- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാ എന്‍ഡിഎ എംപിമാര്‍ക്കും കര്‍ശന നിര്‍ദേശം; സുരേഷ് ഗോപിയും ഡല്‍ഹിയിലെത്തി; ഇന്ത്യാസഖ്യത്തിന്റെ പരിശീലനവും ഇന്ന്
എന്‍ഡിഎ എംപിമാര്‍ക്കുള്ള പരിശീലന പരിപാടി
ന്യൂഡല്‍ഹി: നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍ഡിഎ എംപിമാര്‍ക്കായുള്ള പരിശീലന പരിപാടി ഡല്‍ഹിയില്‍ തുടരുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സഖ്യത്തിലെ എംപിമാര്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി രാത്രി വരെ പങ്കെടുത്ത പരിപാടിയില്‍, എത്താതിരുന്ന എംപിമാരോടടക്കം ഇന്ന് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ശന നിര്‍ദേശമാണ് ബിജെപി-എന്‍ഡിഎ നേതൃത്വത്തില്‍ നിന്ന് എംപിമാര്‍ക്ക് ലഭിച്ചിരിക്കുന്നത്. നാളെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ പ്രാധാന്യമാണ് ഇന്നത്തെ പരിശീലന പരിപാടിക്കുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിശീലനത്തില്‍ ഭാഗമാകുന്നതിന്റെ ചിത്രങ്ങള്‍ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എംപിമാരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള വേദികൂടിയായിരുന്നു യോഗം. സമൂഹമാധ്യമ ഉപയോഗം, പാര്‍ലമെന്റിലെ നടപടിക്രമങ്ങള്‍ എന്നിവയിലും പരിശീലനം നല്‍കി. ഇതിനൊപ്പം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെക്കുറിച്ചും ബോധവല്‍ക്കരിച്ചു.
ഇന്നലെ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെയും ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. അദ്ദേഹവും ഇന്ന് പരിപാടിയില്‍ പങ്കെടുക്കും. തങ്ങളുടെ ലോക്സഭാ മണ്ഡലങ്ങളില്‍ ടിഫിന്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ എല്ലാ ബിജെപി എംപിമാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ഡലങ്ങളിലെ വിഷയങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ഓരോ മാസവും ഇത്തരം യോഗങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പാര്‍ലമെന്റില്‍ കൂടുതല്‍ സജീവമായി ഇടപെടണമെന്നും സഭാ സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി വകുപ്പ് മന്ത്രിമാരെ കാണണമെന്നും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഉദ്യോഗസ്ഥരോട് ബഹുമാനത്തോടെ പെരുമാറണമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ പ്രാധാന്യം ഗ്രാമീണ മേഖലകളിലേക്ക് അടക്കം എത്തിക്കാനും ഡിജിറ്റല്‍ സാക്ഷരത ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നും എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാസഖ്യത്തിന്റെ പരിശീലനം ഇന്നാണു നടക്കുന്നത്. ഇന്ത്യാസഖ്യത്തിലെ എംപിമാര്‍ക്കു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് അത്താഴവിരുന്നും ഒരുക്കുന്നുണ്ട്.