- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഐപി യാത്രയ്ക്കായി ഹെലികോപ്ടറും ജെറ്റ് വിമാനവും വാങ്ങാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍; ഉടന്‍ ടെന്‍ഡര്‍ വിളിക്കും; വയറ് കാലിയാണെങ്കിലും മുടിയില്‍ മുല്ലപ്പൂവെന്ന് ബിജെപി
ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിക്കിടെ വിഐപി യാത്രക്കായി ഹെലികോപ്റ്ററും ജെറ്റ് വിമാനവും വാങ്ങാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം വിവാദത്തില്‍. കര്‍ണാടക സര്‍ക്കാര്‍ നിലവില്‍ വിഐപി യാത്രക്കായി ഹെലികോപ്റ്ററുകളും സ്വകാര്യ ജെറ്റുകളും വാടകയ്ക്ക് എടുക്കുകയാണ്. ഇതൊഴിവാക്കാനാണ് സ്വന്തമായി വിമാനം വാങ്ങാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 5 സീറ്റര്‍ ഹെലികോപ്റ്ററും 13 സീറ്റര്‍ ജെറ്റും വാങ്ങാനാണ് തീരുമാനം.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്നും പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ പണമില്ലെന്നും പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ല. ഇതിനിടെയാണ് വിഐപി യാത്രയ്ക്കായി വിമാനവും ഹെലികോപ്ടറും വാങ്ങാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
വിഐപി വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടന്‍ തന്നെ ഇതിനുള്ള ടെന്‍ഡര്‍ വിളിക്കും. ഒരു ഹെലികോപ്റ്ററും പ്രത്യേക വിമാനവും വാങ്ങുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി എന്നെയും ഏതാനും മന്ത്രിമാരെയും ഏല്‍പ്പിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് പഠിച്ച് തീരുമാനമെടുക്കും. എച്ച്എഎല്ലുമായും (ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്) ഞങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ശിവകുമാര്‍ പറഞ്ഞു.
അതേസമയം, വിമര്‍ശനവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. വയറ് കാലിയാണെങ്കിലും മുടിയില്‍ മുല്ലപ്പൂവെന്ന അവസ്ഥയാണെന്നും വികസനത്തിന് പണമില്ലാത്ത സര്‍ക്കാര്‍ ആഡംബരത്തിനായി പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ജീവന്‍ മരണ സാഹചര്യങ്ങളില്‍ പോരാടുന്ന രോഗികളിലേക്ക് കൃത്യസമയത്ത് എത്തുന്നില്ല. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള അടിസ്ഥാന പെന്‍ഷന്‍ പോലും അവര്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല. ഇത്രയും ദയനീയമായ സാമ്പത്തിക സ്ഥിതിയില്‍ ഹെലികോപ്റ്ററും ജെറ്റും വാങ്ങുന്നത് അസംബന്ധമാണെന്ന് ബിജെപി മേധാവി വിജയേന്ദ്ര ആരോപിച്ചു.