ന്യൂഡല്‍ഹി: മയക്കുമരുന്നിലൂടെ സമ്പാദിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ആരെയും വെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്തില്ലെന്നാണ് തങ്ങളുടെ സര്‍ക്കാരിന്റെ നയമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. മോദി സര്‍ക്കാരിന്റെ കാലത്ത് 1.25 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ലഹരിക്കെതിരായ പോരാട്ടം തുടരും. ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകളുമായി പ്രവര്‍ത്തിച്ച് ഇതിനകംതന്നെ ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. കറുപ്പ് കൃഷി കണ്ടെത്തുന്നതിന് ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക സഹായം ഉപയോഗുപ്പെടുത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നയമാണെന്നും അമിത് ഷാ പറഞ്ഞു.

'കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 14,000 കോടി രൂപയിലധികം വിലമതിക്കുന്ന 23,000 കിലോഗ്രാം സിന്തറ്റിക് ലഹരിവസ്തുക്കള്‍ നശിപ്പിച്ചു. അഫ്ഗാനിസ്താനില്‍ നിന്ന് ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് അയയ്ക്കുന്നു, ഗുജറാത്തില്‍ എന്തിനാണ് മയക്കുമരുന്ന് പിടിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു ... മറ്റ് സംസ്ഥാനങ്ങളിലും ഇത് പിടിക്കണം. ഒരു കിലോ മയക്കുമരുന്നും ഇന്ത്യയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ അനുവദിക്കില്ല'അമിത് ഷാ പറഞ്ഞു.

മാദി അധികാരത്തില്‍ വന്നതിനുശേഷം, പുല്‍വാമ ആക്രമണത്തിന് 10 ദിവസത്തിനുള്ളില്‍ മറുപടി നല്കാന്‍ സാധിച്ചു. പാകിസ്ഥാനില്‍ കയറി ആക്രമണം നടത്തി. അതിര്‍ത്തികളും സൈന്യത്തെയും സംരക്ഷിക്കാന്‍ എപ്പോഴും തയ്യാറായ രണ്ട് രാജ്യങ്ങള്‍ മാത്രമേയുള്ളൂ, ഇസ്രായേലും അമേരിക്കയും. ഇപ്പോള്‍ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ പേര് കൂടി ഈ പട്ടികയില്‍ ചേര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദികളോടൊപ്പം ചേരുന്ന ഇന്ത്യന്‍ യുവാക്കളുടെ എണ്ണം പൂജ്യമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു. ജമ്മു കാശ്മീരില്‍ ഭീകരവാദികളുടെ ബന്ധുക്കളെ സര്‍ക്കാര്‍ ജോലികളില്‍നിന്നും പിരിച്ചുവിട്ട് ശക്തമായ സന്ദേശം നല്‍കി. ബാര്‍ കൗണ്‍സിലിലടക്കം ഭീകരവാദികളുടെ ബന്ധുക്കള്‍ കേസ് നടപടികള്‍ പോലും തടഞ്ഞു. ഇത്തരം നടപടികളെല്ലാം അവസാനിപ്പിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പൊതു ഇടത്തിലെ കല്ലേറില്‍ ആളുകള്‍ മരിക്കുന്ന സ്ഥിതിയില്‍നിന്നും മാറി കല്ലേറ് ഇല്ലാതാക്കിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം മാര്‍ച്ചില് രാജ്യത്ത് നിന്നും മാവോയിസം തുടച്ചുനീക്കുമെന്നും രാജ്യസഭയില്‍ അമിത് ഷാ അവകാശപ്പെട്ടു. പത്ത് വര്‍ഷത്തെ പ്രയത്‌നമാണിതെന്നും ഇതിനായി ഊണും ഉറക്കവും ത്യജിച്ച് പ്രയത്‌നിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങളെന്നും ഷാ കൂട്ടിച്ചേര്‍ത്തു.