പരന്തൂര്‍: ജനകീയ വിഷയങ്ങളേറ്റെടുത്ത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ നടന്‍ വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം(ടി.വി.കെ). തമിഴ്നാട്ടിലെ പരന്തൂര്‍ വിമാനത്താവള പദ്ധതിക്കെതിരായ പ്രതിഷേധത്തിനാണ് ടിവികെ പിന്തുണ നല്‍കിയിരിക്കുന്നത്. സമരക്കാരെ നേരിട്ട് കണ്ട് വിജയ് പാര്‍ട്ടിയുടെ പിന്തുണ അറിയിക്കുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ ശേഷം നടന്‍ വിജയ് യുടെ പാര്‍ട്ടി ഏറ്റെടുക്കുന്ന ആദ്യ ജനകീയ വിഷയമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

സമരക്കാരെ നേരിട്ടുകണ്ട ശേഷം ഡിഎംകെയെ കടന്നാക്രമിച്ച തമിഴക വെട്രിക് കഴകം പ്രസിഡന്റും നടനുമായ വിജയ് വികസന വിഷയങ്ങളില്‍ ഭരണകക്ഷിക്ക് ഇരട്ട നയമാണെന്ന് കുറ്റപ്പെടുത്തി. തന്നെ ഏകനാപുരത്തേയ്ക്ക് കടക്കാന്‍ പോലീസ് അനുവദിച്ചില്ലെന്നും വിജയ് കുറ്റപ്പെടുത്തി. പരന്തൂര്‍ വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്നവരെ സന്ദര്‍ശിക്കവെയായിരുന്നു വിജയ്യുടെ വിമര്‍ശനം.

'തുടക്കം മുതല്‍ ഒടുക്കം വരെ ഡിഎംകെയെ കടന്നാക്രമിക്കുകയായിരുന്നു വിജയ് . വികസനത്തില്‍ ഡിഎംകെയ്ക്ക് ഇരട്ടനയം. പരന്തൂര്‍ വിമത്താവള പദ്ധതിക്ക് പിന്നില്‍ സര്‍ക്കാരിന് മറ്റെന്തോ ലാഭമുണ്ട്. ഇത്തരം അഴിമതികള്‍ ഇനിയും ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. എകനാപുരത്തേയ്ക്ക് കടക്കാന്‍ തന്നെ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും വിജയ് പറഞ്ഞു. സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്ന ഒരു തുണ്ട് പേപ്പര്‍ വിതരണം ചെയ്തതിന് ടിവികെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

സമരം ഏറ്റെടുക്കുകയാണെന്നും തമിഴക വെട്രി കഴകം സമരത്തോടൊപ്പമുണ്ടെന്നും നടന്‍ വിജയ് പറഞ്ഞു. പരന്തൂരിലെത്തിയ വിജയ് പ്രതിഷേധിക്കുന്ന കര്‍ഷകരെ കണ്ടാണ് പിന്തുണ അറിയിച്ചത്. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും തന്റെ രാഷ്ട്രീയ യാത്ര പരന്തൂരില്‍ നിന്ന് ആരംഭിക്കുകയാണെന്നും വിജയ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ഉപേക്ഷിക്കണമെന്നും വികസനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പദ്ധതി പരന്തൂരില്‍ നടപ്പാക്കരുതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കഴിഞ്ഞ 910 ദിവസങ്ങളായി പരന്തൂര്‍ വിമാനത്താവളപദ്ധതിക്കെതിരേ സമരം നടക്കുന്നുണ്ട്. 13 ഗ്രാമങ്ങളിലെ കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. പദ്ധതി നടപ്പിലാക്കിയാല്‍ തങ്ങളുടെ കൃഷിസ്ഥലമടക്കം നഷ്ടപ്പെടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 2007-ല്‍ എ.ഡി.എം.കെയാണ് പദ്ധതി കൊണ്ടുവന്നത്. ഇതിനെ ആദ്യ ഘട്ടത്തില്‍ ഡി.എം.കെ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരമാനമെടുക്കുകയായിരുന്നു എന്നാല്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ വേണമെന്നും വിഷയത്തിലെ വിജയ്യുടെ നിലപാട് ശരിയല്ലെന്നും തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ കുറ്റപ്പെടുത്തി.