ബെംഗളൂരു: വിവാഹമോചനത്തിനും നാല് വയസ്സുകാരനായ മകന്റെ ചെലവിനുമായി മൂന്നു കോടിരൂപ ആവശ്യപ്പെട്ട് ഭാര്യയും ബന്ധുക്കളും മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച് ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെ ഒളിവിലായിരുന്ന ഭാര്യയും കുടുംബവും അറസ്റ്റിലായിരുന്നു. അതുല്‍ സുഭാഷ് (34) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ നികിത, ഭാര്യയുടെ അമ്മ നിഷ, ഭാര്യാ സഹോദരന്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. നികിതയെ ഗുരുഗ്രാമില്‍നിന്നും അമ്മയെയും സഹോദരനെയും അലഹബാദില്‍നിന്നുമാണ് അറസ്റ്റു ചെയ്തത്. നികിതയുടെ അമ്മാവന്‍ സുശീലും കേസില്‍ പ്രതിയാണ്.

അതുല്‍ സുഭാഷ് എന്ന ടെക്കി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. അതുലിന്റെ മരണം സങ്കടകരവും അതേസമയം രാജ്യത്തെ പുരുഷന്മാരുടെ ദയനീയാവസ്ഥ എടുത്തുകാട്ടുന്നതും കണ്ണുതുറപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെപ്പോലെ പുരുഷന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചര്‍ച്ച ഉയരേണ്ടതായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതുലിന്റെ ആത്മഹത്യ രാജ്യത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണെന്ന് ജി.പരമേശ്വര പറഞ്ഞു. നമ്മളെപ്പോഴും സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കും. എന്നാല്‍ ഇപ്പോഴത്തെ സംഭവം പുരുഷ അവകാശവുമായി ബന്ധപ്പെട്ട സംവിധാനം എത്ര ദുര്‍ബലമാണെന്ന് തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതിയാണ് സുഭാഷ് ആത്മഹത്യ ചെയ്തത്. സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന അതുല്‍ സുഭാഷിനെതിരെ ഭാര്യ നല്‍കിയ കേസുകള്‍ പിന്‍വലിക്കാനായി മൂന്ന് കോടി രൂപയും കുട്ടിയെ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കാനായി വന്‍തുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം. ദാമ്പത്യജീവിതത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ അതുല്‍ പറഞ്ഞിരുന്നു.

ജീവനൊടുക്കുന്നതിന് മുന്‍പ് പുരുഷന്മാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍.ജി.ഓയെ അതുല്‍ ഇ-മെയില്‍ വഴി ബന്ധപ്പെട്ടിരുന്നു. അതുലിന്റെ മെയിലിലെ ഉള്ളടക്കം പരിശോധിച്ച ഇവര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അതുലിന്റെ മരണം തടയാനായില്ല.

കര്‍ണാടകയിലെ മറാത്തഹള്ളി സ്വദേശിയായ അതുല്‍ സുഭാഷ് നിഖിതയുമായി വേര്‍പിരിഞ്ഞ് ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ടു ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ കുടുംബ കോടതിയിലെ വനിത ജഡ്ജി ഭാര്യയുടെ കുടുംബക്കാരുടെ പക്ഷത്തുനിന്നു മാത്രമാണ് തുടക്കം മുതല്‍ കേസ് കൈകാര്യം ചെയ്തിരുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.