ചെന്നൈ: വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ നടന്‍ വിജയ്. പുതിയ നിയമം മുസ്‌ലിങ്ങള്‍ക്ക് എതിരാണെന്നും താന്‍ എന്നും മുസ്ലിങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്നും വിജയ് പ്രതികരിച്ചു. എക്‌സിലാണ് വിജയ് പ്രതികരണം പങ്കുവച്ചത്.

അതേസമയം നടനും ടിവികെ പാര്‍ട്ടി അദ്ധ്യക്ഷനുമായ വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷന്‍ മൗലാന ഷഹാബുദ്ധീന്‍ റസ്വി ആണ് ഫത്വ പുറപ്പെടുവിച്ചത്. പ്രധാനമായും രണ്ടുകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിജയ്ക്കെതിരെ നടപടി. നടന്റെ സിനിമകളില്‍ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നതാണ് ഒരു കാരണം. മറ്റൊന്ന്, വിജയ് നടത്തിയ ഇഫ്താര്‍ പാര്‍ട്ടിയില്‍ 'കുടിയന്മാര്‍' ഉണ്ടായിരുന്നു എന്നതാണ്. ഈ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ നടപടി.

'മദ്യപാനികളെയും ചൂതാട്ടക്കാരെയും ഇഫ്താറിലേക്ക്' ക്ഷണിക്കുന്നത് നിയമവിരുദ്ധവും പാപവുമാണെന്ന് പ്രഖ്യാപിച്ചതിനൊപ്പം തമിഴ്നാട്ടിലെ മുസ്ലീങ്ങള്‍ അവരുടെ മത പരിപാടികളില്‍ വിജയിയെ പങ്കെടുപ്പിക്കരുതെന്നും നിര്‍ദേശിച്ചു. രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ വിജയ് ദളപതി മുസ്ലീം വികാരങ്ങള്‍ ഉപയോഗിച്ചുവെന്നും മൗലാന റസ്വി പറഞ്ഞു. 'ദ ബീസ്റ്റ്' എന്ന സിനിമയില്‍ അദ്ദേഹം മുസ്ലീങ്ങളെയും മുഴുവന്‍ മുസ്ലീം സമൂഹത്തെയും ഭീകരതയുമായും തീവ്രവാദവുമായും ബന്ധിപ്പിച്ചിരിക്കുന്നു. സിനിമയില്‍, ദളപതി മുസ്ലീങ്ങളെ 'രാക്ഷസന്മാരും' 'പിശാചുക്കളും' ആയി കാണിക്കാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ച് വോട്ട് ആഗ്രഹിക്കുന്നതിനാല്‍, അദ്ദേഹം മുസ്ലീം പ്രീണനം നടത്തുകയാണ്.'