ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ രാഹുല്‍ ഗാന്ധിയുടെ വോട്ട് കവര്‍ച്ച ആരോപണവും 'ഹൈഡ്രജന്‍ ബോംബ് ഭീഷണി'യും നനഞ്ഞ പടക്കമാകുമോ? ദേശീയ രാഷ്ട്രീയരംഗത്ത് വലിയ ചര്‍ച്ചയായ ആരോപണങ്ങള്‍ക്ക് തിരിച്ചടിയായി ബിജെപി നേതൃത്വം രംഗത്ത് വന്നുകഴിഞ്ഞു. കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയ്ക്കെതിരെയുള്ള തെളിവുകളുമായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തിക്കഴിഞ്ഞു. പവന്‍ ഖേരയ്ക്ക് രണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടൈന്ന് തെളിയിക്കുന്ന രേഖയുമായാണ് മാളവ്യയുടെ കോണ്‍ഗ്രസിനെതിരെയുള്ള ആക്രമണം. കോണ്‍ഗ്രസാണ് വോട്ട് കവര്‍ച്ചയില്‍ മികച്ച നിലയിലെന്നും മാളവ്യ പരിഹസിച്ചു. വോട്ട് കവര്‍ച്ചയില്‍ കോണ്‍ഗ്രസാണ് മുന്നിലെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്.

ജംഗ്പുര, ന്യൂഡല്‍ഹി എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഖേരയുടെ പേര് ഉള്‍പ്പെടുന്നതായി സൂചിപ്പിക്കുന്ന രേഖകളാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ മാളവ്യ പങ്കുവെച്ചത്. 'വോട്ട് കവര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി പുരപ്പുറത്ത് കയറി കൂവിവിളിച്ചു... ഗാന്ധിമാരുമായി അടുത്ത ബന്ധം പുലര്‍ത്താനുള്ള ഒരു സന്ദര്‍ഭവും പാഴാക്കാത്ത ഖേരയ്ക്കാകട്ടെ രണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ട്', മാളവ്യ ട്വീറ്റ് ചെയ്തു. ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് മാളവ്യ ആവശ്യപ്പെട്ടു.

നേരത്തെ വോട്ടര്‍ ഐഡി കാര്‍ഡിന്റെ പേരില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും മാളവ്യ ആരോപണമുന്നയിച്ചിരുന്നു. സോണിയ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്നുകൊല്ലം മുന്‍പ് തന്നെ സോണിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരുന്നുവെന്നായിരുന്നു മാളവ്യയുടെ ആരോപണം.

'കോണ്‍ഗ്രസാണ് വോട്ട് കവര്‍ച്ചയില്‍ മുന്നില്‍. അതുകൊണ്ടാണ് അവര്‍ എല്ലാവരേയും ഒരേ തരത്തില്‍ കാണുന്നത്. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ കോണ്‍ഗ്രസ് മാറ്റങ്ങള്‍ വരുത്തി. അനധികൃത നുഴഞ്ഞുകയറ്റക്കാരേയും ഇന്ത്യക്കാരല്ലാത്തവരേയും ഇന്ത്യക്കാരാക്കി. രാഹുല്‍ ഗാന്ധി നമ്മുടെ ജനാധിപത്യത്തിന് ആപത്താണ് എന്ന് തിരിച്ചറിയേണ്ട സമയമാണിത്', മാളവ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വോട്ടര്‍ പട്ടികയുടെ സമഗ്രത നിലനിര്‍ത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്ന് മാളവ്യ ഈ പ്രതികരണത്തിലൂടെ സമ്മതിച്ചിരിക്കുകയാണെന്ന് പവന്‍ ഖേര എക്‌സില്‍ പ്രതികരിച്ചു. ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമത്തിനിടെ എനിക്കെതിരേ അമിത് മാളവ്യ നടത്തിയ നീക്കം അദ്ദേഹത്തിനുതന്നെ തിരിച്ചടിയായി. അദ്ദേഹത്തിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷനേത്തന്നെയാണ് പ്രതിക്കൂട്ടിലാക്കുന്നതെന്നും പവന്‍ ഖേര കുറിപ്പില്‍ പറയുന്നു.