- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്; യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; ലിവ് ഇന്‍ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി
രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്
ഡെറാഡൂണ്‍: രാജ്യത്ത് ആദ്യമായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. സിവില്‍ കോഡിന്റെ പോര്‍ട്ടല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍വഹിച്ചു. ജനുവരി 20നാണ് നിയമങ്ങള്‍ അടങ്ങിയ മാനുവലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. അതിന് മുമ്പ് ജനുവരി 13ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പോര്‍ട്ടല്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണെന്ന പരിശീലനം നല്‍കിയിരുന്നു.
ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികള്‍ക്കും ഭരണഘടനാപരമായും പൗരന്‍ എന്ന നിലയിലും എല്ലാവര്‍ക്കും ഒരേനിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാഗങ്ങളിലും പെട്ട വനിതകള്‍ക്കും തുല്യത ഉറപ്പാക്കുന്നതുമാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത യുസിസി പോര്‍ട്ടലില്‍ വിവാഹ രജിസ്‌ട്രേഷന്‍, വിവാഹ മോചനം രജിസ്‌ട്രേഷന്‍, ലിവ് ഇന്‍ റിലേഷന്‍ രജിസ്‌ട്രേഷന്‍, ലിവ് ഇന്‍ റിലേഷന്‍ അവസാനിപ്പിക്കാനുള്ള രജിസ്‌ട്രേഷന്‍, അപ്പീല്‍, പരാതി രെജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എന്നിവക്കായി സംവിധാനം ഒരുക്കിയിട്ടുണ്ട്.
ബഹുഭാര്യാത്വം, മുത്തലാക്, ബാല വിവാഹം, ഹലാല എന്നിവ പൂര്‍ണമായും നിരോധിച്ചു. ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലടക്കം ജനിക്കുന്ന കുട്ടികള്‍ക്കും സ്വത്തില് തുല്യ അവകാശം ഉറപ്പാക്കും. വ്യക്തിയുടെ മരണശേഷം വില്പത്രം ഇല്ലെങ്കില്‍ മക്കള്‍, ഭാര്യ, മാതാപിതാക്കള്‍ എന്നിവര്‍ക്കായിരിക്കും തുല്യ അവകാശം.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ അവരുടെ മാതാപിതാക്കളെ അറിയിക്കും, സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നവരുടെ സുരക്ഷിതത്വം ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലിവ് ഇന്‍ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും എല്ലാ അവകാശങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
പൗരന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ആധാര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന, എഐയുടെ സഹായത്തോടെ 22 ഇന്ത്യന്‍ ഭാഷകളുടെ വിവര്‍ത്തനം, മറ്റ് 13 സേവനങ്ങള്‍ എന്നിവ പോര്‍ട്ടലില്‍ ലഭ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. തത്കാല്‍ സേവനത്തിന് കീഴില്‍ വേഗത്തിലുള്ള രജിസ്ട്രേഷനായി പ്രത്യേക ഫീസ് ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറയുന്നു.
ഉത്തരാഖണ്ഡിനും രാജ്യത്തിനും ചരിത്ര ദിനമാണിതെന്നും സംസ്ഥാനത്തെ മുഴുവന്‍ പൗരന്മാരുടേയും അവകാശങ്ങള്‍ തുല്യമായെന്നും പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. എല്ലാ മതങ്ങളിലേയും സ്ത്രീകള്‍ക്ക് തുല്യാവകാശം ലഭിച്ചിരിക്കുന്നുവെന്നും വിവേചനങ്ങള്‍ ഭരണഘടനാപരമായി ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.