- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ അമ്മയുടെ മകന്‍ ഇപ്പോഴും ആശുപത്രിയില്‍ കോമയിലാണ്; മരിച്ച ആ സ്ത്രീയെക്കുറിച്ച് ആരെങ്കിലും ചര്‍ച്ച ചെയ്തോ? പണമുണ്ടാക്കാനാണ് സിനിമാതാരങ്ങള്‍ ശ്രമിക്കുന്നത്'; അല്ലു അര്‍ജുന്റെ അറസ്റ്റിനെ ന്യായികരിച്ച് രേവന്ത് റെഡ്ഡി
അല്ലു അര്‍ജുന്റെ അറസ്റ്റിനെ ന്യായികരിച്ച് രേവന്ത് റെഡ്ഡി
ഹൈദരാബാദ്: പുഷ്പ-2 എന്ന ചിത്രത്തിന്റെ റിലീസ് ദിവസം തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലങ്കാന പോലീസ് നടന്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തതിനെ ന്യായികരിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പോലീസ് അവരുടെ ചുമതലയാണ് ചെയ്തതെന്ന് അദ്ദേഹം ആജ് തക് സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു. തിയേറ്റര്‍ മാനേജ്മെന്റിനെയും പോലീസിനെയും അറിയിക്കാതെ അല്ലു അര്‍ജുന്‍ പ്രീമിയറിനായി തിയേറ്ററിലെത്തിയതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഈ മാസം നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ പുഷ്പ 2-ന്റെ റിലീസിന് അല്ലു അര്‍ജുന്‍ എത്തിയിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും 39-കാരിയായ വീട്ടമ്മ മരിക്കുകയും അവരുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ അല്ലു അര്‍ജുനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ഇടക്കാല ജാമ്യം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ രേവന്ത് റെഡ്ഡിയുടെ പ്രതികരണം വന്നിരിക്കുന്നത്.
'അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിനായി വന്ന് പോകുകയല്ല ചെയ്തത്. തിയേറ്ററിലേക്കെത്തിയ അല്ലു കാറിന്റെ സണ്‍ റൂഫ് തുറന്ന് സിനിമയുടെ റിലീസ് ആഘോഷമാക്കുകയായിരുന്ന ആരാധകരെ അഭിവാദ്യം ചെയ്യുകയായിരുന്നു. ഇതാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കിയത്.' രേവന്ത് റെഡ്ഡി പറഞ്ഞു.
അല്ലു അര്‍ജുന്റെ അറസ്റ്റിനെക്കുറിച്ച് പലവിധ ചര്‍ച്ചകള്‍ നടന്നുവെങ്കിലും മരിച്ചയാളേയും അവരുടെ കുടുംബത്തേക്കുറിച്ചും ആരും ഒന്നും പറഞ്ഞില്ലെന്നും രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി. ഒരു പാവം കുടുംബത്തിന് അവരുടെ ഒരംഗത്തെ നഷ്ടമായി. ആ അമ്മയുടെ മകന്‍ ഇപ്പോഴും ആശുപത്രിയില്‍ കോമയില്‍ കഴിയുകയാണ്. അവന് സ്വന്തം അമ്മയില്ലാതെവേണം ഇനി ജീവിക്കാന്‍. പണമുണ്ടാക്കാനാണ് സിനിമാതാരങ്ങള്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് അതുകൊണ്ടൊന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ അറസ്റ്റിലായ അല്ലു അര്‍ജുന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നാലാഴ്ചത്തെ ജാമ്യം നല്‍കിയത്.
ഉത്തരവ് വൈകി എത്തിയ പശ്ചാത്തലത്തിലാണ് ജയിലില്‍ കഴിയേണ്ടി വന്നത്. ഏകദേശം രാത്രി 11 മണിയോടെയാണ് ഇടക്കാല ജാമ്യ ഉത്തരവ് ചഞ്ചല്‍ഗുഡ ജയില്‍ സൂപ്രണ്ടിന് ലഭിച്ചത്. തടവുപുള്ളികളെ രാത്രി വൈകി മോചിതരാക്കാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നില്ല. ജയിലിലെ എ1 ബാരക്കിലാണ് അല്ലു ഒരു രാത്രി കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.