ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎല്‍എമമാരും ബിജെപിയില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തില്‍ സജീവമാകുമെന്ന് രാജിവെച്ച എംഎല്‍എമാര്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎല്‍എമാരെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ചിദേവ ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേര്‍ക്കും ബിജെപി അംഗത്വം നല്‍കി.

വന്ദന ഗൗര്‍ (പാലം), രോഹിത് മെഹറൗലിയ (ത്രിലോക്പുരി), ഗിരീഷ് സോണി (മാദിപൂര്‍), മദന്‍ലാല്‍ ( കസ്തൂര്‍ബാ നഗര്‍), ബി.എസ്. ജൂണ്‍ (ബിജ്വാസന്‍), നരേഷ് യാദവ് (മെഹ്റോലി), പവന്‍ ശര്‍മ്മ ( ആദര്‍ശ് നഗര്‍) എന്നിവരാണ് ആംദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.പാര്‍ട്ടി വിട്ടവര്‍ കഴിഞ്ഞ ദിവസം അരവിന്ദ് കേജ്രിവാളിനും നിയമസഭാ സ്പീക്കര്‍ക്കും രാജിക്കത്ത് അയച്ചിരുന്നു.

സീറ്റ് നിഷേധിച്ച 8 എംഎല്‍എമാരുടെ രാജി കെജ്രിവാളിനെയും സംഘത്തെയും ആശങ്കയില്‍ ആക്കിയിരുന്നു. ഇതിനിടെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്.ഇത്തവണ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 20 സിറ്റിങ് എംഎല്‍എമാര്‍ക്ക് ആം ആദ്മി പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് എട്ട് എംഎല്‍എമാര്‍ രാജിവെച്ചത്. അതേസമയം, എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാര്‍ട്ടി വാദം. സ്ഥാനമോഹികള്‍ ആണ് പാര്‍ട്ടി വിട്ടതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

ഡല്‍ഹി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആം ആദ്മി പാര്‍ട്ടിക്ക് ഇരട്ട പ്രഹരമാണ് പാര്‍ട്ടി വിട്ട എംഎല്‍എമാരുടെ കൂടുമാറ്റം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കലഹിച്ച് അഞ്ചു ദിവസത്തിനിടെയാണ് എട്ടു എംഎല്‍എമാര്‍ രാജിവച്ചത്. തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

നരേഷ് യാദവിന് സിറ്റിംഗ് സീറ്റ് നല്‍കിയിരുന്നെങ്കിലും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി ഒഴിവാക്കിയിരുന്നു. നരേഷിന് പകരം മഹേന്ദര്‍ ചൗധരിയെ മെഹ്‌റോളി മണ്ഡലത്തില്‍ രംഗത്തിറക്കുകയും ചെയ്തു. കേജ്രിവാളില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നാണ്, പാലം മണ്ഡലത്തിലെ എം.എല്‍.എ ഭാവ്‌നാ ഗൗഡ് പ്രതികരിച്ചത്. പാര്‍ട്ടി അഴിമതിയുടെ ചതുപ്പില്‍ മുങ്ങിയെന്ന് നരേഷ് യാദവിന്റെ രാജിക്കത്തില്‍ പറയുന്നു.