- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യ അലയന്‍സിനെക്കാള്‍ മൂന്നുമടങ്ങ് ഫണ്ട് മോദി സര്‍ക്കാര്‍ തമിഴ്നാടിനു നല്കി; ഒരു കാരണവുമില്ലാതെ കരയുന്ന ശീലമുള്ളവരുണ്ട്; അവര്‍ കരഞ്ഞുകൊണ്ടേയിരിക്കും'; എംകെ സ്റ്റാലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
എംകെ സ്റ്റാലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിന് അനുവദിക്കുന്ന ഫണ്ടിലെ അപര്യാപ്തത സംബന്ധിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലര്‍ക്ക് ഒരു കാരണവുമില്ലാതെ കരയുന്ന ശീലമുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാമേശ്വരത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വികസനത്തിനായി മുന്‍ സര്‍ക്കാരിനേക്കാള്‍ മൂന്നിരട്ടി പണം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യ വികസനം തങ്ങളുടെ മുന്‍ഗണന വിഷയങ്ങളിലൊന്നായിരുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രം സംസ്ഥാനത്തിനു നല്‍കിയ വിവിധ പദ്ധതികള്‍ ചൂണ്ടികാട്ടുകയായിരുന്നു മോദി.
'തമിഴ്‌നാടിന്റെ അടിസ്ഥാന സൗകര്യ വികസത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ സംസഥാനത്തിന്റെ റെയില്‍ ബജറ്റ് ഏഴുമടങ്ങായി വര്‍ധിപ്പിച്ചു. ഇത്രയും വളര്‍ച്ചയുണ്ടായിട്ടും ചിലര്‍ അതൊന്നും അംഗീകരിക്കാതെ കുറ്റം പറയുകയാണ്.' മോദി പറഞ്ഞു.
2014 നു മുമ്പ് 900 കോടിയാണ് തമിഴ്‌നാടിന്റെ റെയില്‍ ബജറ്റിനായി അനുവദിച്ചിരുന്നത്. എന്നാല്‍ അതിനു ശേഷം 6000 കോടിയായി അത് വര്‍ധിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 77 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവത്കരിക്കാനുള്ള ഗവണ്‍മെന്റിന്റെ പദ്ധതികളില്‍ ഒന്ന് രാമേശ്വരത്താണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയിലൂടെ 4000 കിലോമീറ്റര്‍ വരുന്ന ഗ്രാമീണ റോഡുകളും ഹൈവേകളും തമിഴ്‌നാട്ടില്‍ പണിതിട്ടുണ്ട്.
തമിഴ്‌നാട്ടിലെ പാവപ്പെട്ടവര്‍ക്ക് 12 ലക്ഷത്തോളം വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്നും ചെന്നൈ മെട്രോ തമിഴ്‌നാട് ജനതയുടെ യാത്രാ സൗകര്യം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് തമിഴ്‌നാടിന് വലിയ പങ്കുണ്ടെന്നും തമിഴ്‌നാടിന്റെ ശേഷി വികസനത്തിലൂടെ രാജ്യത്തും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസിത ഇന്ത്യയുടെ യാത്രയില്‍ തമിഴ്നാടിന് വളരെ വലിയ പങ്കുണ്ട്. തമിഴ്നാട് കൂടുതല്‍ ശക്തമാകുന്തോറും ഇന്ത്യ വേഗത്തില്‍ വളരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 2014 നെ അപേക്ഷിച്ച് കഴിഞ്ഞ 10 വര്‍ഷത്തിനിടെ, കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടിന്റെ വികസനത്തിനായി മൂന്നിരട്ടി പണം അനുവദിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ചില ആളുകള്‍ക്ക് ഒരു കാരണവുമില്ലാതെ കരയുന്ന ശീലമുണ്ട്. അവര്‍ കരഞ്ഞുകൊണ്ടേയിരിക്കും. പ്രധാനമന്ത്രി പറഞ്ഞു.
2014 ന് മുമ്പ്, റെയില്‍വേ പദ്ധതികള്‍ക്കായി എല്ലാ വര്‍ഷവും 900 കോടി രൂപ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഈ വര്‍ഷം, തമിഴ്നാടിന്റെ റെയില്‍വേ ബജറ്റ് 6,000 കോടി രൂപയില്‍ കൂടുതലായിരുന്നു, കൂടാതെ രാമേശ്വരത്തെ റെയില്‍വേ സ്റ്റേഷനുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ ഇവിടെ 77 റെയില്‍വേ സ്റ്റേഷനുകളും നവീകരിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആവശ്യമായ ഫണ്ട് അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനെ വഞ്ചിച്ചുവെന്നും സംസ്ഥാനം വളരുകയാണെന്ന വസ്തുത കേന്ദ്രത്തിന് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. സംസ്ഥാന ബജറ്റിലും കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി തിരിച്ചടിച്ചത്.