- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്തുമാത്രമേ പ്രയോഗിക്കു'; രാഹുല്‍ ലക്ഷ്യമിടുന്നത് വാരാണസി തിരഞ്ഞെടുപ്പ് വിജയത്തിനായി മോദി വഞ്ചന കാണിച്ചുവെന്ന് അജയ് റായ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെ പിടിച്ചുലച്ച രാഹുല്‍ ഗാന്ധിയുടെ 'ആറ്റംബോബി'നു പിന്നാലെ പ്രഖ്യാപിച്ച ഹൈഡ്രജന്‍ ബോംബ് എവിടെ പൊട്ടിക്കുമെന്ന കാത്തിരിപ്പിലാണ് ദേശീയ രാഷ്ട്രീയം. ബിഹാറിലെ പട്‌നയില്‍ കഴിഞ്ഞ ദിവസം സമാപിച്ച വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന റാലിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ആറ്റംബോബിനു ശേഷം, ഇനി ഹൈഡ്രജന്‍ ബോംബ് പൊട്ടുമെന്ന് രാഹുല്‍ മുന്നറിയിപ്പു നല്‍കിയത്.
വരാനിരിക്കുന്ന രാഷ്ട്രീയ നീക്കത്തിന്റെ സൂചന നല്‍കിയിരിക്കുകയാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും വരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിര്‍ സ്ഥാനാര്‍ഥിയുമായ അജയ് റായ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഹൈഡ്രജന്‍ ബോംബ് പൊട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലായിരിക്കുമെന്നും, വാരാണസിയിലെ മോദിയുടെ വോട്ട് മോഷണം തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിനാശകരമായ ഹൈഡ്രജന്‍ ബോംബ് ഏറ്റവും സുപ്രധാനമായ മണ്ഡലത്തിലായിരിക്കും പൊട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2024 ജൂണ്‍ നാലിന് വോട്ടണ്ണല്‍ ദിനത്തില്‍ ഉച്ച ഒരു മണിക്കു ശേഷം വാരാണസിയില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തും. വിജയിക്കനായി മോദി ചതിച്ചുവെച്ചും റായ് പറഞ്ഞു. താന്‍ മുമ്പു നടത്തിയ വാര്‍ത്താസമ്മേളനം ആറ്റം ബോംബ് ആയിരുന്നെങ്കില്‍ അതിലും വലിയ ഹൈഡ്രജന്‍ ബോംബ് കൈവശുണ്ടെന്നായിരുന്നു രാഹുലിന്റെ അവകാശവാദം.
'ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ ഞാനത് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചതാണ്. ഇപ്പോള്‍, അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജന്‍ ബോംബ്. നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടും. ആ ഹൈഡ്രജന്‍ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല.' - എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട വരാണസിയില്‍ കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. 2014ല്‍ 56 ശതമാനം വോട്ടും, 2019ല്‍ 63 ശതമാനവും നേടിയ മോദിക്ക് 2024ല്‍ 54 ശതാമനം വോട്ടേ നേടാന്‍കഴിഞ്ഞുള്ളൂ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ മോദി പിന്നിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അജയ് റായിയുടെ കുതിപ്പിനായിരുന്നു വാരാണസി സാക്ഷിയായത്. വോട്ടെണ്ണലിനിടെ മണിക്കൂറുകളോളം വാരാണസിയിലെ ഫലമൊന്നും പുറത്തുവരാതെ അനിശ്ചിതത്വ നിലനിന്നതും ശ്രദ്ധേയമായിരുന്നു. പിന്നീടാണ് മോദി ലീഡ് പിടിച്ചു തുടങ്ങിയത്. 1.52 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനായിരുന്നു മോദിയുടെ ജയം. 2014ല്‍ ഭൂരിപക്ഷം 3.71 ലക്ഷവും 2019ല്‍ 4.79 ലക്ഷവുമായിരുന്നു മോദിയുടെ ലീഡ്.
രാഹുല്‍ ഗാന്ധി കള്ളവോട്ട് ആരോപണമുയര്‍ത്തിയ മഹാദേവപുരയില്‍ ബിജെപിയുടെ ഭൂരിപക്ഷമുയര്‍ന്നത് അസ്വാഭാവികമായ രീതിയിലെന്നുള്ള കണക്കുകള്‍ പുറത്തുവന്നിരുന്നു. ബെംഗളൂരു ലോക്സഭാ മണ്ഡലം രൂപംകൊണ്ട 2009 മുതല്‍ ബിജെപിക്കാണ് മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ മുന്‍തൂക്കമുണ്ടെങ്കിലും കോണ്‍ഗ്രസും തൊട്ടുപുറകില്‍ സാന്നിധ്യമറിയിക്കാറുണ്ട്.
കര്‍ണാടകയിലെ 16 ലോക്സഭ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഒന്‍പത് എണ്ണത്തിലാണ് ജയിച്ചതെന്നാണ് രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയതെന്നും വിശദീകരിച്ചു. അപ്രതീക്ഷിത തോല്‍വിയുണ്ടായ ഏഴുമണ്ഡലങ്ങളില്‍ ഒന്നായ ബെംഗളൂരു സെന്‍ട്രലിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ പരിശോധന നടത്തി. ഇതിലാണ് വോട്ടുമോഷണത്തിന്റെ ഞെട്ടിക്കുന്നവിവരം കണ്ടെത്തിയതെന്നും വ്യക്തമാക്കി.