- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിലെ ഭൂകമ്പബാധിതര്‍ക്ക് അതിവേഗം സഹായമെത്തിച്ച് ഇന്ത്യ; 15 ടണ്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും 1,000 ടെന്റുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എത്തിക്കും; അഫ്ഗാനൊപ്പം ഇന്ത്യയുണ്ടാകുമെന്ന് എസ്. ജയശങ്കര്‍
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അതിവേഗം സഹായം എത്തിച്ച് ഇന്ത്യ. ദുരന്തബാധിതര്‍ക്ക് ആദ്യ ഘട്ടമെന്നോണം താത്കാലികമായി താമസിക്കുവാനായി 1,000 ടെന്റുകളാണ് ഇന്ത്യ എത്തിച്ചത്. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ആവശ്യക്കാര്‍ക്ക് മരുന്നുകളും മറ്റും എത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യയില്‍ നിന്ന് ചൊവ്വാഴ്ചയോടെ അഫ്ഗാനിസ്താനിലെത്തിക്കും. വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് എക്സിലൂടെ ഇന്ത്യ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പങ്കുവെച്ചത്.
'അഫ്ഗാന്‍ വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന്‍ മുതാഖിയുമായി ഇന്ന് സംസാരിച്ചു. ഭൂചലനങ്ങളിലുണ്ടായ മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ 1000 ഫാമിലി ടെന്റുകള്‍ ഇന്ന് കാബൂളിലെത്തിച്ചതായി അദ്ദേഹത്തെ അറിയിച്ചു. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കൂടുതല്‍ ദുരിതാശ്വാസ സാമഗ്രികള്‍ നാളെമുതല്‍ ഇന്ത്യയില്‍നിന്ന് അയച്ചുതുടങ്ങും. പരിക്കേറ്റവര്‍ എത്രയുംവേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ പ്രതികൂല സാഹചര്യത്തില്‍ അഫ്ഗാനിസ്താനൊപ്പം ഇന്ത്യയുണ്ടാകും', എസ്. ജയശങ്കര്‍ എക്സില്‍ കുറിച്ചു.
അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കര്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയത് അഫ്ഗാനിസ്താനിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ അഫ്ഗാനിസ്താനിലെ ദുരിതബാധിതരെ സഹായിക്കുന്നതില്‍ എസ്. ജയശങ്കറിന് മുതാഖി നന്ദി അറിയിച്ചു. ആവശ്യക്കാര്‍ക്ക് കൃത്യസമയത്ത് തന്നെ സഹായങ്ങള്‍ എത്തിക്കുമെന്ന് മുതാഖി എസ്. ജയശങ്കറിന് ഉറപ്പുനല്‍കി.
അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രി 11.46 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഏറ്റവുമൊടുവിലെ കണക്കുകള്‍പ്രകാരം ഭൂചലനത്തില്‍ 800 പേര്‍ മരിച്ചതായും 2,800 പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.