ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ബിജെപിക്കു മുന്നില്‍ വെല്ലുവിളിയുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്താല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നാണു കേജ്‌രിവാളിന്റെ വാഗ്ദാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേസുകള്‍ പിന്‍വലിക്കണമെന്നും പുറത്താക്കപ്പെട്ടവര്‍ക്കെല്ലാം പുനരധിവാസം നല്‍കണമെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

''ചേരികളിലെ ജനങ്ങള്‍ക്കെതിരെ നിങ്ങള്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുക. ജനങ്ങളെ പുറത്താക്കിയ സ്ഥലത്തുതന്നെ എല്ലാവര്‍ക്കും വീടുകള്‍ നല്‍കുമെന്നു കോടതിയില്‍ സത്യവാങ്മൂലം നല്‍കുക. അങ്ങനെ ചെയ്താല്‍ ഞാന്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഈ വെല്ലുവിളി സ്വീകരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ ഞാന്‍ എവിടെയും പോകില്ല.'' കേജ്രിവാള്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഡല്‍ഹിയിലെ ചേരികള്‍ പൊളിച്ചുമാറ്റാനാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കെജ്രിവാള്‍ ആരോപിച്ചു. ''അവര്‍ക്ക് ആദ്യം നിങ്ങളുടെ വോട്ടും പിന്നീട് നിങ്ങളുടെ ഭൂമിയും വേണം. 5 വര്‍ഷത്തിനിടെ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചേരിനിവാസികള്‍ക്കായി 4,700 ഫ്‌ലാറ്റുകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളൂ. നഗരത്തിലെ ചേരികളില്‍ കഴിയുന്ന 4 ലക്ഷം കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഈ വേഗത്തിലാണെങ്കില്‍ എല്ലാവര്‍ക്കും വീട് നല്‍കാന്‍ 1000 വര്‍ഷമെടുക്കും'' ഷാക്കൂര്‍ ബസ്തിയിലെ പരിപാടിയില്‍ കേജ്‌രിവാള്‍ പറഞ്ഞു.

കെജ്രിവാളിന്റെ ആരോപണം തള്ളിക്കൊണ്ട് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തി. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ മനഃപൂര്‍വ്വം വൈകിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. '2006 മുതല്‍, അനധികൃത കോളനികള്‍ നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്, പക്ഷേ എഎപി സര്‍ക്കാര്‍ സഹകരിച്ചില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ നിസ്സഹകരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കുടിയിറക്കപ്പെട്ട ചേരി നിവാസികളുടെ പുനരധിവാസം ഇപ്പോഴത്തെ സ്ഥിതിയിലാണ് പോകുന്നതെങ്കില്‍ ഇനിയും ആയിരം വര്‍ഷം വേണ്ടിവരും. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചേരി നിവാസികള്‍ക്കായി 4,700 ഫ്ളാറ്റുകള്‍ മാത്രമാണ് നിര്‍മിച്ചത്. നാലു ലക്ഷത്തോളം ചേരി കുടുംബങ്ങളാണ് പ്രതിസന്ധിയിലെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ചേരി പ്രദേശങ്ങളുടെ ഭൂവിനിയോഗത്തില്‍ ഡിസംബര്‍ 27 ന് മാറ്റം വരുത്തിയിട്ടുണ്ട്, തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അവ പൊളിച്ചുമാറ്റലിനുള്ള വഴിയൊരുക്കാനാണ് ഈ നീക്കമെന്നും കെജ്രിവാള്‍ ആരോപിച്ചു.