ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സെപ്റ്റംബര്‍ 9നാണ് വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് തെരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് ഉണ്ടാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. 2ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇരുപത്തിയഞ്ചാണ്. വോട്ടെടുപ്പ് ദിവസമായ സെപ്തംബര്‍ ഒന്‍പതിനുതന്നെ ഫലപ്രഖ്യാപനവും നടക്കും.

ജഗദീപ് ധന്‍കറിന്റെ നാടകീയ രാജിക്ക് പിന്നാലെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി വെച്ചത്. മെഡിക്കല്‍ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, കാരണം വ്യക്തമാക്കാതെയുള്ള രാജിക്കു പിന്നാലെ പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിവന്നിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു ആദ്ദേഹം രാജി സമര്‍പ്പിച്ചത്. ഇത് പല രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തിരുന്നു.