപ്പിച്ചപ്പോള്‍ മുതല്‍ പലരും ഉന്നയിക്കുന്നുണ്ട്. ഒട്ടും പ്രായോഗികമല്ലാത്ത ആശയമാണ് ഇതെന്നാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. 2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അവതരിപ്പിക്കപ്പെട്ട ഈ ആശയത്തെക്കുറിച്ച് പഠിക്കുന്നതിനായി രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ സമിതിയെ നിയോഗിച്ചത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി

അടിസ്ഥാനപരമായി രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തിക്കൊണ്ട് അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെലവുകള്‍ ചുരുക്കുകയാണ് ഉദ്ദേശിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യ പുരോഗതിക്ക് ഇത് അത്യന്താപേക്ഷിതമാണെന്നും മന്ത്രിമാര്‍ അടക്കം വിശദീകരിക്കുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശദീകരണം ഇങ്ങനെയാണ്.

1951-52 മുതല്‍ 1967 വരെയുള്ള കാലയളവില്‍ പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഏതാണ്ട് ഒരേ സമയത്തായിരുന്നു നടത്തി വന്നിരുന്നത്. അതിന് ശേഷം ആ രീതി തകരുകയും തെരഞ്ഞെടുപ്പുകള്‍ ഏതാണ്ട് എല്ലാ വര്‍ഷവും നടത്തേണ്ടി വരികയോ ഒരു വര്‍ഷത്തില്‍ വ്യത്യസ്ത സമയങ്ങളിലായി നടത്തേണ്ടതായോ വന്നു. ഇത് സര്‍ക്കാരിന് കനത്ത സാമ്പത്തിക ബാധ്യത ഏല്‍പ്പിക്കുന്ന ഒന്നായി മാറി. സുരക്ഷാ സൈന്യങ്ങളെയും മറ്റ് ഉദ്യോഗസ്ഥരെയും അവരുടെ പ്രാഥമിക ചുമതലകളില്‍ നിന്ന് മാറ്റി ദീര്‍ഘകാലത്തേക്ക് തെരഞ്ഞെടുപ്പും അനുബന്ധ ജോലികളിലേക്കും നിയോഗിക്കേണ്ടതായും വന്നു. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുന്നതിനാല്‍ ദീര്‍ഘകാലത്തേക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടസം നേരിടുന്ന സാഹചര്യമുണ്ടായി

എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പുകള്‍ വരുന്ന സമ്പ്രദായത്തിന് അറുതി വേണമെന്നും ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തുന്ന കാലത്തേക്ക് മടങ്ങണമെന്നും നിയമ കമ്മീഷന്റെ 170-ാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് നിയമ പരിഷ്‌കാരങ്ങളെ സംബന്ധിച്ചുള്ള ഭാഗത്ത് നിരീക്ഷിക്കുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വരുന്ന സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് മുന്‍കൂട്ടി പറയാനാവില്ല. എങ്കിലും മറ്റ് സാഹചര്യങ്ങളില്‍ നിയമസഭകളിലേക്ക് വെവ്വേറെ തെരഞ്ഞെടുപ്പ് നടത്തുകയെന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായി കാണണം. നിയമമെന്നത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാകണം.

ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരേ സമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി 2015 ഡിസംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് പഠിക്കുകയും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. പദ്ധതി നടപ്പാക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രാംനാഥ് കോവിന്ദ് കമ്മിറ്റി പറഞ്ഞത്

32 ദേശീയ പാര്‍ട്ടികളും മുന്‍ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും അടക്കമുള്ളവര്‍ ഈ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കമ്മിറ്റി പറയുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വോട്ടര്‍മാര്‍ക്ക് കുറേക്കൂടി എളുപ്പമാകുന്നുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ പോലും സ്വാധീനിക്കുമെന്നൊക്കെയാണ് സമിതിയുടെ കണ്ടെത്തലുകള്‍. തെരഞ്ഞെടുപ്പുകള്‍ ഒറ്റ റൗണ്ടില്‍ നടക്കുന്നത് നയം മാറ്റങ്ങളെക്കുറിച്ച് കോര്‍പറേറ്റുകള്‍ക്കും ബിസിനസുകള്‍ക്കുമുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കുമെന്ന നിരീക്ഷണവും കമ്മിറ്റി നടത്തുന്നുണ്ട്.

സര്‍ക്കാര്‍ പറയുന്നത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്നാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാന്‍ അര്‍ഹരായ വോട്ടര്‍മാരുടെ ഒരു പട്ടിക തയ്യാറാക്കിക്കൊണ്ട് നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.