ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഓരോ ഭാരതീയനും അഭിമാനിക്കാമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഭീകരതയ്ക്കായി ഒന്നിച്ചു. ഭീകരതയെ തുടച്ചു നീക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

അതിര്‍ത്തി കടന്നു നമ്മുടെ സൈനികര്‍ ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ ആത്മവിശ്വാസത്തിനൊപ്പം ആവേശവും നല്‍കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ കേവലം സൈനിക ദൗത്യമല്ല. നമ്മുടെ ദൃഢനിശ്ചയത്തിന്റെയും ധൈര്യത്തിന്റെയും മാറുന്ന ഭാരതത്തിന്റെയും ചിത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സായുധസേനയ്ക്ക് ആദരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തിരംഗ യാത്ര യില്‍ ത്രിവര്‍ണ്ണ പതാകയേന്തി രംഗത്തെത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരുകാലത്ത് മാവോയിസം ഉണ്ടായിരുന്നിടത്ത് ഇന്ന് വികസനവും വിദ്യാഭ്യാസവും മുന്നേറുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ മന്‍ കി ബാത്താണിത്. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തെ ജനങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും നിരവധി കുടുംബങ്ങള്‍ ഇത് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ കതിഹാര്‍, യുപിയിലെ കുശിനഗര്‍, മറ്റ് പല നഗരങ്ങളിലും ആ കാലയളവില്‍ ജനിച്ച കുട്ടികള്‍ക്ക് 'സിന്ദൂര്‍' എന്ന് പേര് നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തെ ഓരോ കുടുംബങ്ങളിലുമെത്തിയെന്നും അദ്ദേഹം പറഞ്ഞു. അഭിമാനാര്‍ഹമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നക്‌സല്‍ ബാധിത മേഖലകളില്‍ വികസനമെത്തിക്കാന്‍ നടപടി തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു .മാവോയിസ്റ്റ് ആക്രമണം മൂലം ബസ് ഗതാഗതം മുടങ്ങിയ മഹാരാഷ്ട്രയിലെ കടേഛാരി ഗ്രാമം ഇതിന് ഉദാഹരണമാണ്. നക്‌സല്‍ വിരുദ്ധ ഓപ്പറേഷനുകള്‍ക്ക് ശേഷം ഇവിടേക്ക് ആദ്യത്തെ ബസ് സര്‍വീസ് നടത്തി. മേഖലയിലെ ജനങ്ങളുടെ സമാധാനം ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു